- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ്പൂരിലെ ശിൽപിയുടെ കരകൗശലത്തിൽ നിർമ്മിച്ച പ്രത്യേക ചന്ദനപ്പെട്ടി; കൈകൊണ്ട് നിർമ്മിച്ചിട്ടുള്ള ഗണപതി ഭഗവാന്റെ വിഗ്രഹം; 7.5 കാരറ്റിന്റെ പച്ച വജ്രം; യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിതയ്ക്കും പ്രധാനമന്ത്രി മോദി നൽകിയത് ഇന്ത്യൻ പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്ന സമ്മാനങ്ങൾ; വാഷിങ്ടണിൽ മോദിക്ക് രാജകീയ സ്വീകരണം
വാഷിങ്ടൺ: യുഎസ് സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജകീയ സ്വീകരണമാണ് ലഭിക്കുന്നത്. വൈറ്റ് ഹൗസിലേക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യയും ചേർന്നാണ് അദ്ദേഹത്തിന് സ്വീകരണം ഒരുക്കി നൽകിയത്. ബൈഡനെയും പ്രഥമ വനിത ജിൽ ബൈഡൻ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ആൻഡ്രൂസ് വിമാനത്താവളത്തിൽ എത്തുന്നതിന്റേയും, വൈറ്റ് ഹൗസിൽ ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്നേഹോഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. ബൈഡനുമായി പ്രധാനമന്ത്രി വിവിധ വിഷയങ്ങളിൽ ചർച്ചയും നടത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, പ്രഥമ വനിത ജിൽ ബൈഡൻ എന്നിവർക്ക് ഇന്ത്യൻ പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്ന സമ്മാനങ്ങളും കൈമാറിയിട്ടുണ്ട്.
ലണ്ടനിലെ ഫേബർ ആൻഡ് ഫേബർ ലിമിറ്റഡ് പ്രസിദ്ധീകരിക്കുകയും ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി പ്രസ്സിൽ അച്ചടിക്കുകയും ചെയ്ത 'ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്' എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പിന്റെ പ്രിന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചു. ഇന്ത്യൻ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവർത്തനമാണ് 'ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്'. 1937-ൽ, ശ്രീ പുരോഹിത് സ്വാമിയുമായി ചേർന്ന് എഴുതിയ ഇന്ത്യൻ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവർത്തനം ഡബ്ല്യൂടി യീറ്റ്സാണ് പ്രസിദ്ധീകരിച്ചത്.
രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ ശിൽപിയുടെ കരകൗശലത്തിൽ നിർമ്മിച്ച പ്രത്യേക ചന്ദനപ്പെട്ടിയും ബൈഡന് നൽകി. കർണാടകയിലെ മൈസൂരിൽ നിന്നെത്തിച്ച ചന്ദനമരത്തിൽ നിറയെ കൊത്തുപണികളാൽ തീർത്തിട്ടുള്ളതാണ് ഈ ചന്ദനപ്പെട്ടി. കൈകൊണ്ട് നിർമ്മിച്ചിട്ടുള്ള ഗണപതി ഭഗവാന്റെ വിഗ്രഹമാണ് ഈ പെട്ടിക്കുള്ളിലുള്ളത്.
കൊൽക്കത്തയിലെ വെള്ളിപ്പണിക്കാരുടെ അഞ്ചാം തലമുറയാണ് വിഗ്രഹവും വിളക്കും നിർമ്മിച്ചിരിക്കുന്നത്. രാജസ്ഥാൻ കരകൗശലത്തൊഴിലാളികൾ രൂപകല്പന ചെയ്ത 99.5% ശുദ്ധവും ഹാൾമാർക്ക് ചെയ്തതുമായ വെള്ളി നാണയവും, പഞ്ചാബിൽ നിന്നുള്ള നെയ്യും, ഝാർഖണ്ഡിൽ നിന്ന് കൈകൊണ്ട് നെയ്ത ടെക്‌സ്ചർ ടസർ സിൽക്ക് തുണിയും പെട്ടിയിലുണ്ട്. കൂടാതെ ഉത്തരാഖണ്ഡിൽ നിന്നുള്ള നീണ്ട അരി, മഹാരാഷ്ട്രയിൽ നിന്നുള്ള ശർക്കരയും പ്രധാനമന്ത്രി സമ്മാനിച്ച പെട്ടിയിൽ ഉൾപ്പെടുന്നു.
ലാബിൽ നിർമ്മിച്ച 7.5 കാരറ്റ് പച്ച വജ്രം യുഎസ് പ്രഥമ വനിത ഡോ. ജിൽ ബൈഡന് സമ്മാനിച്ചു. സൗരോർജ്ജം, കാറ്റ് വൈദ്യുതി എന്നിവ പോലുള്ള പരിസ്ഥിതി സൗഹാർദ്ദ വഴികളിലൂടെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ സവിശേഷതയുള്ളതാണ് പച്ച വജ്രത്തിന്. കശ്മീരിലെ അതിവിദഗ്ധരായ കരകൗശല വിദഗ്ധരർ നിർമ്മിച്ച പെട്ടിയിലാണ് ഈ വജ്രം വെച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ അടയാളപ്പെടുത്തുകയും സുസ്ഥിരമായ ഉഭയകക്ഷി ബന്ധങ്ങളെയും പച്ച വജ്രം പ്രതീകപ്പെടുത്തുന്നുണ്ട്. വൈറ്റ്ഹൗസിലെ ഔദ്യോഗിക അത്താഴവിരുന്നിലും ഇന്ന് മോദി പങ്കെടുക്കും.
യുഎൻ ആസ്ഥാനത്തെ യോഗാദിനാചരണത്തിന് ശേഷമാണ് പ്രധാനമന്ത്രി വാഷിങ്ടൺ ഡിസിയിലെത്തിയത്. 135 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഇത്തവണ ഐക്യരാഷ്ട്ര സഭയുടെ ന്യൂയോർക്കിലെ ആസ്ഥാനത്ത് നടന്ന യോഗ ദിനാചരണത്തിൽ പങ്കെടുത്തത്. ഏറ്റവും അധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത പൊതുപരിപാടി എന്ന റെക്കോർഡ് നേട്ടവും ഇത്തവണത്തെ യോഗ ദിനാചരണത്തിന് കൈവരിച്ചു. ഖത്തറിൽ 2022 ൽ നടന്ന യോഗ ദിനാചരണത്തിനായിരുന്നു നേരത്തെ ഈ റെക്കോർഡ്. ഇന്ത്യൻ എംബസിയുടെ കീഴിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ സംഘടിപ്പിച്ച ആ യോഗ പരിപാടിയിൽ 114 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഭാഗമായിരുന്നത്. ഈ ഗിന്നസ് റെക്കോർഡാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇത്തവണ തിരുത്തിയത്.
ഇതിന് പിന്നാലെ അദ്ദേഹം യുഎസിലെ പ്രഥമ വനിത ജിൽ ബൈഡനെ കാണുകയും വിർജീനിയയിലെ അലക്സാണ്ട്രിയയിലെ നാഷണൽ സയൻസ് ഫൗണ്ടേഷൻ സന്ദർശിക്കുകയും ചെയ്തിരുന്നു. തുടർന്ന് വൈറ്റ് ഹൗസിൽ താനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചേർന്ന് പ്രധാനമന്ത്രി മോദിക്കായി ഒരുക്കുന്ന അത്താഴ വിരുന്നിന്റെ വിശദാംശങ്ങൾ ജിൽ ബൈഡൻ നൽകി.
അതേസമയം ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് അദ്ദേഹം നേതൃത്വം നൽകി. യുഎസിലേക്കുള്ള തന്റെ ആദ്യ ഡിപ്ലോമാറ്റിക് സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ, പ്രധാനമന്ത്രി മോദി പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
നേരത്തെ യുഎൻ ആസ്ഥാനത്ത് യോഗാദിനാചരണത്തെ നയിച്ച ശേഷമാണ് മോദി വാഷിങ്ടൺ ഡിസിയിലേക്ക് പുറപ്പെട്ടത്. അന്താരാഷ്ട്ര യോഗ ദിനത്തിൽ തന്നോടൊപ്പം ചേർന്നവരോട് നന്ദിയുണ്ടെന്നും അവരുടെ ഊർജ്ജവും പ്രതിബദ്ധതയും അപാരമാണെന്നും മോദി പറഞ്ഞു. ന്യൂയോർക്കിലേത് ഗംഭീര യോഗാദിനാചരണമായിരുന്നെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
മറുനാടന് ഡെസ്ക്