വാഷിങ്ടൺ: ഇന്ത്യയുടെ ചിരവൈരികളായ പാക്കിസ്ഥാനെ സഹായിച്ച ചൈനീസ് കമ്പനികൾക്കെതിരെ നടപടികളുമായി അമേരിക്ക. പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്‌നോളജി നൽകിയ മൂന്ന് ചൈനീസ് കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. പാക്കിസ്ഥാന് ഏറ്റവും കൂടുതൽ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് ചൈനയാണ്. ഇത് അയൽരാജ്യമായ ഇന്ത്യയ്ക്കും ഭീഷണി ഉയർത്തുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ഉപരോധ നടപടികളുമായി യുഎസ് രംഗത്തിറങ്ങിയത്.

ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യയാണ് ചൈനീസ് കമ്പനികൾ കൈമാറിയത്. ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതി വിദ്യകളും കൂട്ടത്തിലുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്‌മെന്റ് വ്യക്തമാക്കി. സിയാൻ ലോങ്‌ഡെ ടെക്‌നോളജി ഡെവലപ്‌മെന്റ്, ചൈനയിലെ ടിയാൻജിൻ ക്രിയേറ്റീവ് സോഴ്‌സ് ഇന്റർനാഷനൽ ട്രേഡ് ആൻഡ് ഗ്രാൻപെക്റ്റ് കോ.ലിമിറ്റഡ്, ബെലറൂസിലെ മിൻസക് വീൽ ട്രാക്റ്റർ പ്ലാന്റ് എന്നീ കമ്പനികൾക്കാണ് യു.എസ് ഉപരോധം പ്രഖ്യാപിച്ചത്.

ഈ കമ്പനികൾ പാക്കിസ്ഥാന് ആയുധങ്ങൾ നിർമ്മിക്കാനുള്ള ഉപകരണങ്ങൾ വൻതോതിൽ വിതരണം ചെയ്യുകയോ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തതായി വിവരം ലഭിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപാർട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ആശങ്കാജനകമായ ഇത്തരം നടപടികൾ ഒരിക്കലും തുടരാൻ സമ്മതിക്കില്ലെന്നും മില്ലർ വ്യക്തമാക്കി.

മിൻസക് വീൽ ട്രാക്റ്റർ പ്ലാന്റ് പാക്കിസ്ഥാന് ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കുള്ള പ്രത്യേക വാഹനം നൽകി. സിയാൻ ലോങ്‌ഡെ ടെക്‌നോളജി ഡെവലപ്‌മെന്റ് ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കായി ഫിലമെന്റ് വൈൻഡിങ് മെഷീൻ ഉൾപ്പെടെയുള്ള വിതരണം ചെയ്തു.

പാക്കിസ്ഥാന്റെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് ചൈനയിലെ ടിയാൻജിൻ ക്രിയേറ്റീവ് സോഴ്‌സ് ഇന്റർനാഷനൽ ട്രേഡ് ആൻഡ് ഗ്രാൻപെക്റ്റ് കോ.ലിമിറ്റഡ് വിതരണം ചെയ്തത്. ബഹിരാകാശ വിക്ഷേപണ വാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്രൊപ്പല്ലന്റ് ടാങ്കുകൾ നിർമ്മിക്കാനടക്കമുള്ള ഉപകരണങ്ങളിൽ ഇതിൽ ഉൾപ്പെടുമെന്നാണ് യു.എസ് കണ്ടെത്തൽ.

ആണവായുധം വഹിക്കാൻ ശേഷിയുള്ള മിസൈൽ അടക്കം പാക്കിസ്ഥാന്റെ പക്കലുണ്ട്. ഭൂതല ബാലിസ്റ്റിക് മിസൈലാണ് ഷഹീൻ. ആണവ, പരമ്പരാഗത ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് മിസൈൽ. 2750 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറത്ത് എവിടെയും ലക്ഷ്യം വയ്ക്കാൻ ഈ മിസൈൽ മൂലം സാധിക്കുമെന്േനാണ് പാക്കിസ്ഥാന്റെ അവകാശവാദം.