- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിബിസി ഡോക്യുമെന്ററിയെ തള്ളാതെ അമേരിക്ക; മാധ്യമ സ്വാതന്ത്ര്യം എവിടേയും സംരക്ഷിക്കപ്പെടണമെന്ന് വിദേശകാര്യ വകുപ്പ് വക്താവ്; രാഷ്ട്രീയവും സാമ്പത്തികവും ജനസമ്പർക്കവും അടക്കമുള്ള വിവിധ ഘടകങ്ങളുടെ പിൻബലത്തിൽ ഇന്ത്യയുമായി തന്ത്രപ്രധാന പങ്കാളിത്തം അമേരിക്കക്കുണ്ടെന്നും നെഡ് പ്രൈസ്
വാഷിങ്ടൺ: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി കൊണ്ടുള്ള ബിബിസി ഡോക്യുമെന്റി തള്ളാതെ അമേരിക്ക. മാധ്യമ ്‌സ്വാതന്ത്ര്യം എവിടെ ആയാലും സംരക്ഷിക്കപ്പെടണമെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മത, മനുഷ്യാവകാശ സ്വാതന്ത്ര്യത്തിനും അമേരിക്ക പ്രാധാന്യംനൽകുന്നു. ഇന്ത്യയോടുള്ള ബന്ധവും ഇതിന്റെ അടിസ്ഥാനത്തിലെന്നും അമേരിക്ക വ്യക്തമാക്കി. വാഷിങ്ടണിൽ പതിവ് മാധ്യമ സമ്മേളനത്തിൽ വച്ച് പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു പ്രതികരണം.
ഇന്ത്യയടക്കം ലോകത്തുടനീളം അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ മൂല്യങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടേണ്ട സമയമാണിതെന്നും വിദേശകാര്യ വകുപ്പ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. രാഷ്ട്രീയവും സാമ്പത്തികവും ജനസമ്പർക്കവും അടക്കമുള്ള വിവിധ ഘടകങ്ങളുടെ പിൻബലത്തിൽ ഇന്ത്യയുമായി തന്ത്രപ്രധാന പങ്കാളിത്തം അമേരിക്കക്കുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.
ഡോക്യുമെന്റി താൻ കണ്ടിട്ടില്ല. അമേരിക്കയും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെ കുറിച്ച് തനിക്കറിയാം.അവ അതുപോലെ തന്നെ തുടരും.ഇന്ത്യയിലെ നടപടികളിൽ ആശങ്ക ഉണ്ടാകുമ്പോഴൊക്കെ പ്രതികരിക്കാറുണ്ടെന്നും അമേരിക്കൻ വക്താവ് നെദ് പ്രൈസ് വ്യക്തമാക്കി.
അതേസമയം നേരത്തെ മോദിക്ക് പ്രതിരോധ കവചമൊരുക്കുന്ന രീതിയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് കഴിഞ്ഞയാഴ്ച പ്രതികരിച്ചിരുന്നത്. തീർത്തും ഏകപക്ഷീയമാണ് ഡോക്യുമെന്ററിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയിൽ ബിബിസി ഡോക്യുമെന്ററി വലിയ വിവാദമായിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് ഇതിന്റെ ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ഡോക്യുമെന്ററിയുടെ പ്രചാരണം തടയുകയായിരുന്നു ലക്ഷ്യം.
അതേസമയം ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു. വിവിധയിടങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഇവർ അറിയിക്കുകയും ചെയ്തു. ജെഎൻയുവിലും, ജാമിയയിലുമെല്ലാം വിദ്യാർത്ഥി യൂണിയനുകൾ ഈ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.
ഇതേ തുടർന്ന് യുണിവേഴ്സിറ്റി അധികൃതർ അടക്കം രംഗത്ത് വന്നിരുന്നു. എന്ത് വന്നാലും പ്രദർശനം അനുവദിക്കില്ലെന്നായിരുന്നു ഇവർ അറിയിച്ചത്. കഴിഞ്ഞ ദിവസം ജാമിയയിലെ വിദ്യാർത്ഥികളെ അറസ്റ്റും ചെയ്തിരുന്നു.
മറുനാടന്‍ ഡെസ്‌ക്