വാഷിങ്ടൺ: റഫയിലെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയോടെ ആഗോള തലത്തിൽ വലിയ നിലവിളികളാണ് ഉയരുന്നത്. എന്നാൽ, തൽക്കാലം അതൊന്നും കൂസാതിരിക്കയാണ് യുഎസ്. റഫയിൽ ഇസ്രയേൽ പൂർണ്ണമായ രീതിയിൽ അധിനിവേശം തുടങ്ങിയിട്ടില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു. റഫയിലെ തമ്പുകളിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിലും യു.എസ് പ്രതികരണം നടത്തി.

തമ്പുകളിലെ ആക്രമണം ഹൃദയഭേദകവും ഭയാനാകവുമാണ്. ഈ സംഘർഷത്തിന്റെ ഭാഗമായി നിരപരാധിയായ ഒരാളുടെ പോലും ജീവൻ പൊലിയരുതെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. സംഭവത്തിൽ ഇസ്രയേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ആക്രമണം കൊണ്ട് യു.എസിന് നയംമാറ്റമുണ്ടാവില്ലെന്നും വൈറ്റഹൗസ് വക്താവ് അറിയിച്ചു.

വലിയ സൈന്യവും ആയുധങ്ങളുമായി ഇസ്രയേൽ റഫയിലെത്തിയിട്ടില്ല. വലിയ രീതിയിൽ ഇസ്രയേൽ കരയാക്രമണം തുടങ്ങിയിട്ടില്ലെന്നും യു.എസ് വക്താവ് പറഞ്ഞു. നേരത്തെ റഫയിൽ ഇസ്രയേൽ കരയാക്രമണം തുടങ്ങുകയാണെങ്കിൽ അവർക്ക് ആയുധങ്ങൾ നൽകുന്നതിൽ പുനഃപരിശോധനയുണ്ടാവുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.

ഫലസ്തീൻ അഭയാർഥികളുടെ തമ്പുകൾക്കുമേൽ ബോംബിട്ട് 45 പേരെ ചെയ്ത ഇസ്രയേൽ സേനക്കെതിരെ ലോകമാകെ രോഷം പുകയുമ്പോഴും റഫയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്തുകയാണ് സൈനിക ടാങ്കുകൾ. മധ്യ റഫയിലെ അൽ അവ്ദ മസ്ജിദിന് സമീപം ടാങ്കുകൾ തീതുപ്പിയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇസ്രയേൽ സേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

24 മണിക്കൂറിനിടെ ഗസ്സയിൽ 46 പേർകൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം 36,096 ആയി. 81,136 പേർക്ക് പരിക്കുണ്ട്. റഫ കൂട്ടക്കുരുതിയെ കടുത്ത ഭാഷയിൽ അപലപിച്ച ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഗസ്സയിൽ അടിയന്തര വെടിനിർത്തലാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു. കൂട്ടക്കൊല ഹൃദയഭേദകമാണെന്ന് പറഞ്ഞ യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൺ, സംഭവത്തിൽ സുതാര്യ അന്വേഷണം വേണമെന്നും അഭിപ്രായപ്പെട്ടു. ഗസ്സയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യു.എൻ രക്ഷാസമിതി യോഗം ചേരുന്നുണ്ട്.

അതിനിടെ ഗസ്സയിലേക്ക് സഹായമെത്തിക്കാനായി യു.എസ് സൈന്യം താൽക്കാലികമായി നിർമ്മിച്ച കടൽപ്പാലം തകർന്നു. കനത്ത തിരമാലകളിൽപ്പെട്ട് ഭാഗികമായാണ് പാലം തകർന്നത്. ഗസ്സയിലേക്ക് സഹായമെത്തിക്കാനായി മാരിടൈം ഇടനാഴ്ചി നിർമ്മിക്കാനുള്ള യു.എസിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് പാലത്തിന്റെ തകർച്ച. പെന്റഗൺ ഔദ്യോഗികമായി തന്നെ പാലം തകർന്ന വിവരം അറിയിച്ചിട്ടുണ്ട്.

പാലത്തിന് തകരാർ സംഭവിച്ചുവെന്നും അത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പെന്റഗൺ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സാബിറിന സിങ് പറഞ്ഞു. അടുത്ത 48 മണിക്കൂറിനുള്ളിൽ പാലം പൊളിച്ച് ഇസ്രയേലിലെ അഷ്ദൂദ തുറമുഖത്തെത്തിച്ച് യു.എസ് സെൻട്രൽ കമാൻഡ് അറ്റകൂറ്റപ്പണികൾ നടത്തും. ഒരാഴ്ചക്കകം പാലം പൂർവസ്ഥിതിയിലാക്കുമെന്ന് യു.എസ് അറിയിച്ചു.

320 മില്യൺ ഡോളർ ചെലവഴിച്ചാണ് യു.എസ് ഗസ്സയിൽ കടൽപ്പാലം പണിതത്. മെയ് 17 മുതൽ ഗസ്സയിലേക്ക് കടൽപ്പാലത്തിലൂടെ സാധനങ്ങൾ എത്തിച്ചിരുന്നു. യു.എസിന്റെ കടൽപ്പാലം പദ്ധതിക്കെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. കര അതിർത്തികൾ തുറക്കുകയാണ് സഹായ വിതരണത്തിനുള്ള ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ വഴി. ആത്മാർഥതയുണ്ടെങ്കിൽ അമേരിക്ക അതിന് സമ്മർദം ചെലുത്തണമെന്നായിരുന്നു ഗസ്സയിൽ സഹായം നൽകുന്ന വിവിധ സംഘടനകൾ വ്യക്തമാക്കിയത്.