സാന്‍ ഫ്രാന്‍സിസ്‌കോ: പ്രൊബേഷണറി ഫെഡറല്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് താല്‍ക്കാലിക തടയിട്ട് യുഎസ് ജഡ്ജിന്റെ ഇടപെടല്‍. വടക്കന്‍ കാലിഫോര്‍ണിയയിലെ ഒരു ഫെഡറല്‍ ജഡ്ജാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം താത്കാലികമായി തടഞ്ഞത്. കൂട്ട പിരിച്ചുവിടല്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി വില്യം അല്‍സുപ്പ്, ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റിനോട് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു.

ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്‌മെന്റ് പരിധിവിട്ട് പ്രവര്‍ത്തിച്ചുവെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. സാധാരണയായി ഒരു വര്‍ഷത്തില്‍ താഴെ പരിചയമുള്ള പ്രൊബേഷണറി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ പുറത്താക്കാന്‍ ഫെഡറല്‍ ഏജന്‍സികളോട് ഉത്തരവിടാന്‍ യുഎസ് ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റിന് അധികാരമില്ലെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ജില്ലാ ജഡ്ജി വ്യക്തമാക്കുകയുണ്ടായി.

പുതിയ പ്രൊബേഷണറി ജീവനക്കാരെ പിരിച്ചുവിടാന്‍ ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള യുഎസ് ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റ് അടുത്തിടെ പ്രതിരോധ വകുപ്പിനും മറ്റ് ഫെഡറല്‍ ഏജന്‍സികള്‍ക്കും മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഈ മെമ്മോ ഉത്തരവല്ലെന്നും ജീവനക്കാരെ വിലയിരുത്തനാനുള്ള നിര്‍ദേശം ആണെന്നും സര്‍ക്കാര്‍ അറ്റോണി കോടതിയില്‍ അറിയിച്ചു.

ചെലവ് കുറക്കലിന്റെ ഭാഗമായി ജീവനക്കാരെ വിവിധ വകുപ്പുകളില്‍നിന്ന് ജീനക്കാരെ പിരിച്ചുവിടുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ സംരഭക സുഹൃത്തും കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) തലവനുമായ ഇലോണ്‍ മസ്‌കിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇത്തരത്തിലൊരു കോടതി നടപടി. ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായി ജീവനക്കാരെ പിരിച്ചു വിടുമെന്ന് പ്രഖ്യാപിച്ചു ഇലോണ്‍ മസ്‌ക്ക് രംഗത്തെത്തിയതോടെ എങ്ങും ആശങ്കയാണ്. ഒരാഴ്ച ചെയ്ത ജോലിയുടെ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഫെഡറല്‍ ജീവനക്കാരെ പുറത്താക്കുമെന്ന പുതിയ ഭീഷണിയുമായി ഇലോണ്‍ മസ്‌ക് രംഗത്തുവന്നിരുന്നു.

ഇത് ചെയ്യാതിരുന്നാല്‍ അത് രാജിയായി കണക്കാക്കുമെന്നും മസ്‌കിന്റെ ഇമെയിലിലുണ്ട്. കഴിഞ്ഞയാഴ്ച ചെയ്ത് അഞ്ച് ജോലിയെങ്കിലും ഇമെയിലൂടെ അറിയിക്കണമെന്ന് മസ്‌കിന്റെ നിര്‍ദേശമുണ്ട്. ലിങ്കുകളോ അറ്റാച്ച്മെന്റുകളോ മറുപടിയായി നല്‍കേണ്ടെന്നും എച്ച്.ആറിന്റെ മെയിലില്‍ നിന്നും ജീവനക്കാര്‍ക്ക് ലഭിച്ച ഇമെയിലില്‍ പറയുന്നു. വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഇമെയിലുകളാണെന്ന രീതിയില്‍ റെഡ് മാര്‍ക്കോട് കൂടിയാണ് ഇവ അയച്ചിരിക്കുന്നത്.

ഇമെയില്‍ ഫെഡറല്‍ ജീവനക്കാര്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പ്രൊബേഷനിലുള്ള ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ച് വിട്ടതിന് പിന്നാലെ ഇനിയും കൂട്ടപിരിച്ചുവിടലുണ്ടാകുമോയെന്നാണ് ജീവനക്കാരുടെ ആശങ്ക. അതേസമയം, അവധിയിലുള്ള ജീവനക്കാര്‍ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് വ്യക്തത വരുത്താത്തതിലും ആശങ്കയുണ്ട്. ജീവനക്കാരെ അപമാനിക്കുന്നതാണ് മസ്‌കിന്റെ നടപടിയെന്ന വിമര്‍ശനവുമായി യു.എസിലെ തൊഴിലാളി സംഘടന രംഗത്തെത്തിയിട്ടുണ്ട്.

യുഎസ് ഗവണ്‍മെന്റിന്റെ ചെലവുകള്‍ നിയന്ത്രിച്ച് പാഴാക്കലുകള്‍ കുറയ്ക്കുന്നതിനായി ചുമതല നല്‍കിയിട്ടുള്ള മസ്‌ക്, പുതിയ രീതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രംപ് ഭരണകൂടം ഫെഡറല്‍ സ്ഥാപനങ്ങളിലെ ചെലവ് നിയന്ത്രിക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. പൊതുചെലവുകള്‍ കുറയ്ക്കുക, അഴിമതി നിയന്ത്രിക്കുക, ജീവനക്കാരുടെ ഉത്പാദകക്ഷമത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ഈ നീക്കമെന്ന് ട്രംപ് അധികൃതര്‍ വ്യക്തമാക്കുന്നു. ട്രംപ് സര്‍ക്കാരിന്റെ ഈ നടപടികള്‍ ആശങ്കകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. ഫെഡറല്‍ തൊഴിലാളി യൂണിയനുകള്‍ പുതിയ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ''പ്രവര്‍ത്തന വിവരങ്ങള്‍ കൈമാറാത്തതിനാല്‍ ആളുകളെ പിരിച്ചുവിടുന്നത് നിയമപരമായോ? ഇത് ജോലി സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന നടപടിയല്ലേ?'' എന്നതാണ് തൊഴിലാളി സംഘടനകളുടെ പ്രധാന ചോദ്യം.