ലണ്ടൻ: നാല് വയസ്സ് മുതൽ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന ലോകാരോഗ്യസംഘടനയുടെ നിർദേശത്തിന് നേരെ വ്യാപകമായ പ്രതിഷേധം. നാല് വയസ്സ് പ്രായമുള്ള കുട്ടികൾ ലൈംഗികതയെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കണമെന്നും അവർക്ക് സ്വയംഭോഗം അടക്കമുള്ള കാര്യങ്ങൾ പറഞ്ഞുനൽകണമെന്ന നിർദേശവുമാണ് ലോകാരോഗ്യസംഘടന മുന്നോട്ടുവെച്ചത്. സംഭവം വിവാദമായതോടെ വലിയ തിരിച്ചടിയാണ് സംഘടന നേരിടുന്നത്.

ലോകാരോഗ്യസംഘടന യൂറോപ്പിലെ സ്‌കൂളുകൾക്ക് ലൈംഗിക വിദ്യാഭ്യാസം സംബന്ധിച്ച് നൽകിയ മാർഗനിർദേശങ്ങൾക്കെതിരെ ഇതിനോടകം വലിയ പ്രതിഷേധവുമായി മാതാപിതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. ലൈംഗികത ജനനം മുതൽ ആരംഭിക്കുന്ന ഒന്നാണെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്. നാല് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ലൈംഗിക കാര്യങ്ങൾ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും മാർഗനിർദശത്തിൽ പറയുന്നു.

ഇത്തരമൊരു മാർഗനിർദ്ദേശം രാഷ്ട്രീയ നേതൃത്വത്തിന്റേയും ജനപ്രതിനിധികളുടേയും പോലും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. നാലും ആറും വയസ്സുള്ള കുട്ടികളെ സ്വയംഭോഗം അടക്കമുള്ള കാര്യങ്ങൾ പഠിപ്പിക്കണമെന്നാണ് വിവാദ മാർഗനിർദേശത്തിൽ ലോകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം. എന്നാൽ ഇത്തരം കാര്യങ്ങൾ ബ്രിട്ടനിലെ സ്‌കൂളുകളി്ൽ നടപ്പാക്കില്ലെന്നും നിർദേശത്തെ തള്ളുകയാണെന്നും ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.

കുട്ടികളിലെ ലൈംഗിക വിദ്യാഭ്യാസം സംബന്ധിച്ച് ഇപ്പോൾ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മാർഗനിർദേശത്തോട് തങ്ങൾക്ക് യോജിപ്പില്ലെന്നും അത് അംഗീകരക്കുകയോ രാജ്യത്തെ സ്‌കൂളുകളിൽ ഇത് പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്നും സർക്കാർ വക്താവ് വ്യക്തമാക്കി. രാജ്യത്തെ സ്‌കൂളുകളിൽ കുട്ടികൾക്കും യുവാക്കൾക്കും ബന്ധങ്ങളെ കുറിച്ചും ആരോഗ്യകരമായി അത് നിലനിർത്തുന്നതിനും തങ്ങളുടേതായ മാർഗനിർദേശങ്ങൾ നിലവിലുണ്ടെന്നും വക്താവ് പറഞ്ഞു.

ഇത്തരമൊരു നിർദ്ദേശം ഉടൻ പിൻവലിക്കാൻ ലോകാരോഗ്യസംഘടന തയ്യാറാകണമെന്ന് വെയ്ൽസിലെ വിദ്യാഭ്യാസ മന്ത്രി ലോറ ആൻ ജോൺസ് ആവശ്യപ്പെട്ടു. ഇത്തരമൊരു നിർദേശത്തോട് കടുത്ത വിയോജിപ്പാണ് ബാലാവകാശ സംഘടനകളും രേഖപ്പെടുത്തുന്നത്. ഇത്തരം നിർദേശങ്ങൾ എങ്ങനെയാണ് മാർഗനിർദേശത്തിൽ ഉൾപ്പെട്ടതെന്ന് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.

എന്നാൽ വലിയ രീതിയിലുള്ള വിമർശനവും തിരിച്ചടിയും ഉണ്ടായിട്ടും തങ്ങൾ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ ഉറച്ചുനിർക്കുകയാണ് ലോകാരോഗ്യ സംഘടന. തങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പതിറ്റാണ്ടുകളുടെ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് സംഘടനയുടെ വക്താവ് അഭിപ്രായപ്പെട്ടത്.