- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനിസ് പ്രസിഡന്റിനൊപ്പം ജാക്മാ പൊതുവേദിയില്‍; ഒന്നാം നിരയില്‍ സീറ്റും; ആലിബാബ സ്ഥാപകന്‍ വീണ്ടും ഷിജിങ് പിങിന്റെ ഗുഡ്ബുക്കില്‍; ചൈനയിലെ ഐ.ടി മേഖലയിലും ജാക്മായുടെ തിരിച്ചുവരവ് ഉണര്‍വ്വു നല്കുന്നു; മസ്ക് -ട്രംപ് കൂട്ടുകെട്ടിന് ബദലാകുമോ ജാക്മാ-ഷിജിങ് ടീം?
ചൈനിസ് പ്രസിഡന്റിനൊപ്പം ജാക്മാ പൊതുവേദിയില്‍
ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീജിങ് പിങ്ങ് കഴിഞ്ഞ ദിവസം രാജ്യത്തെ വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്ത് വന്നപ്പോള്‍ പലരേയും അമ്പരപ്പിച്ചത് അതില്‍ ഒരാളിന്റെ സാന്നിധ്യമാണ്. ആലിബാബ സ്ഥാപകനായ ജാക്ക്മാ ആയിരുന്നു ആ വ്യക്തി. ചൈനയിലെ വ്യവസായ മേഖലയിലെ ഏറ്റവും നിറപ്പകിട്ടാര്‍ന്ന വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്ന ഇദ്ദേഹം കഴിഞ്ഞ അഞ്ചു വര്‍ഷമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു.
2020 ല്‍ ജാക്മാ ചൈനയുടെ സാമ്പത്തിക മേഖലയെ കുറിച്ച് വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഒരു വേദിയിലും പിന്നീട് കാണാന്‍ കഴിയാത്തത് എന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഈ പ്രമുഖന്‍ ഇപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതിന്റെ കാരണമാണ് ഇപ്പോള്‍ എല്ലാവരും തിരയുന്നത്. ചൈനയിലെ ഐ.ടി മേഖലയിലും ജാക്മായുടെ ഈ തിരിച്ചുവരവ് ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് ഓഹരിവിപണിയിലും വന്‍ മാറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആലിബാബ ഉള്‍്പ്പെടെയുള്ള കമ്പനികളുടെ ഓഹരിവിലയില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ആലിബാബയുടെ ഓഹരികളുടെ വില എട്ട് ശതമാനമാണ് ഉയര്‍ന്നത്. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ കമ്പനിയുടെ ഷെയറുകള്‍ ഓഹരി വിപണിയില്‍ വന്‍ കുതിച്ചുകയറ്റമാണ് നടത്തിയിരിക്കുന്നത്. ഡീപ്്സീക്ക് സ്ഥാപകനായ ലിയാങ് വെന്‍ഫെങ്ങും ഷിജിങ്പിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
ചടങ്ങില്‍ ഒന്നാം നിരയിലാണ് ജാക്ക്മാക്ക് ഇരിപ്പിടം നല്‍കിയിരുന്നത്. ഷീജിങ്പിങ് അദ്ദേഹത്തിന് ഹസ്തദാനം നല്‍കുകയും ചെയ്തു. ഇതൊക്കെ സൂചിപ്പിക്കുന്നത് ജാക്മാ വീണ്ടും സര്‍ക്കാരിന്റെ ഗുഡ്ബുക്കില്‍ ഇടംപിടിച്ചു എന്ന് തന്നെയാണ്. സമൂഹ മാധ്യമങ്ങളും ജാക്ക്മായുടെ തിരിച്ചുവരവ് വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ഒരു ഇംഗ്ലീഷ് അധ്യാപകന്‍ മാത്രമായിരുന്ന കമ്പ്യൂട്ടര്‍ സാങ്കേതിക മേഖലയില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ജാക്മാ എളിയ നിലയില്‍ തുടങ്ങിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ആലിബാബ
പിന്നീട് വന്‍ വളര്‍ച്ച നേടുകയായിരുന്നു.
പിന്നീട് ചൈനയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി അദ്ദേഹം മാറുകയായിരുന്നു. എന്നാല്‍ ഷിജ്ങ്പിങ് പങ്കെടുത്ത ചടങ്ങില്‍ ജാക്മായ്ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നതും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി തിരിച്ചെത്തിയതോടെ ചൈനയെ സാമ്പത്തികമായി തളര്‍ത്താനുള്ള നീക്കങ്ങള്‍ സജീവമാക്കിയ സാഹചര്യത്തിലാണ് ചൈനീസ് സര്‍ക്കാര്‍ വീണ്ടും ജാക്മായെ പോലെയുള്ള വന്‍ വ്യവസായികളെ പൊതുവേദികളില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നാണ് സൂചന.