- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയുടെ ആരോപണം ഗൗരവത്തോടെ കാണുന്നു; ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നൽകാൻ സാധിക്കില്ല; ഞങ്ങൾ ഇതിൽ ഇടപെട്ടു കൊണ്ടിരിക്കും; നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ ആവർത്തിക്കവേ നിലപാട് അറിയിച്ചു അമേരിക്ക
വാഷിങ്ടൺ: ഖലിസ്താൻ തീവ്രവാദിയായ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെ പ്രതികരണവുമായി അമേരിക്ക. വിഷയത്തിൽ ഇന്ത്യയും കാനഡയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ പറഞ്ഞു.
കാനഡയുടെ ആരോപണം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നൽകാൻ സാധിക്കില്ലെന്നും സുള്ളിവൻ വ്യക്തമാക്കി. വിഷയത്തിൽ കാനഡയുടെ ആരോപണത്തെ അമേരിക്ക ഗൗരവത്തോടെ കാണുന്നില്ലെന്ന വിമർശനം ഉയർന്നതോടെയാണ് അമേരിക്ക വിഷയത്തിൽ ഇടപെട്ടു രംഗത്തുവന്നത്് എന്നതും ശ്രദ്ധേയമാണ്.
'ഇക്കാര്യത്തിൽ ഇതുവരെ നടന്നതോ ഇനി നടക്കാൻ പോകുന്നതോ ആയ വ്യക്തിഗത നയതന്ത്ര ചർച്ചകളിലേക്ക് കടക്കാൻ താത്പര്യപ്പെടുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ട്. ഇത് ശരിക്കും ആശങ്കയുളവാക്കുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ ഗൗരവമായി എടുക്കുന്നു. ഞങ്ങൾ ഇതിൽ ഇടപെട്ടുകൊണ്ടിരിക്കും. ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ പ്രത്യേക ഇളവുകളൊന്നും നൽകാനാകില്ല', സുള്ളിവൻ മാധ്യമങ്ങളോട് പറഞ്ഞു.
നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം വ്യാഴാഴ്ചയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ചിരുന്നു. സുരക്ഷാ ഏജൻസികളുടെ പക്കലുള്ള വിശ്വാസ്യയോഗ്യമായ തെളിവുകൾ മുൻനിർത്തിയാണ് ആരോപണമെന്നും ഇന്ത്യയെ പ്രകോപിപ്പിക്കുക തങ്ങളുടെ ലക്ഷ്യമല്ലെന്നും ട്രൂഡോ വ്യക്തമാക്കിയിരുന്നു.
അതേസമയം, കാനഡയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് ഇന്ത്യ. ഇതു സംബന്ധിച്ച വിഷയത്തിൽ കാനഡ ഒരു വിവരവും ഇതുവരെ ഔദ്യോഗികമായി അറിച്ചിട്ടില്ലെന്നും കാനഡ കൈമാറുന്ന ഏത് വിവരവും പരിശോധിക്കാൻ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിരുന്നു.
കാനഡയുടെ ആരോപണങ്ങൾ നിഷേധിച്ച ഇന്ത്യ, വിദ്വേഷ കുറ്റകൃത്യങ്ങളെയും ആക്രമണങ്ങളെയും കാനഡ രാഷ്ട്രീയമായി അംഗീകരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഒരു തെളിവും കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കനേഡിയൻ നയതന്ത്രജ്ഞർ ഇടപെടുന്നെന്നു കാട്ടി, ഇവിടെയുള്ള നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കാനഡ. ഇന്ത്യൻ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടന്നതായാണ് ആരോപണം. ഇതിനുള്ള തെളിവ് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ നൽകിയതായി കാനഡ അവകാശപ്പെട്ടു. മാത്രമല്ല, നേരിട്ടും അല്ലാതെയും തെളിവു ശേഖരിച്ചതായും കാനഡ വ്യക്തമാക്കി. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇലക്ട്രോണിക് തെളിവുണ്ടന്നും വാദമുണ്ട്. എന്നാൽ ഈ തെളിവ് കാനഡ ആർക്കും നൽകുന്നില്ല.
തെളിവ് ഇപ്പോൾ കൈമാറാനാകില്ലെന്നാണ് അവരുടെ നിലപാട്. വിശദമായ അന്വേഷണത്തിനു ശേഷമേ തെളിവു കൈമാറാനാകൂ എന്നാണ് കാനഡ വ്യക്തമാക്കുന്നത്.
മറുനാടന് ഡെസ്ക്