- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കക്കാര്‍ ഇക്കുറി ആരുടെ കൂടെ നില്ക്കും? ബൈഡന് പകരം വന്ന കമല ഹാരിസ് ട്രംപിനെ വീഴ്ത്തുമോ? അഭിപ്രായ സര്‍വേകളില്‍ കമലയ്ക്ക് മുന്‍തൂക്കം; യുവാക്കള്‍ക്കും പ്രിയം ഇന്ത്യന്‍ വംശജയോട്
കമല ഹാരിസ് ട്രംപിനെ വീഴ്ത്തുമോ?
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപിനെ വീഴ്ത്തുമോ? ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയിലെ സര്‍വേയില്‍ കമല 38 പോയിന്റുകള്‍ക്കാണ് ട്രംപിനേക്കാള്‍ ലീഡ് ചെയ്യുന്നത്. ഷിക്കാഗോ സര്‍വകലാശാലയില്‍ എന്‍ ഒ ആര്‍ സി സംഘടിപ്പിച്ച പോളിന്റെ ഫലം ചൊവ്വാഴ്ചയാണ് പുറത്തുവിട്ടത്. ജൂലൈയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ മത്സര രംഗത്ത് നിന്ന് പിന്മാറിയ ശേഷമുള്ള ആദ്യ സര്‍വേയാണിത്.
സര്‍വേ പ്രകാരം, 59 കാരിയായ കമല, 78 കാരനായ ട്രംപിനേക്കാള്‍ 38 ശതമാനം പോയിന്റ് ലീഡ് ചെയ്യുന്നു. ബൈഡന്റെ 15 പോയിന്റ് ലീഡാണ് കമല വിപുലമാക്കിയത്. 66 ശതമാനത്തോളം വരുന്ന ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ കമല ഹാരിസിന് വോട്ടുചെയ്യാന്‍ ഉദ്ദേശിക്കുന്നു. 28 ശതമാനമാണ് ട്രംപിനൊപ്പം. മറ്റൊരു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നോ, തീരുമാനിച്ചില്ലെന്നോ പറയുന്നവര്‍ ആറുശതമാനവും.
ഏപ്രില്‍-മെയില്‍ നടന്ന സര്‍വേയില്‍ 46 ശതമാനം ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ ബൈഡനെ പിന്തുണച്ചിരുന്നു. 31 ശതമാനം പേര് ട്രംപിനെയും 23 ശതമാനം പേര്‍ മറ്റൊരാള്‍ക്ക് വോട്ടുചെയ്യുന്നവരോ തീരുമാനമെടുക്കാത്തവരോ ആയിരുന്നു. 2020 ജുലൈ-സെപ്റ്റംബര്‍ സര്‍വേയില്‍ അത് യഥാക്രമം ബൈഡന് 54ശതമാനം, ട്രംപിന് 30 ശതമാനം എന്നിങ്ങനെയായിരുന്നു. ഏഷ്യന്‍ ആഫ്രിക്കന്‍ വോട്ടര്‍മാര്‍ക്കിടയിലെ കമല ഹാരിസിന്റെ ജനപ്രീതി 18 പോയിന്റ് ഉയര്‍ന്നിട്ടുണ്ട്.
പ്രസിഡന്റ് ബൈഡന് യുവാക്കള്‍ക്കിടയില്‍ ജനപ്രീതി കുറവായിരുന്നു. എന്നാല്‍, വൈസ് പ്രസിഡന്റ് കമല ഹാരിസിന് ആ പ്രശ്‌നമില്ല. ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് നടത്തിയ പുതിയ സര്‍വേയില്‍ 18-29 പ്രായപരിധിയിലുള്ള യുവാക്കള്‍ക്കിടയില്‍ കമലയ്ക്ക് ട്രംപിനേക്കാള്‍ 31 പോയിന്റ് ലീഡുണ്ട്.
പ്രധാന പോരാട്ടം നടക്കുന്ന മിച്ചിഗണിലെ സഫോള്‍ക്ക് സര്‍വകലാശാല യുഎസ്എ ടുഡേയ്ക്ക് വേണ്ടി നടത്തിയ സര്‍വേയില്‍, കമല ഹാരിസിന് നേരിയ ഭൂരിപക്ഷമുണ്ട്. 48 ശതമാനം പേര്‍ കമലയെ പിന്തുണയ്ക്കുമ്പോള്‍ 45 ശതമാനം പേര്‍ ട്രംപിന് വോട്ടുചെയ്യുമെന്ന് പറയുന്നു. എന്തായാലും ഇതുവരെ തീരുമാനമെടുക്കാത്തവരുടെ വോട്ടാകും വൈറ്റ് ഹൗസില്‍ ആരെത്തുമെന്ന് തീരുമാനിക്കുക. നവംബര്‍ 5 നാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഡെമോക്രാറ്റിക് സംസ്ഥാനമായ ന്യൂയോര്‍ക്കില്‍ അടക്കം ട്രംപ് നല്ല പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. എന്നിരുന്നാലും കമലയ്ക്ക് ഇപ്പോള്‍ നേരിയ മുന്‍തൂക്കമുണ്ട്.