- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രായേല്‍ മുന്നേറ്റം ലോകമഹായുദ്ധമാകുമോ എന്ന് ആശങ്കപ്പെട്ട് അമേരിക്ക; നെതന്യാഹുവിനോട് സംസാരിക്കുമെന്ന് ജോ ബൈഡന്‍; അമേരിക്കയോട് പോലും ആലോചിക്കാതെ യുദ്ധമുന്നേറ്റവുമായി ഇസ്രായേല്‍
ഇസ്രായേല്‍ മുന്നേറ്റം ലോകമഹായുദ്ധമാകുമോ എന്ന് ആശങ്കപ്പെട്ട് അമേരിക്ക
ന്യൂയോര്‍ക്ക്: ഇസ്രായേല്‍ മുന്നേറ്റം ലോകമഹായുദ്ധമാകുമോ എന്ന് ആശങ്കയില്‍ അമേരിക്കന്‍ ഭരണകൂടം. ഇക്കാര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍നെതന്യാഹുവിനോട് സംസാരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. മേഖലയില്‍ ഒരു യുദ്ധം ഉണ്ടാകുന്നത് ഒഴിവാക്കപ്പെടേണ്ടതാണ് എന്നാണ് ബൈഡന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതിനുള്ള എല്ലാ പരിശ്രമവും അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെയും ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മൂറോളം പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലായിരിക്കാം ഒരുപക്ഷെ ബൈഡന്‍ ഈ അഭിപ്രായ പ്രകടനം നടത്തിയത്. അതേ സമയം എപ്പോഴാണ് നെതന്യാഹുമായി ഇക്കാര്യം സംസാരിക്കുന്നത് എന്ന കാര്യം ബൈഡന്‍ വ്യക്തമാക്കിയില്ല. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ ഇസ്രയേല്‍ വധിച്ചത് ഭീകരപ്രസ്ഥാനത്തിന് കനത്ത തിരിച്ചടിയായി എന്നാണ് അമേരിക്കയും കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തന്ത്രപരമായി നീങ്ങാന്‍ തന്നെയാണ് അമേരിക്കയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേലിന്റെ മികച്ച പ്രതിരോധ പങ്കാളിയാണ് ഇസ്രയേല്‍. ഹമാസിനേയും ഹിസബുള്ളയേയും പോലെയുള്ള ഭീകരസംഘടനകളെ അമര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ എല്ലാ കാലത്തും ഇസ്രയേലിന് പൂര്‍ണ പിന്തുണ നല്‍കിയ രാജ്യവുമാണ് അമേരിക്ക.
ഇന്നലെ ഇസ്രയേല്‍ യുദ്ധല വിമാനങ്ങള്‍ ലബനനില്‍ അതിശക്തമായ ആക്രമണമാണ് നടത്തിയത്. തലസ്ഥാനമായ ബെയ്റൂട്ടിന് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സിഡോണ്‍ പട്ടണത്തില്‍ മാത്രം നൂറോളം പേരാണ് കൊല്ലപ്പെട്ടത്. വടക്കന്‍ പ്രവിശ്യയായ ബാല്‍ബക്ക് ഹെര്‍മലില്‍ 21 പേര്‍ കൊല്ലപ്പെടുകയും നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബെയ്റൂട്ടിലെ ഒരു സുപ്രധാന കേന്ദ്രത്തിലേക്ക് തങ്ങള്‍ ആക്രമണം നടത്തി എന്ന് അവകാശപ്പെട്ട ഇസ്രയേല്‍ ആ സ്ഥലം ഏതാണെന്ന് വെളിപ്പെടുത്തിയില്ല. ജനവാസ മേഖലകളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും വീടുകള്‍ തകര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെട്ടു എന്നുമാണ് ലബനന്‍ ആരോപിക്കുന്നത്.
തകര്‍ന്ന് വീണ പല വീടുകളുടേയും അവശിഷ്ടങ്ങള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടക്കുകയാണ് എന്നാണ് ലബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേല്‍ ബോംബ് വര്‍ഷത്തില്‍ 14 ഓളം ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍
ഹസന്‍ നസറുള്ള കൊല്ലപ്പെട്ട ഹിസ്ബുളളയുടെ ആസ്ഥാന മന്ദിരത്തിന്റെ അവിശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. ഹിസ്ബുള്ള തലവനെ വധിച്ചതിന് തൊട്ടു പിന്നാലെ ഹൂത്തി വിമതര്‍ക്ക് നേരേ ഇസ്രയേല്‍ ഇപ്പോള്‍ ആക്രമണം ശക്തമാക്കിയതും മേഖലയില്‍ ആശങ്ക ഉയര്‍ത്തുകയാണ്.
ശനിയാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു എത്തുന്നതിന് തൊട്ടു മുമ്പ് ഹൂത്തികള്‍ ബെന്‍ഗുറിയോന്‍ വിമാനത്താവളത്തിലേക്ക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രയേല്‍ പ്രത്യാക്രമണം നടത്തുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഹൂത്തികള്‍ അവരുടെ കൈവശമുള്ള ഇന്ധനടാങ്കറുകളില്‍ നിന്ന് എണ്ണ നീക്കം ചെയ്തതായി സൂചനയുണ്ട്. അതിനിടെ അമേരിക്കന്‍ ഭരണകൂടം നേരത്തേ അമേരിക്കയും ഫ്രാന്‍സും മുന്നോട്ട് വെച്ച 21 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം വീണ്ടും സജീവമാക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കില്ലെന്ന നിലപാടില്‍ നിന്ന് ഇസ്രയേല്‍ പിന്നോട്ട് പോകാനുള്ള സാധ്യത കുറവാണ്.
21 ദിവസം സമയം ലഭിച്ചാല്‍ ഹിസ്ബുള്ളക്ക് ഈ കാലയളവില്‍ അവരുടെ സ്ഥിതി മെച്ചപ്പെടുത്തി വീണ്ടും ഇസ്രയേലിനെ ആക്രമിക്കാനുള്ള സാധ്യതയുളളതായിട്ടാണ് ഇസ്രയേല്‍ കരുതുന്നത്. അതേസമയം ഇസ്രായേലിന്റെ കുറ്റകൃത്യങ്ങള്‍ക്ക് മറുപടിയുണ്ടാകുമെന്ന് പറഞ്ഞ് ഇറാന്‍ രംഗത്തുവന്നു. അനുയോജ്യമായ സമയത്ത് തന്നെ മറുപടി ലഭിക്കുമെന്നും ഇറാന്‍ സ്ട്രാറ്റജിക് അഫയേഴ്സ് ഡെപ്യൂട്ടി പ്രസിഡന്റ് മുഹമ്മദ് ജവാദ് സരിഫ് വ്യക്തമാക്കി. ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റുള്ളയുടെ അനുസ്മരണ ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലബനാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലായിരുന്നു ഹസന്‍ നസ്റുള്ള കൊല്ലപ്പെട്ടത്.
'' ഇസ്രായേല്‍ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളോടുള്ള ഇറാന്റെ പ്രതികരണം ശരിയായ സമയത്ത് തന്നെ ലഭിക്കും. അത് ഇറാന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഉന്നതതലങ്ങളില്‍ നിന്നും തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും''- ജവാദ് സരിഫ് വ്യക്തമാക്കി. അതിനിടെ ലബനാന് പിന്തുണയുമായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗര്‍ ഗാലിബാനും രംഗത്ത് എത്തി. ലബനാന്‍ സ്പീക്കര്‍ നബിഹ് ബെറിയെ ഫോണില്‍ വിളിച്ചാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. നസ്‌റുള്ളയുടെ മരണത്തില്‍ ഇറാന്‍ സ്പീക്കര്‍ അനുശോചനം അറിയിക്കാന്‍ വിളിച്ചപ്പോഴാണ് പിന്തുണ വ്യക്തമാക്കിയത് എന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്യുന്നു. ലബനന്‍ ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ദിവസം കൂടുംതോറും കൂടുന്നതായാണ് കാണുന്നത്. എന്നത്തേയുംപോലെ ലബനാന്‍ ജനതക്കൊപ്പം നില്‍ക്കുമെന്നും ഇറാന്‍ സ്പീക്കര്‍ വ്യക്തമാക്കി.
ഇതിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയും മുഹമ്മദ് ബഗര്‍ ഗാലിബാന്‍ രംഗത്ത് എത്തി. ഈ കുറ്റകൃത്യങ്ങളിലെല്ലാം യുഎസ് പങ്കാളിയാണെന്നും പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെതിരായ പോരാട്ടം തുടരുമെന്ന് ലബനാന്‍ സ്പീക്കര്‍ ബെറിയും അറിയിച്ചു.
അതേസമയം ബെയ്റൂത്തില്‍ വെച്ച് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സ്(ഐആര്‍ജിസി) ഡെപ്യൂട്ടി കമാന്‍ഡറെ ഇസ്രായേല്‍ കൊലപ്പെടുത്തിയത് നിഷ്ഠൂരമായ കുറ്റകൃത്യമാണെന്നും മറുപടിയില്ലാതെ പോകില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാക്കിയും പറഞ്ഞു. ഹസന്‍ നസ്‌റുള്ളക്കൊപ്പമാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ അബ്ബാസ് നില്‍ഫോറുഷാനും കൊല്ലപ്പെടുന്നത്. ഇറാന്റെ വിവിധ സൈനിക, സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഏര്‍പ്പെട്ടിരിക്കുന്ന ഐആര്‍ജിസിയുടെ ഓപ്പറേഷന്‍സ് കമാന്‍ഡിന്റെ മേല്‍നോട്ടം ഇദ്ദേഹത്തിനായിരുന്നു.