- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനെ പോയാല്‍ അടുത്ത സര്‍ക്കാര്‍ നൈജല്‍ ഫരാജിന്റെ; റിഫോം യുകെ അധികാരത്തില്‍ എത്തിയാല്‍ പരമ്പരാഗത പാര്‍ട്ടികളുടെ അടിവേരിളകും; രാഷ്ട്രീയ ഒത്തു തീര്‍പ്പിലൂടെ ഫലം അട്ടിമറിക്കാന്‍ നീക്കങ്ങള്‍ സജീവം; നൈജല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയാല്‍ സംഭവിക്കുന്നത്
നൈജല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയാല്‍ സംഭവിക്കുന്നത്
ലണ്ടന്‍: അഭിപ്രായ സര്‍വ്വേകളില്‍ തുടര്‍ച്ചയായി മുന്നേറ്റം കാഴ്ച വെയ്ക്കുന്ന റിഫോം യു കെ പാര്‍ട്ടി അടുത്ത തവണ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പിച്ച മട്ടാണ്. അതിനിടയിലാണ് റിഫോമിന്റെ മുന്നേറ്റത്തെ ചെറുക്കാന്‍ ഇടതുപക്ഷ വോട്ടുകള്‍ ഒന്നിപ്പിക്കുന്ന തന്ത്രം രൂപപ്പെടുന്നത്. അടുത്തിടെ യു ഗവ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത ലിബറല്‍ ഡെമോക്രാറ്റ് അനുഭാവികളില്‍ 57 ശതമാനം പേര്‍ പറഞ്ഞത്, റിഫോം യു കെയ്ക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യും എന്നാണ്. സമാനമായ രീതിയില്‍, റിഫോം യു കെ ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ ഗ്രീന്‍സ് പാര്‍ട്ടിയിലെ 46 ശതമാനം പേരും ലേബറിന് വോട്ടു ചെയ്യും.
അതിനെല്ലാം പുറമെ, ലിബറല്‍ ഡെമോക്രാറ്റുകളും, ഗ്രീന്‍സും എന്തിനധികം, ലേബര്‍ പാര്‍ട്ടിപോലും, ചില പ്രത്യേക സാഹചര്യങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ പോലും തയ്യാറാകുമെന്നും സര്‍വ്വേയില്‍ കണ്ടെത്തി. ടൈംസിന് വേണ്ടിയായിരുന്നു സര്‍വ്വേ നടത്തിയത്. അത്യാവശ്യമെങ്കില്‍, റിഫോം അധികാരത്തില്‍ എത്തുന്നത് തടയുവാന്‍ നിലവിലെ ലേബര്‍ വോട്ടര്‍മാരില്‍ 34 ശതമാനം പേര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ തയ്യാറാകുമെന്നാണ് കണ്ടെത്തിയത്. ലിബറല്‍ ഡെമോക്രാറ്റ് വോട്ടര്‍മാരില്‍ 39 ശതമാനവും, ഗ്രീന്‍സ് വോട്ടര്‍മാരില്‍ 19 ശതമാനവും സമാനമായ മനസ്ഥിതി വെച്ചു പുലര്‍ത്തുന്നവരാണ്.
കേര്‍ഫില്ലിയില്‍ കഴിഞ്ഞ മാസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇത്തരത്തിലൊരു തന്ത്രപരമായ വോട്ടിംഗ് ആണ് നടന്നതെന്ന് മുതിര്‍ന്ന റിഫോം നേതാക്കള്‍ ആരോപിച്ചിരുന്നു. പാര്‍ലമെന്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍, പ്രാദേശിക പാര്‍ട്ടിയായ പ്ലെയ്ഡ് വിജയിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. റിഫോം യു കെ ആയിരുന്നു ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയത്. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഈ മണ്ഡലത്തിലെ ഇടത് വോട്ടുകള്‍ പ്ലെയിഡിലേക്ക് മറിഞ്ഞു എന്നാണ് കണക്കാക്കുന്നത്. റിഫോമിന്റെ മുന്നേറ്റത്തെ ചെറുക്കുക എന്നതായിരുന്നു ലക്ഷ്യം.
എന്നാല്‍, റിഫോം യു കെ അധികാരത്തിലെത്തിയാല്‍ എന്താകും സ്ഥിതി എന്ന ആശങ്കയും ഉണ്ട്. പാര്‍ട്ടിയുടെ ഏറ്റവും വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന കെന്റ് കൗണ്‍സിലില്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ചേരിപ്പോരുകലും വിഴുപ്പലക്കലുമാണ് ഇത്തരമൊരു ആശങ്കയ്ക്ക് കാരണമാകുന്നത്. പാര്‍ട്ടി നേതാവായ ലിന്‍ഡെന്‍ കെംകാരന്‍ സ്വേച്ചാധിപത്യപരമായ സമീപനമാണ് പാര്‍ട്ടി കൗണ്‍സിലര്‍മാരോട് പോലും കൈക്കൊള്ളുന്നത് എന്നാണ് ആക്ഷേപം. അതിനിടെ, അഞ്ച് റിഫോം കൗണ്‍സിലര്‍മാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
ഇതോടെയാണ്, അഭിപ്രായ സര്‍വ്വേകളില്‍ തുടര്‍ച്ചയായി മുന്നിട്ട് നില്‍ക്കുന്ന പാര്‍ട്ടിക്ക് രാജ്യം ഭരിക്കാനുള്ള കഴിവും അര്‍ഹതയുമുണ്ടോ എന്ന ചോദ്യം ഉയരുന്നത്. എന്നാല്‍, രാഷ്ട്രീയത്തില്‍ ഇതെല്ലാം സാധാരണ സംഭവങ്ങള്‍ മാത്രമാണെന്ന നിലപാടാണ് കെംകാരനുള്ളത്.എന്നാല്‍, കടല്‍ക്കൊള്ളക്കാരുടെ കപ്പല്‍ പോലെയാണ് പാര്‍ട്ടി എന്നാണ് റിഫോം യു കെയുടെ അഞ്ച് എം പിമാരില്‍ ഒരാണായ ഡാനി ക്രുഗര്‍ അടുത്തിടെ പറഞ്ഞത്. അച്ചടക്കമില്ലാത്ത അണികളും, ഏകാധിപതിയായ ക്യാപ്റ്റനുമാണ് ഉള്ളതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, 21 കൗണ്ടി കൗണ്‍സിലുകളില്‍ ആറെണ്ണം ഉള്‍പ്പടെ ഇംഗ്ലണ്ടിലെ 10 പ്രാദേശിക ഭരണകൂടങ്ങള്‍ പൂര്‍ണ്ണമായും റിഫോമിന്റെ കൈയ്യിലാണ്. അധികാരത്തിലേറി അധികം താമസിയാതെ തന്നെ ട്രംപ് മോഡലില്‍ ഡോജ് നടപ്പിലാക്കുകയും ചെയ്തു. എലന്‍ മസ്‌കിന്റെ മാതൃകയില്‍ ചെലവ് ചുരുക്കല്‍ നടപടികളിലാണ് പാര്‍ട്ടി കൂടുതല്‍ ശ്രദ്ധയൂന്നുന്നത്. ഇതിനായി, അനാവശ്യ ചെലവുകള്‍ കണ്ടെത്തുന്നതിനായി ഒരു സമിതിയും പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ഈ സമിതിയുടെ പ്രവര്‍ത്തനം അത്ര കാര്യക്ഷമമല്ല എന്ന ആരോപണമാണ് ഉയരുന്നത്.




