വാഷിങ്ടൺ: ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ. ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന് മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് സഭ പാസാക്കിയത്. ആയുധവിതരണം വെകിപ്പിക്കുന്ന ബൈഡന്റെയും ഡെമോക്രാറ്റുകളുടേയും നടപടിക്കെതിരെ ജനപ്രതിനിധിസഭയിൽ വിമർശനമുയർന്നു. നേരത്തെ ഇസ്രയേലിനുള്ള ആയുധവിതരണം യു.എസ് വൈകിപ്പിച്ചിരുന്നു.

റഫയിൽ ആക്രമണം നടത്തിയാൽ ഇസ്രയേലിന് ആയുധങ്ങൾ നൽകില്ലെന്നും യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു. ബൈഡനും ഉടൻ ആയുധങ്ങൾ നൽകേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സഭ ബൈഡൻെ തീരുമാനത്തെയും മറികടന്നാണ് ബിൽ പാസാക്കിയത്. ഇസ്രയേൽ സെക്യൂരിറ്റി അസിസ്റ്റൻസ് സപ്പോർട്ട് ആക്ടാണ് ജനപ്രതിനിധി സഭ പാസാക്കിയത്.

224 പേർ ആക്ടിനെ അനുകൂലിച്ചപ്പോൾ 184 പേർ എതിർത്തു. 16 ഡെമോക്രാറ്റുകൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ മൂന്ന് റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഇതിനെ എതിർക്കുകയും ചെയ്തു. അതേസമയം, ബിൽ നിയമമാവാനുള്ള സാധ്യതകൾ വിരളമാണെന്നാണ് റിപ്പോർട്ട്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജനപ്രതിനിധി സഭയിൽ ബിൽ പാസാക്കിയതെന്നതും ശ്രദ്ധേയമാണ്. ഇത് തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുന്ന ബൈഡന് തിരിച്ചടിയാണ്.

അതേസമയം, ഗസ്സയിൽ ഇപ്പോഴും ഇസ്രയേൽ കനത്ത ആക്രമണം തുടരുകയാണ്. ഇതുവരെ മേഖലയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 35,000ത്തോളം പേർ മരിച്ചിരുന്നു. 79,205 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണങ്ങളിൽ ഗസ്സ എതാണ്ട് പൂർണമായും തകർന്ന അവസ്ഥയിലാണ്.

24 മണിക്കൂറിനിടെ ഗസ്സയിൽ 39 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ ശക്തമായ ആക്രമണം ഇപ്പോൾ റഫയിലാണ് തുടരുന്നത്. സുരക്ഷമുൻനിർത്തി റഫയിലെ ഭക്ഷണവിതരണം നിർത്തിയതായി വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. അതിർത്തികൾ ഇസ്രയേൽ പിടിച്ചെടുത്തതോടെ ഗസ്സയിലേക്കുള്ള സഹായവിതരണവും നിലച്ചിരിക്കുകയാണ്.

അതിനിടെ ഇസ്രയേലിലേക്ക് ആയുധങ്ങളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് പ്രവേശനാനുമതി നിഷേധിച്ച് സ്‌പെയിനും രംഗത്തെത്തി. വിദേശകാര്യമന്ത്രി ജോസ് മാനുവൽ അൽബ്രാസാണ് കപ്പലിനെ തുറമുഖത്ത് പ്രവേശിപ്പിക്കുന്നത് തടഞ്ഞ വിവരം അറിയിച്ചത്. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു കപ്പലിനെ തടയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യമായാണ് ഇത്തരത്തിൽ ഇസ്രയേലിനുള്ള ആയുധങ്ങളുമായി വരുന്ന കപ്പൽ സ്പാനിഷ് തുറമുഖത്തേക്ക് പ്രവേശിക്കാൻ അനുമതി ചോദിക്കുന്നത്. ഇസ്രയേലിലേക്ക് ഇനിയും ആയുധങ്ങളുമായി കപ്പൽ വന്നാലും സ്‌പെയിനിലെ തുറമുഖങ്ങളിലേക്ക് അവയെ പ്രവേശിപ്പിക്കില്ല. മിഡിൽ ഈസ്റ്റിന് ഇപ്പോൾ ആയുധങ്ങളല്ല ആവശ്യം. സമാധാനമാണ് വേണ്ടതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

അതേസമയം, കപ്പലിനെ സംബന്ധിക്കുന്ന വിവരങ്ങൾ വിദേശകാര്യമന്ത്രി വ്യക്തമാക്കിയില്ല. എന്നാൽ, സ്‌പെയിൻ ഗതാഗതമന്ത്രി മെയ് 21ന് തുറമുഖത്തിൽ പ്രവേശിക്കാനാണ് ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോകുന്ന ഡാനിഷ് കപ്പൽ അനുമതി തേടിയതെന്ന് അറിയിച്ചു. ഇസ്രയേലിലെ ഹൈഫ തുറമുഖത്തേക്ക് 27 ടൺ സ്‌ഫോടക വസ്തുക്കളുമായാണ് കപ്പൽ യാത്ര തിരിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.

ഇസ്രയേലിന്റെ ഗസ്സ അധിനിവേശത്തെ രൂക്ഷമായി വിമർശിക്കുന്ന യുറോപ്പിലെ രാജ്യങ്ങളിലൊന്നാണ് സ്‌പെയിൻ. മറ്റ് യുറോപ്യൻ രാജ്യങ്ങളെ തങ്ങളുടെ നിലപാടിനൊപ്പം ചേർക്കാനും സ്‌പെയിൻ ശ്രമിക്കുന്നുണ്ട്. സ്വതന്ത്രമായ ഫലസ്തീൻ രാഷ്ട്രം രുപീകരിക്കണമെന്നാണ് സ്‌പെയിനിന്റെ നിലപാട്. നേരത്തെ ഗസ്സയിൽ ആക്രമണം തുടങ്ങിയതിന് പിന്നാലെ ഇസ്രയേലിനുള്ള ആയുധവിൽപന സ്‌പെയിൻ നിർത്തിവെച്ചിരുന്നു.