- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്ക്; തെളിവുകൾ ഫൈവ് ഐസ് കൈമാറി; ട്രൂഡോ പ്രസ്താവന നടത്തിയത് സഖ്യത്തിൽ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ചെന്ന് കാനഡയിലെ യു.എസ് അംബാസിഡർ
വാഷിങ്ടൺ: ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് മേൽ അമേരിക്കൻ സമ്മർദ്ദം. കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച തെളിവുകൾ ഫൈവ് ഐസ് അംഗങ്ങൾക്കിടയിൽ പങ്കുവെക്കപ്പെട്ടെന്ന് കാനഡയിലെ യു.എസ് അംബാസിഡർ ഡേവിഡ് കോഹൻ വെളിപ്പെടുത്തി. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന സൂചനകൾ നൽകുന്ന തെളിവുകളാണ് കൈമാറിയതെന്നാണ് കോഹൻ പറയുന്നത്.
ആസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, യു.കെ, യു.എസ് എന്നീ രാജ്യങ്ങൾ തമ്മിൽ രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതിനായി രുപീകരിച്ച സഖ്യമാണ് ഫൈവ് ഐസ്. സഖ്യത്തിൽ നിന്നും കൈമാറി കിട്ടിയ വിവരങ്ങൾ ഉപയോഗിച്ചാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ പാർലമെന്റിൽ പ്രസ്താവന നടത്തിയതെന്ന് സി.ടി.വി ന്യൂസിന് നൽകിയ അഭിമുഖത്തിൽ കോഹൻ പറഞ്ഞു.
ജസ്റ്റിൻ ട്രൂഡോ ഉയർത്തിയ ആരോപണങ്ങളിൽ ആശങ്കയുണ്ടെന്നും സ്ഥിതി യു.എസ് സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ പ്രതികരിച്ചതിന് പിന്നാലെയാണ് കോഹന്റേയും ഇക്കാര്യത്തിലെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. നേരത്തെ കൊലപാതകത്തിലെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ പങ്കിനെ കുറിച്ചുള്ള വിവരങ്ങൾ ആഴ്ചകൾക്ക് മുമ്പ് തന്നെ ഇന്ത്യക്ക് നൽകിയെന്ന് ജസ്റ്റിൻ ട്രൂഡോ നിലപാടെടുത്തിരുന്നു.
അതേസമയം, കാനഡയിലുള്ള ഖാലിസ്താൻ വിഘടനവാദി നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതുൾപ്പടെയുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. അതേസമയം ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ചു 'വിശ്വസനീയമായ ആരോപണങ്ങളുടെ' വിവരങ്ങൾ ഇന്ത്യൻ സർക്കാരിന് ആഴ്ചകൾക്കു മുൻപേ നൽകിയെന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ പങ്കിനെക്കുറിച്ചു നാലാം തവണയാണ് ട്രൂഡോ ആരോപണം ആവർത്തിക്കുന്നത്.
കൊലപാതകത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചാണ് ട്രൂഡോ സൂചിപ്പിച്ചതെങ്കിലും 'തെളിവുകൾ' എന്നതിനു പകരം 'വിശ്വസനീയമായ ആരോപണങ്ങൾ' എന്നാണ് പ്രയോഗിച്ചത്. അതേസമയം വ്യക്തമായ തെളിവുകളോ വിവരങ്ങളോ കാനഡ ഇതുവരെ പങ്കുവച്ചിട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. എന്തെങ്കിലും വിവരങ്ങൾ ലഭ്യമാക്കിയാൽ പരിശോധിക്കാമെന്നാണ് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞത്.
കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെട്ട ആശയവിനിമയത്തിന്റെ വിവരങ്ങൾ കാനഡയുടെ പക്കലുണ്ടെന്ന് അവിടത്തെ മാധ്യമമായ 'സിബിസി ന്യൂസ്' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെ നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ യു.എസിലുള്ള ഖലിസ്താനി നേതാക്കൾക്ക് എഫ്.ബി.ഐ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടും പുറത്തുവന്നു. ജീവൻ അപകടത്തിലാവാമെന്ന മുന്നറിയിപ്പ് എഫ്.ബി.ഐ ഇവർക്ക് നൽകിയെന്ന് ഇന്റർസെപ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ എഫ്.ബി.ഐ ഉദ്യോഗസ്ഥർ ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്നാണ് അമേരിക്കൻ സിഖ് കമിറ്റിയുടെ കോർഡിനേറ്ററായ പ്രിത്പാൽ സിങ്ങിന്റെ വെളിപ്പെടുത്തൽ. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജൂണിൽ എഫ്.ബി.ഐയുടെ രണ്ട് സ്പെഷ്യൽ ഏജന്റുമാർ കാണാനെത്തി ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞു. എവിടെ നിന്നാണ് ഭീഷണിയെന്ന് വ്യക്തമാക്കിയില്ല. പക്ഷേ തന്നോട് കരുതലെടുക്കാൻ അവർ നിർദ്ദേശിച്ചുവെന്നും പ്രിത്പാൽ സിങ് പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ എഫ്.ബി.ഐയിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
അതേസമയം, നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ തനിക്കും സമാനമായ മുന്നറിയിപ്പ് ലഭിച്ചുവെന്ന് കാനഡയിലെ ബ്രിട്ടീഷ് കൗൺസിൽ ഗുരുദ്വാര കൗൺസിൽ വക്താവ് മൊനിന്ദർ സിങ്ങും പറഞ്ഞു. കാനഡയിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റേതാണ് മുന്നറിയിപ്പ്. അതേസമയം, നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്ന് ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുകയാണ്. യു.എസ് അടക്കമുള്ള രാജ്യങ്ങൾ കാനഡയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം ഖലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ ഇന്ത്യയെ ലാക്കാക്കി നിരവധി ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി ഇന്റലിജൻസ് രേഖകളിലൂടെ വ്യക്തമായി. 1980 കൾ മുതൽ തന്നെ നിജ്ജർ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞു. നന്നേ ചെറുപ്പത്തിലേ പഞ്ചാബിലെ പ്രാദേശിക ഗൂണ്ടകളുമായി ബന്ധമുണ്ടായിരുന്നു. 1996 ൽ കള്ള പാസ്‌പോർട്ടിലാണ് കാനഡയിലേക്ക് മുങ്ങിയത്. അവിടെ ഒരു ട്രക്ക് ഡ്രൈവറായി ഒതുങ്ങി കഴിഞ്ഞു. പിന്നീട് പാക്കിസ്ഥാനിലേക്ക് ആയുധ-സ്‌ഫോടക വസ്തു ഉപയോഗ പരിശീലനത്തിനായി പോയി. കാനഡയിൽ അഭയാർഥിയായി ഇരുന്നുകൊണ്ട് പഞ്ചാബിലെ കൊലപാതക പരമ്പരകൾക്കും, ആക്രമണങ്ങൾക്കും ചുക്കാൻ പിടിച്ചു.
ജലന്ധറിൽ, ഭർസിങ് പുര ഗ്രാമവാസിയായിരുന്ന നിജ്ജർ, നെക എന്നറിയപ്പെടുന്ന ഗൂണ്ട ഗുർനെക് സിങ് വഴിയാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ചുവട് വച്ചത്. 80 കളിലും, 90 കളും, ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. 2012 വരെ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് തലവൻ ജഗ്തർ സിങ് താരയുടെ അടുപ്പക്കാരനായിരുന്നു. നിരവധി തീവ്രവാദ കേസുകളിൽ പേരുവന്നതോടെ, 1996 ൽ കാനഡയിലേക്ക് രക്ഷപ്പെടുകയായിരുന്നു നിജ്ജർ.
പിന്നട്, പാക് കേന്ദ്രമായി പ്രവർത്തിക്കുന്ന കെടിഎഫ് മേധാവി ജഗ്തർ സിങ് താരയുമായി ഒത്തുപ്രവർത്തിച്ചു. ബൈശാഖി ജാഥ അംഗമായി 2012 ഏപ്രിലിൽ പാക്കിസ്ഥാനിലെത്തി. അവിടെ രണ്ടാഴ്ചയോളം ആയുധ-സ്‌ഫോടക വസ്തു പരീശീലനം നടത്തിയതായും ഇന്റലിജൻസ് രേഖയിൽ പറയുന്നു. കാനഡയിൽ, മടങ്ങി എത്തിയതിന് പിന്നാലെ, തീവ്രവാദ പ്രവർത്തനങ്ങള്ൾക്ക് ഫണ്ട് സ്വരൂപിക്കലായി മുഖ്യപണി. അതിന് വേണ്ടി തന്റെ കൂട്ടാളികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തും, ആയുധ കടത്തും നടത്തി.
പാക് കേന്ദ്രമായ കെടിഎഫ് മേധാവി ജഗ്തർ സിങ് താരയുമായി ചേർന്ന് പഞ്ചാബിൽ ഭീകരാക്രമണം നടത്താൻ ആസൂത്രണം ചെയ്തു. ഈ ലക്ഷ്യം വച്ച് കാനഡയിൽ ഒരുകൊലയാളി സംഘത്തെയും പരിശീലിപ്പിച്ചെടുത്തു. മൻദീപ് സിങ് ധാലിവാൾ, സർഭിത് സിങ്, അനുപ് വീർ സിഭ്, ദർശൻ സിങ് അഥവാ ഫൗജി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 2015 ഡിസംബറിൽ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് ഇവർക്ക് ആയുധ പരിശീലനം കിട്ടിയത്.




