- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയിച്ചാൽ ഇലോൺ മസ്‌കിനെ ഉപദേശകനാക്കും; ട്വിറ്ററിലെ ജോലിക്കാരെ പിരിച്ചുവിട്ടത് മാതൃക; ഭരണത്തിൽ ഇതേ മികവാണ് ആവശ്യമെന്ന് പ്രഖ്യാപനം; റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് എങ്കിൽ വൈസ് പ്രസിഡന്റ് ആയാലും മതി; റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി സംവാദത്തിൽ ശ്രദ്ധ നേടി വിവേക് രാമസ്വാമി; സ്വന്തം ബയോടെക് കമ്പനിയുണ്ടാക്കി ശതകോടീശ്വരനായ പാലക്കാട്ടുകാരന്റെ ജനപ്രീതി അമേരിക്കയിൽ ഉയരുന്നു
വാഷിങ്ടൻ: അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോഴുള്ളത് ഇന്ത്യൻ വേരുകളുള്ള കമല ഹാരിസാണ്. തമിഴിനാട്ടിൽ നിന്നും കുടിയേറിയ കുടുംബത്തിലെ അംഗമാണ് അവർ. ഡെമ്രോക്രാറ്റിക്കുകാരിയായ അവരുടെ വഴികളിലാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികാൻ മത്സരിക്കുന്ന വിവേക് രാമസ്വാമി. വിവേകിന്റെ വേരുകൾ ചെന്നെത്തുന്നത് പാലക്കാട് വടക്കഞ്ചേരിയിലെ അഗ്രഹാരത്തിലാണ്. വിവേക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാനുള്ള മത്സരരംഗത്ത് ഇറങ്ങിയതോടെ അദ്ദേഹം മലയാളികളുടെ ശ്രദ്ധയും ആകർഷിച്ചു കഴി്ഞ്ഞു. അമേരിക്കൻ പ്രസിഡന്റായി മലയാളി വരുമോ എന്ന ചർച്ചകൾക്കു അദ്ദേഹം ഇടം നൽകി.
ആദ്യ സംവാദത്തിൽ തന്നെ ശ്രദ്ധ നേടിയ വിവേക് രാമസ്വാമിയുടെ വാക്കുകളും അമേരിക്കക്കാർ ശ്രദ്ധിച്ചു തുടങ്ങി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ, ലോകകോടീശ്വരനും സ്‌പേസ്എക്‌സ് മേധാവിയുമായ ഇലോൺ മസ്‌കിനെ ഉപദേശകനാക്കുമെന്നാണ് വിവികേന്റെ വാഗ്ദാനം. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷയിലാണു വിവേക്.
നേരത്തെയും മസ്‌കിനോടുള്ള ഇഷ്ടം വിവേക് വെളിപ്പെടുത്തിയിരുന്നു. ''ജനമനസ്സിൽ പുതുമയുടെ മുദ്ര പതിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു. വിജയിച്ചാൽ എന്റെ മികച്ച ഉപദേശകനാകാൻ ഇലോൺ മസ്‌കിനു സാധിക്കുമെന്നാണു പ്രതീക്ഷ. എക്‌സിന്റെ (ട്വിറ്റർ) നടത്തിപ്പ് മാതൃകാപരമാണ്. ട്വിറ്ററിലെ 75 ശതമാനം ആളുകളെയും മസ്‌ക് പിരിച്ചുവിട്ടു. ആവശ്യമില്ലാത്ത 75 ശതമാനം പേരെ മാറ്റി, ബാക്കിയുള്ളവരുടെ പ്രവർത്തനം മെച്ചപ്പെടുത്തി. ഭരണത്തിൽ ഇതേ മികവാണ് എനിക്കാവശ്യം. അദ്ദേഹം ട്വിറ്ററിലൂടെ എക്‌സ് നടപ്പാക്കി. സർക്കാരിലൂടെ വലിയ എക്‌സ് ഞാൻ കൊണ്ടുവരും'' വിവേക് വിശദീകരിച്ചു.
മികച്ച സ്ഥാനാർത്ഥിയാണു വിവേക് എന്നു മസ്‌ക് പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി സംവാദത്തിലെ ഉഗ്രൻ പ്രകടനത്തിന്റെ പേരിൽ ട്രംപ് അനുയായികളുടെ വരെ പ്രശംസ നേടിയ വിവേക്, വൈസ് പ്രസിഡന്റായാലും മതിയെന്ന നിലപാടിലാണിപ്പോൾ. അടുത്ത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്കളം മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും താനും മാത്രമായി ചുരുങ്ങാനാണു കാത്തിരിക്കുന്നതെന്ന് മുൻപു സൂചിപ്പിച്ചിരുന്നെങ്കിലും പ്രസിഡന്റ് പദവിയിൽ കുറഞ്ഞൊന്നും വേണ്ടെന്ന നിലപാടിലായിരുന്നു. ട്രംപിന്റെ പകുതി പ്രായമേയുള്ളൂ എന്നതും പുതുമുഖമാണെന്നതും തനിക്കു ഗുണമാകുമെന്ന് ബ്രിട്ടിഷ് ചാനലായ ജിബി ന്യൂസിനോട് വിവേക് (38) പറഞ്ഞു. താൻ പ്രസിഡന്റായാൽ, ക്രിമിനൽ കേസുകളിൽപെട്ടിരിക്കുന്ന ട്രംപിന് മാപ്പു കൊടുക്കുമെന്നു മുൻപു വ്യക്തമാക്കിയിരുന്നു. മിൽവോക്കിയിൽ നടന്ന സ്ഥാനാർത്ഥി സംവാദത്തിൽ വിവേകിന്റേതായിരുന്നു മികച്ച പ്രകടനമെന്ന് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറും പറഞ്ഞു.
അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലും എതിരാളിയായി മത്സരിക്കാൻ തയ്യാറെടുക്കുന്ന ഡോണൾഡ് ട്രംപ് തിരഞ്ഞെടുപ്പു കേസിൽ ഹാജരായപ്പോഴുള്ള ജയിൽപടം ടിവിയിൽ കണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡൻ. 'സുന്ദരൻ, വിസ്മയിപ്പിക്കുന്ന മനുഷ്യൻ' (ഹാൻസം ഗൈ, വണ്ടർഫുൾ ഗൈ) എന്നാണ് ചിരിയോടെ ബൈഡൻ മാധ്യമപ്രവർത്തകരോടു പറഞ്ഞത്. ട്രംപിന്റെ കേസുകളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും വൈറ്റ്ഹൗസോ ബൈഡനോ പ്രതികരിക്കുന്ന പതിവില്ലാത്തതാണ്.
അമേരിക്കൻ സർവേകൾ അനുസരിച്ചു, അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ ഡിബേറ്റിൽ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയുടെ ജനപ്രീതി കുതിച്ചുയരുന്ന എന്നാണ് വ്യക്തമാകുന്നത്. ഓൺലൈൻ ധനസമാഹരണത്തിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ചർച്ച തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ ശരാശരി 38 ഡോളർ വെച്ച് 45,0000 ഡോളർ രൂപയാണ് 38കാരനായ വിവേക് രാമസ്വാമി സമാഹരിച്ചത്. മുൻ ന്യൂജഴ്സി ഗവർണർ ക്രിസ് ക്രിസ്റ്റീസ്, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, സൗത്ത് കരോലിന ഗവർണർ നിക്കി ഹാലി എന്നിവരാണ് വിവേകിന്റെ പ്രധാന എതിരാളികൾ.
ഇവരെ പിന്നിലാക്കിയാണ് ബിസിനസിലൂടെ രാഷ്ട്രീയത്തിലെത്തിയ വിവേക് ഇപ്പോൾ മുന്നേറുന്നത്. ഡൊണാൾഡ് ട്രംപിന്റെ അഭാവത്തിൽ വിവേകാണ് ജിഒപി (ഗ്രാൻഡ് ഓൾഡ് പാർട്ടി അഥവാ റിപ്പബ്ലിക്കൻ പാർട്ടി) ഡിബേറ്റിൽ തിളങ്ങുന്നത്. ഡിബേറ്റിനെ തുടർന്ന് ആദ്യ ഫലം പുറത്തുവന്നപ്പോൾ 504 പേരുടെ പ്രതികരണങ്ങളിൽ 28 ശതമാനം പേർ വിവേകാണ് മികച്ചരീതിയിൽ പ്രകടനം കാഴ്ചവെച്ചതെന്ന് പറഞ്ഞു. ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസ് (27 ശതമാനം), മൈക്ക് പെൻസ് (13 ശതമാനം), നിക്കി ഹാലി (ഏഴ് ശതമാനം) എന്നിങ്ങനെയാണ് മറ്റ് മത്സരാർത്ഥികളുടെ സ്ഥാനം.
റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൻ ഡിബേറ്റുമായി ബന്ധപ്പെട്ട് ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ജിഒപി സ്ഥാനാർത്ഥിയാണ് വിവേക് എന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ തൊട്ടുപിന്നിൽ ഇന്ത്യൻ വംശജയായ നിക്കി ഹാലിയാണ്. ചർച്ച നടക്കുന്ന സ്റ്റേജിലും ഇരുവരും തൊട്ടടുത്തായിരുന്നു നിന്നത്. ആദ്യ റിപ്പബ്ലിക്കൻ പ്രൈമറി ഡിബേറ്റിൽ വിവേക് രാമസ്വാമി ശ്രദ്ധ പിടിച്ചുപറ്റിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു. അതേസമയം, വിവേകിന്റെ വിദേശനയ നിർദേശങ്ങളെ എഡിറ്റോറിയലിലൂടെ വിമർശിച്ച വാൾ സ്ട്രീറ്റ് ജേണൽ, അത് അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് എത്തിക്കില്ലെന്നും പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച നടന്ന പ്രൈം-ടൈം ജിഒപി പ്രസിഡൻഷ്യൽ ഡിബേറ്റിൽ 38-കാരനായ വിവേക് രാമസ്വാമി ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ, മുൻനിരയിലുള്ള ഡൊണാൾഡ് ട്രംപിനെ മറികടക്കാൻ വിവേകോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ പുതിയ തന്ത്രം ആവിഷ്‌കരിച്ചതായി സൂചനയില്ലെന്ന് ഫിനാൻഷ്യൽ ഡെയ്ലി റിപ്പോർട്ടു ചെയ്തു. അവഹേളനങ്ങൾക്കിടയിലും ആത്മവിശ്വാസത്തോടെ ബയോടെക് സംരംഭകൻ തന്റെ എതിരാളികളെ പിന്നിലാക്കി റിപ്പബ്ലിക്കൻ ഡിബേറ്റിൽ മുന്നിലെത്തിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ''വിവേക് രാമസ്വാമി ഷോ'' എന്നാണ് എൻബിസി ന്യൂസ് ഈ ഡിബേറ്റിനെ വിശേഷിപ്പിച്ചത്.
ഡിബേറ്റിന് ശേഷം വളരെ ആത്മവിശ്വാസത്തോടെയാണ് രാമസ്വാമി മാധ്യമങ്ങളെ കണ്ടത്. താനും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാത്രമേ മത്സരത്തിൽ അവശേഷിക്കുന്നുള്ളൂവെന്ന് സംവാദത്തിന് ശേഷം രാമസ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പ്രസിഡന്റുമാരിൽ ഒരാളായാണ് ട്രംപിനെ സംവാദ വേദിയിൽ അദ്ദേഹം വിശേഷിപ്പിച്ചത്. ''ഇന്നത്തെ വിജയി ഞാനായിരുന്നു. താമസിയാതെ ട്രംപും ഞാനും തമ്മിൽ ഏറ്റുമുട്ടുമെന്നും'' വിവേക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേരളത്തിലെ പാലക്കാട് ജില്ലയിൽ കുടുംബ വേരുകളുള്ള വ്യക്തിയാണ് വിവേക് രാമസ്വാമി. യേൽ സർവകലാശാലകളിൽ പഠിച്ച വിവേക് സ്വന്തം ബയോടെക് കമ്പനിയുണ്ടാക്കിയാണ് ശതകോടീശ്വരനായത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആരാവണമെന്ന് തീരുമാനിക്കാനുള്ള പ്രൈമറികളിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസുമാണു വിവേകിന്റെ മുന്നിലുള്ളത്.
1970കളിലാണ് വിവേകിന്റെ മാതാപിതാക്കാൾ അമേരിക്കയിലേയ്ക്ക് കുടിയേറിയത്. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ് വിവേക് രാമസ്വാമിയുടെ അച്ഛൻ വി.ജി. രാമസ്വാമി. കോഴിക്കോട് റീജിയണൽ എൻജീനിയറിങ് കോളേജിൽ നിന്ന് ബിരുദം നേടിയ ഇദ്ദേഹം പഠനത്തിന് ശേഷം അമേരിക്കയിലേക്ക് പോയി. അവിടെ ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം അമേരിക്കയിൽ തന്നെ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു. മൈസൂർ മെഡിക്കൽ കോളേജിൽ നിന്നും ബിരുദം നേടിയ ഗീതയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. 1985ൽ ഈ ദമ്പതികളുടെ മകനായാണ് വിവേക് രാമസ്വാമിയുടെ ജനനം.
ഹാർവാഡ്, യേൽ സർവകലാശാലകളിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിവേക് പിന്നീട് സ്വന്തമായി ഒരു കമ്പനി ആരംഭിച്ചു. പിന്നീടുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു. ബിസിനസിലൂടെ വലിയ നേട്ടങ്ങൾ കൊയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. അമേരിക്കയിലാണ് ജനിച്ച് വളർന്നതെങ്കിലും തമിഴിൽ അസാധ്യമായി സംസാരിക്കാനും വിവേകിന് കഴിയും. ഡോ. അപൂർവ്വ രാമസ്വാമിയെയാണ് വിവേക് വിവാഹം കഴിച്ചത്. യേൽ സർവകലാശാലയിലെ പഠനകാലത്താണ് വിവേക് അപൂർവ്വയെ കണ്ടുമുട്ടിയത്.
2007ൽ ബിസിനസുകൾ ആരംഭിക്കാൻ താൽപ്പര്യമുള്ള സർവകലാശാല വിദ്യാർത്ഥികൾക്കായി അദ്ദേഹം ക്യാംപസ് വെഞ്ച്വർ നെറ്റ് വർക്ക് എന്ന സ്ഥാപനം ആരംഭിച്ചിരുന്നു. 2014 വരെ ഹെഡ്ജ് ഫണ്ട് QVT ഫിനാൻഷ്യലിൽ അദ്ദേഹം ജോലി ചെയ്യുകയും ചെയ്തിരുന്നു. 2014ൽ അദ്ദേഹം റോവന്റ് സയൻസസ് എന്ന ബയോടെക്നോളജി സ്ഥാപനം ആരംഭിച്ചു. മെഡിസിൻ പേറ്റന്റുകൾ വാങ്ങുകയും മരുന്നുകൾ വിപണിയിലെത്തിക്കുകയും ചെയ്യുന്ന കമ്പനിയായിരുന്നു ഇത്. 2021ൽ കമ്പനിയുടെ സിഇഒ സ്ഥാനത്ത് നിന്ന് അദ്ദേഹം പടിയിറങ്ങി. എന്നാൽ ഇപ്പോഴും കമ്പനിയുടെ ഓഹരിയുടമയായി തുടരുന്നുണ്ട്.
വിവേകിന്റെ സഹോദരൻ ശങ്കറും അമേരിക്കയിലെ ബിസിനസ് രംഗത്ത് സജീവമാണ്. 2018 ലാണ് ഏറ്റവും ഒടുവിലായി വിവേക് വടക്കാഞ്ചേരിയിൽ എത്തിയത്. എന്നാൽ വിവേകിന്റെ അച്ഛനും അമ്മയും എല്ലാ വർഷവും നാട്ടിലെത്താറുണ്ട്. വടക്കഞ്ചേരി സ്വദേശി ഗണപതി അയ്യർ തങ്കം ദമ്പതികളുടെ ഏഴു മക്കളിൽ രണ്ടാമനാണ് രാമസ്വാമി. മറ്റു മക്കളായ ഡോ. രാമനാഥൻ, മോഹൻ, പ്രൊഫ. വൃന്ദ, ഇന്ദിര, ശോഭ തുടങ്ങിയവരും അമേരിക്കയിൽ സ്ഥിരതാമസമാണ്. രാമസ്വാമിയുടെ സഹോദരി ചന്ദ്ര സുബ്രഹ്മണ്യൻ മാത്രമാണ് നാട്ടിലുള്ളത്.
മറുനാടന് ഡെസ്ക്