ബ്രസൽസ്: ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല. ഉടനടി യുദ്ധമാർഗ്ഗത്തിൽ പോകില്ലെന്നതാണ് ലോകരാജ്യങ്ങൾക്ക് ആശ്വാസം നൽകുന്ന കാര്യം. ഇതിനിടെ അമേരിക്കയെയും പാശ്ചാത്യ ശക്തികളെയും ഉപയോഗിച്ചു ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്.

ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ 13ന് ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെയാണ് അമേരിക്കൻ ഉപരോധം.

ഉരുക്ക് ഉൽപാദനത്തിൽ ഏർപ്പെട്ട അഞ്ച് സ്ഥാപനങ്ങൾക്കും ഇറാൻ വാഹന നിർമ്മാതാക്കളായ ബഹ്മാൻ ഗ്രൂപ്പിന്റെ മൂന്ന് ഉപസ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാൻ സൈന്യത്തിനും ഉപരോധം നേരിടുന്ന മറ്റ് ഗ്രൂപ്പുകൾക്കും ബഹ്മാൻ ഗ്രൂപ്പ് സഹായം നൽകുന്നുവെന്നാണ് ആരോപണം. ഇറാന്റെ ഡ്രോൺ, ആണവ മിസൈൽ പദ്ധതികളുമായി ബന്ധപ്പെട്ട നിരവധി സൈനിക വിഭാഗങ്ങൾക്കാണ് ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.

യുക്രെയ്‌നെതിരായ യുദ്ധത്തിന് റഷ്യക്ക് ആയുധം നൽകുന്നത് ഇറാനാണെന്ന ആരോപണം യൂറോപ്യൻ യൂനിയൻ നേതാക്കൾ ഉന്നയിച്ചു. ആക്രമണങ്ങൾക്ക് ഇറാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിക്കുന്നത് തടയാൻ നടപടിയുണ്ടാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ലബനാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ സായുധസംഘങ്ങളുടെ പിന്തുണയോടെയാണ് ഇറാൻ ഇസ്രയേലിൽ ആക്രമണം നടത്തിയതെന്ന് സംശയമുള്ളതിനാൽ ഉപരോധം ഈ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസപ് ബോറൽ സൂചിപ്പിച്ചു. യൂറോപ്പിലും ഇറാൻ ആക്രമണത്തിന് മുതിരുമെന്ന് ഭീതിയുള്ളതിനാൽ അവരുടെ സാങ്കേതികവിദ്യ തകർക്കാൻ ഉപരോധം അനിവാര്യമാണെന്ന് ലാത് വിയ പ്രധാനമന്ത്രി എവിക സിലിന പറഞ്ഞു.

അതിനിടെ ഇറാൻ നടത്തിയ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങൾ രംഗത്തുവന്നിരുന്നു. ഇറാൻ നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുകയും ജറുസലേമിലെ പുണ്യസ്ഥലങ്ങൾക്ക് സമീപം വ്യോമാതിർത്തിയിലൂടെ മിസൈലുകൾ അയക്കുകയും ചെയ്തതായി 48 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

അമേരിക്കയും ഇസ്രയേലും മറ്റ് 46 രാജ്യങ്ങളുമാണ് ഇറാന്റെ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിച്ച് കൊണ്ടുള്ള പ്രസ്താവനയിൽ ഒപ്പുവെച്ചത്. ഏപ്രിൽ ഒന്നിന് സിറിയയിലെ ഡമാസ്‌കസിൽ ഇറാന്റെ നയതന്ത്രകാര്യാലയം ആക്രമിച്ച് മുതിർന്ന സൈനിക മേധാവികളെ കൊലപ്പെടുത്തിയതിന് പകരമായി ശനിയാഴ്ച രാത്രിയാണ് ഇറാൻ ഇസ്രയേലിനെതിരെ 300ഓളം മിസൈലുകളും ഡ്രോണുകളും അയച്ചത്.

നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളുമാണ് ഇറാൻ തൊടുത്തുവിട്ടത്. ഇത് കാര്യമായ നാശനഷ്ടങ്ങൾക്കും ജീവൻ നഷ്ടപ്പെടുന്നതിനും കാരണമായേക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഇറാൻ മറ്റ് നിരവധി രാജ്യങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായും ഇവർ ചൂണ്ടിക്കാട്ടി. പ്രസ്താവനയിൽ ഒപ്പിട്ടതിൽ പകുതിയിലധികവും യൂറോപ്യൻ രാജ്യങ്ങളാണ്. അമേരിക്കയ്ക്ക് പുറമേ അർജന്റീന, ഓസ്ട്രേലിയ, കാനഡ, ഇക്വഡോർ, ജപ്പാൻ, ന്യൂസിലാൻഡ്, മൈക്രോനേഷ്യ, പലാവു, പാപ്പുവ ന്യൂ ഗിനിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.

അതേസമയം, ഗസ്സയിൽ വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിലുള്ള മധ്യസ്ഥ ചർച്ചകളിൽനിന്ന് പിന്മാറുകയാണെന്ന സൂചന നൽകി ഖത്തർ രംഗത്തെത്തി. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെ ചിലർ അപഹസിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. മുതിർന്ന ഹമാസ് നേതാക്കൾക്ക് അഭയം നൽകിയത് ചൂണ്ടിക്കാട്ടി ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടുത്തിടെ ഖത്തറിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.