- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'താരിഫിന്റെ അധികാരം ഇല്ലായിരുന്നെങ്കില്‍, ഏഴ് യുദ്ധങ്ങളില്‍ കുറഞ്ഞത് നാലെണ്ണമെങ്കിലും ഉണ്ടാകുമായിരുന്നു; ആണവ രാജ്യങ്ങളായ ഇന്ത്യ-പാക് യുദ്ധം തീര്‍ത്തത് താരിഫാണ്, യുഎസ് സമാധാനപാലകരായി'; വീണ്ടും അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്
വീണ്ടും അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം വീണ്ടും ഉന്നയിച്ചു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര ഭീഷണി ഉയര്‍ത്തിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന കരാറിന് മധ്യസ്ഥത വഹിച്ചെന്നാണ് ട്രംപ് ആവര്‍ത്തിക്കുന്നത്. അയല്‍ക്കാരായ ആണവരാജ്യങ്ങള്‍ തമ്മിലുള്ള സായുധ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് കാരണമായത് വിവാദമായ താരിഫ് ആണ്. ഈ താരിഫ് കാരണം യുഎസ് സമാധാനപാലകരായി. അത് യുഎസിന് നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ നേടിക്കൊടുക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
താരിഫ് സംബന്ധിച്ച നിലപാടില്‍ മാറ്റംവരുത്തുമോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. 'താരിഫിന്റെ അധികാരം ഇല്ലായിരുന്നെങ്കില്‍, ഏഴ് യുദ്ധങ്ങളില്‍ കുറഞ്ഞത് നാലെണ്ണമെങ്കിലും ഉണ്ടാകുമായിരുന്നു. നിങ്ങള്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും കാര്യം നോക്കൂ. ഇരുവരും ഒരു ഏറ്റുമുട്ടലിന് സജ്ജമായിരുന്നു. ഏഴ് വിമാനങ്ങള്‍ വെടിവച്ചിട്ടു. എന്താണ് ഞാന്‍ പറഞ്ഞത് എന്നത് ഇപ്പോള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഞാന്‍ പറഞ്ഞത് വളരെ ഫലപ്രദമായി. നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ നേടുക മാത്രമല്ല, താരിഫ് കാരണം ഞങ്ങള്‍ സമാധാനപാലകരുമായി' -ട്രംപ് പറഞ്ഞു.
ആദ്യമായല്ല ട്രംപ് ഇത്തരത്തില്‍ അവകാശവാദം ഉന്നയിക്കുന്നത്. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം നേരത്തെയും ട്രംപ് ഉന്നയിച്ചിട്ടുണ്ട്. ആണവയുദ്ധത്തിന്റെ പടിക്കലെത്തി നിന്ന യുദ്ധം തന്റെ ഇടപെടലിലൂടെയാണ് ഒഴിവായത്. ഇതുകൂടാതെ ചെറുതും വലുതുമായ ഏഴോളം യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. ഏഴില്‍ നാല് യുദ്ധങ്ങളും അവസാനിച്ചത് തന്റെ വ്യാപാര തന്ത്രങ്ങള്‍ കാരണമാണ്. സംഘര്‍ഷം അവസാനിപ്പിക്കാതെ വ്യാപാരം ചെയ്യില്ലെന്ന് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തീരുമാനം അറിയിക്കാന്‍ 24 മണിക്കൂര്‍ സമയവും നല്‍കിയിരുന്നു എന്നാണ് ട്രംപ് മുന്‍പൊരിക്കല്‍ പറഞ്ഞത്.
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെടുമ്പോഴേക്കും, ഏഴ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടിരുന്നുവെന്ന് ട്രംപ് രണ്ട് മാസം മുന്‍പും പറഞ്ഞിരുന്നു. അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടിരുന്നുവെന്ന പഴയ പ്രസ്താവനയാണ് ട്രംപ് ഏഴ് വിമാനങ്ങളെന്ന് തിരുത്തിയത്. അപ്പോഴും ആരുടെ യുദ്ധവിമാനങ്ങളാണ് തകര്‍ന്നതെന്ന കാര്യത്തില്‍ യാതൊരു സൂചനയും ട്രംപ് നല്‍കിയിരുന്നില്ല.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ സൈനിക നടപടി ആരംഭിച്ചത്. പിന്നാലെ, പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള അഭ്യര്‍ഥന പ്രകാരം ഇന്ത്യ സൈനികതല ചര്‍ച്ചകള്‍ ആരംഭിക്കുകയും സൈനിക നടപടി അവസാനിപ്പിക്കുകയും ചെയ്തു.