- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള അറബ് രാജ്യങ്ങളുടെ പ്രമേയം വീറ്റോ ചെയ്ത് യു.എസ്
വാഷിങ്ടൺ: ഗസ്സയിൽ വെടിനിർത്തണമെന്ന ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയം രക്ഷാസമിതിയിൽ യുഎസ് വീറ്റോ ചെയ്തതോടെ വെടിനിർത്തൽ നീളുന്നു. ലക്ഷങ്ങൾ ഇപ്പോഴും യുദ്ധക്കെടുതിയിലാണ്. ബന്ദികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകളെ വെടിനിർത്തൽ പ്രമേയം സ്വാധീനിക്കുമെന്നാണ് യു.എസ് വാദിക്കുന്നത്. അൾജീരിയയാണ് യു.എൻ രക്ഷാസമിതിയിൽ പ്രമേയം കൊണ്ട് വന്നത്. യു.എസ് മാത്രമാണ് ഇതിനെ എതിർത്ത് വോട്ട് ചെയ്തത്.
യു.കെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നപ്പോൾ 13 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ 30,000ത്തോളം ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 20 ലക്ഷത്തോളം പേർ കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിലും വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത യു.എസ് നടപടിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
പ്രമേയത്തെ അനുകൂലിച്ചുള്ള ഓരോ വോട്ടും ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശത്തിനുള്ള പിന്തുണയാണെന്ന് യു.എന്നിലെ അൾജീരിയൻ പ്രതിനിധി അമർ ബെൻഡാമ പറഞ്ഞു. എന്നാൽ, അതിനെതിരെ വോട്ട് ചെയ്യുന്നത് ക്രൂരമായ അക്രമത്തിന് പിന്തുണ നൽകുന്നതിനെ സൂചിപ്പിക്കുന്നുവെന്നും അൾജീരിയയുടെ നയതന്ത്രപ്രതിനിധി വ്യക്തമാക്കി.
വെടിനിർത്തലിനൊപ്പം അന്താരാഷ്ട്ര നീതിന്യായ കോടതി ജനുവരിയിൽ പുറപ്പെടുവിച്ച നിർദേശങ്ങൾ നടപ്പിലാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. സിവിലിയന്മാരെ സംരക്ഷിക്കണമെന്നും ഗസ്സക്കുള്ള സഹായം സുഗമമായി എത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രയേലിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇതൊന്നും ചെവിക്കൊള്ളാൻ ഇസ്രയേൽ തയാറായിട്ടില്ല.
അതേസമയം ഗസ്സയിലേക്കുള്ള ഭക്ഷ്യവിതരണം പൂർണമായും നിർത്തി വേൾഡ് ഫുഡ് പ്രോഗ്രാം. ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകൾക്ക് സുരക്ഷയില്ലാത്തതാണ് ഭക്ഷ്യവിതരണം നിർത്താനുള്ള പ്രധാനകാരണം. ഇതിനൊപ്പം ഗസ്സയിലെ ക്രമസമാധനില തകർന്നതും വിതരണം നിർത്താൻ കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതോടെ ഗസ്സയിൽ ജനലക്ഷങ്ങളാണ് പട്ടിണിയിലായത്.
ഭക്ഷ്യവിതരണം നിർത്തുന്നത് നിസ്സാരമായി എടുത്ത തീരുമാനമല്ല. ഭക്ഷ്യവിതരണം നിർത്തിയാൽ ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്ന് അറിയാം. പക്ഷേ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ട്രക്കുകളുടെ സുരക്ഷ വളരെ പ്രധാനപ്പെട്ട ഒന്നാണെന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ നിലപാട്.
ട്രക്കിന് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് മൂന്നാഴ്ച മുമ്പ് ഭക്ഷ്യവിതരണം നിർത്തിയിരുന്നു. തുടർന്ന് വിതരണം പുനഃരാരംഭിച്ചപ്പോൾ ഞായറാഴ്ചയും തിങ്കളാഴ്ചയും ട്രക്കുകൾക്ക് നേരെ വെടിവെപ്പുണ്ടായി. വിശപ്പുകൊണ്ട് വലയുന്ന ജനങ്ങൾ ട്രക്കുകളിലെ ജീവനക്കാരെ ആക്രമിച്ച് സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നതും വെല്ലുവിളിയാണെന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാം അധികൃതർ വ്യക്തമാക്കുന്നത്.
ഗസ്സ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകിയിരുന്നു. ഏകദേശം 23 ലക്ഷം ജനങ്ങളെ പട്ടിണി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനിടയിലാണ് വീണ്ടും ഗസ്സയിലേക്കുള്ള സഹായം നിർത്തിയത്.