ജറുസലേം: സ്‌നേഹിക്കുന്നവർക്ക്, ദൈവമാണ് നെതന്യാഹു. എന്നാൽ വിമർശകർക്ക് ചെകുത്താനും. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്നതാണ് ശൈലി. ഇപ്പോഴിതാ ആരെയും വകവയ്ക്കാതെ ജുഡീഷ്യറിയെ ദുർബലമാക്കുന്ന വിവാദ നിയമം ഇസ്രയേൽ പാർലമെന്റ് പാസാക്കിയിരിക്കുകയാണ്. ആറുമാസം നീണ്ട പ്രതിഷേധങ്ങൾക്കും, അമേരിക്കയുടെ സമ്മർദ്ദങ്ങൾക്കും ഒന്നും വഴങ്ങാതെയാണ് തിങ്കളാഴ്ച സുപ്രീംകോടതിക്ക് കടിഞ്ഞാണിടുന്ന ബിൽ പാസാക്കിയത്.

സർക്കാർ മുന്നണിയിലെ ഏല്ലാവരും ബില്ലിന് അനുകൂലമായി വോട്ടുചെയ്തു(64-0). വോട്ടെടുപ്പിനിടെ പ്രതിപകഷം ഇറങ്ങിപ്പോയി. പേസ് മേക്കർ ഘടിപ്പിക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണെന്നതൊന്നും വകവയ്ക്കാതെ 73കാരനായ നെതന്യാഹു വോട്ടെടുപ്പിനെത്തി. ബിൽ പാസാക്കുന്നതിൽ നിന്ന് പിന്മാറുമെന്നോ, വ്യവസ്ഥകൾ ലഘൂകരിക്കുമെന്നോ ഉള്ള പ്രതീക്ഷകൾ അസ്ഥാനത്തായി.

സർക്കാരിന്റെ അന്യായമായ തീരുമാനങ്ങളെ റദ്ദാക്കാനുള്ള സുപ്രീം കോടതിയുടെ അധികാരം എടുത്തുകളയുന്നുവെന്നതാണ് നിയമത്തിന്റെ ഏറ്റവും വലിയ ദോഷം. സർക്കാർ തീരുമാനം രാജ്യത്തെ രണ്ടായി ഭിന്നിപ്പിച്ചിരിക്കുകയാണെന്ന് പറയാം. അതുകൊണ്ട് തന്നെ ആയിരങ്ങളാണ് പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുക്കുന്നത്.

എന്തുമാറ്റങ്ങൾ വരും?

നെസറ്റിൽ (പാർലമെന്റ്) പാസാക്കിയേടുക്കേണ്ടത്, ജുഡീഷ്യറിയെ മാറ്റിമറിക്കുന്ന ബില്ലുകളുടെ ഒരുപാക്കേജാണ്. അതിൽ ഒരെണ്ണമാണ് തിങ്കളാഴ്ച പാസാക്കിയത്. സർക്കാരിന്റെ വിവിധ ശാഖകൾ തമ്മിലുള്ള അധികാര സന്തുലനം ലക്ഷ്യമിട്ടാണ് നിയമം പാസാക്കുന്നതെന്ന് നെതന്യാഹുവും, അനുയായികളും വാദിക്കുന്നു. എന്നാൽ, അത് ഇസ്രയേലി ജനാധിപത്യത്തിനും ജുഡീഷ്യറിയുടെ സ്വതന്ത്ര പ്രവർത്തനത്തിനും ഭീഷണിയെന്ന് വിമർശകർ മറുവാദം ഉന്നയിക്കുന്നു.

'ന്യായയുക്തത തത്ത്വം' ഇസ്രയേൽ ജുഡീഷ്യറിയിൽ മാത്രമല്ല, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും നിലവിലുണ്ട്. ഒരുനിയമത്തിന്റെ സാധുത, പൊതുജനസേവകർ എടുക്കുന്ന തീരുമാനങ്ങൾ ന്യായയുക്തമാണോ എന്നതിലെ ജഡ്ജിമാർ തീരുമാനം, തുടങ്ങിയവയ്ക്കാണ് ഈ മാനദണ്ഡം ആ രാജ്യങ്ങളിലെ കോടതികൾ ഉപയോഗിക്കുന്നത്. മുഖ്യസഖ്യകക്ഷിയായ ഷാസ് പാർട്ടിയുടെ തലവൻ ആർയെ ഡെറിയെ എല്ലാ മന്ത്രി പജവികളിൽ നിന്നും നീക്കാൻ നെതന്യാഹു നിർബന്ധിതനായത് ക്രിമിനൽ കേസുകളിൽ പെട്ടയാളെ നിയമിക്കുന്നത് അന്യായമെന്ന ഹൈക്കോടതി വിധിയുടെ ചുവട് പിടിച്ചായിരുന്നു.

പുതിയ മാറ്റങ്ങൾ നടപ്പാകുമ്പോൾ, വലതുപക്ഷ സർക്കാരിന് ജഡ്ജിമാരുടെ നിയമനത്തിൽ കൂടുതൽ നിയന്ത്രണം കൈവരും. അതുപോലെ, സ്വതന്ത്ര നിയമോപദേഷ്ടാക്കളെ മന്ത്രാലയങ്ങളിൽ നിന്ന് ഇഷ്ടാനുസരണം നീക്കം ചെയ്യുകയും ആവാം. ഇസ്രയേലി ജനതയെ പ്രതിനീധീകരിക്കാത്ത ഒരു ഒറ്റപ്പെട്ട വരേണ്യ സംഘമായി സുപ്രീം കോടതി മാറിയെന്നാണ് പ്രധാനമന്ത്രിയും അനുയായികളും വാദിക്കുന്നത്. തങ്ങളുടെ അധികാരപരിധി കടന്നുള്ള വിഷയങ്ങളിൽ കോടതി ഇടപെടുന്നുവെന്നും ആക്ഷേപമുണ്ട്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ജഡ്ജി നിയമനം രാഷ്ട്രീയക്കാരാണ് നിയന്ത്രിക്കുന്നത് എന്നാണ് പ്രധാനമന്ത്രിയുടെ വാദം.

അഴിമതി ആരോപണങ്ങളിൽ നിന്നുരക്ഷ നേടാനോ?

12 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന നെതന്യാഹുവിനെ താഴെയിറക്കിയത് യെഷ് ആത്തിദ് പാർട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയാണ്. 2019-നും 2021-നുമിടയ്ക്ക് മൂന്നുതിരഞ്ഞെടുപ്പുകൾ നടന്നെങ്കിലും ഭൂരിപക്ഷസർക്കാരുണ്ടാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. ഒടുവിൽ 2021-ൽ അസാധാരണ കൂട്ടുകെട്ടിലൂടെ യയീർ ലപീദും നഫ്താലി ബെന്നറ്റും ചേർന്ന് ഭരണം പിടിക്കുകയായിരുന്നു. ആർക്കും കേവലഭൂരിപക്ഷം ലഭിക്കാതെവന്നപ്പോൾ ലപീദും നഫ്താലി ബെന്നറ്റും പ്രധാനമന്ത്രിസ്ഥാനം പങ്കിടാമെന്ന വ്യവസ്ഥയിൽ സർക്കാരുണ്ടാക്കി. ഇതാണ് നെതന്യാഹുവിന് തിരിച്ചടിയായത്. ഇതിനിടയിൽ അഴിമതിയാരോപണങ്ങളും നെതന്യാഹുവിനെ വേട്ടയാടി. 2016-ലാണ് നെതന്യാഹുവിനെതിരേ അന്വേഷണമാരംഭിച്ചത്. 2019-ൽ കൈക്കൂലി, തട്ടിപ്പ്, വിശ്വാസവഞ്ചന എന്നിങ്ങനെ മൂന്നുകേസുകളിൽ പ്രതിയായി. 2020-ൽ വിചാരണ നേരിടുന്ന ആദ്യത്തെ പ്രധാനമന്ത്രിയായി

.

സ്വന്തം അഴിമതി കേസുകളിലെ വിചാരണയിൽ നിന്ന് സംരക്ഷണം നേരിടാനാണ് നിയമഭേദഗതിയുമായി നെതന്യാഹു മുന്നോട്ടുപോകുന്നതെന്നാണ് വിമർശമം. തട്ടിപ്പ്, കോഴ, വിശ്വാസ വഞ്ചന തുടങ്ങിയ ആരോപണങ്ങൾ നേരിടുന്നുണ്ടെങ്കിലും എല്ലാം പ്രധാനമന്ത്രി നിഷേധിക്കുകയും ചെയ്യുന്നു.

മാർച്ചിൽ, പാസാക്കിയ മറ്റൊരു നിയമപ്രകാരം, നിലവിലെ പ്രധാനമന്ത്രിയെ അയോഗ്യനെന്ന് വിധി കൽപ്പിക്കുക തീർത്തും അസാധ്യമെന്ന് തന്നെ പറയാം. ശാരീരികമോ, മാനസികമോ ആയ പ്രശ്‌നങ്ങൾ ഉണ്ടായാൽ, ക്യാബിനറ്റിന്റെ മൂന്നിൽ, രണ്ട് വോട്ടോടുകൂടി മാത്രമേ പ്രധാനമന്ത്രിയെ നീക്കം ചെയ്യാനാവൂ.

മാറ്റങ്ങൾ വന്നാൽ എന്താണ് കുഴപ്പം?

1948 ൽ സ്ഥാപിതമായ ഇസ്രയേലി ജുഡീഷ്യറിയുടെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണ് നിയമമാറ്റങ്ങൾ. എഴുതപ്പെട്ട ഭരണഘടനയില്ലാത്ത ഇസ്രയേലിൽ അർദ്ധ ഭരണഘടനാ അടിസ്ഥാന നിയമങ്ങളും, താരതമ്യേന ശക്തമായ സുപ്രീം കോടതിയുമാണുള്ളത്. ഇതു കുഴപ്പങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് മാറ്റങ്ങൾക്ക് വേണ്ടി വാദിക്കുന്നവർ പറയുന്നത്. എന്നാൽ, സർക്കാരിന്റെയും നെസറ്റിന്റെയും അധികാരത്തെ നിയന്ത്രിക്കാൻ ആകെയുള്ളത് സുപ്രീം കോടതി മാത്രമെന്ന സത്യവും അവശേഷിക്കുന്നു. തോന്നിയ പോലെ ഭരിക്കാനുള്ള ലൈസൻസാകും നിയമഭേദഗതിയെന്ന് വിമർശകർ വാദിക്കുന്നു. ന്യൂനപക്ഷാവകാശം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ ഇസ്രയേലിന്റെ അടിസ്ഥാന നിയമങ്ങളിൽ പരാമർശിക്കാത്ത അവകാശങ്ങളെ ഹനിക്കുകയും, ഇസ്രയേലി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയും ചെയ്യുന്നതാണ് നിയമഭേദഗതിയെന്നും ആക്ഷേപമുണ്ട്.

ഇസ്രയേലിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അങ്ങേയറ്റം പിന്തിരിപ്പൻ എന്ന് ഇതുവരെ കണക്കാക്കിയിരുന്ന രാഷ്ട്രീയ പാർട്ടികളാണ് ഇത്തവണ നെതന്യാഹുവിനൊപ്പം അധികാരം പങ്കുവയ്ക്കുന്നത്. അതാണ് പേടിയുടെ പിന്നിലെ മറ്റൊരു കാരണം. ഫെബ്രുവരിയിൽ, ഇസ്രയേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ അഭിപ്രായ സർവേയിൽ, വളരെ കുറച്ചുപേർ മാത്രമാണ് സർക്കാരിന്റെ നിയമമാറ്റങ്ങളെ സ്വാഗതം ചെയ്തത്. 72 ശതമാനം പേർ ഒരുഅനുരഞ്ജനത്തിന് വേണ്ടി വാദിച്ചപ്പോൾ, തെറ്റായ നിയമങ്ങൾ റദ്ദാക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടാകണമെന്ന് 66 ശതമാനം പേരും, ജഡ്ജിമാരുടെ നിലവിലെ നിയമന രീതി തുടരണമെന്ന് 63 ശതമാനം പേരും അഭിപ്രായപ്പെട്ടിരുന്നു.

ബിസിനസ് രംഗത്തെ പ്രമുഖരും ബില്ലിന് എതിരായിരുന്നു. എന്തിനേറെ, പ്രതിരോധ മന്ത്രി യോവ് ഗാലന്റുപോലും ബില്ലിന് എതിരായിരുന്നു. വിപുലമായ അഭിപ്രായ സമന്വയത്തിനായി നിയമഭേദഗതികൾ മാറ്റി വയ്ക്കണമെന്ന് അദ്ദേഹം പലവട്ടം ആവശ്യപ്പെട്ടിരുന്നു. ഗാന്റിനെ പുറത്താക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകിയെങ്കിലും ആ തീരുമാനം എന്തോ നടപ്പാക്കിയില്ല.

തിങ്കളാഴ്ച ഇസ്രയേലിലെ 150 മുൻനിര കമ്പനികൾ ബില്ലിനെതിരെ സമരം നടത്തി. ഓഹരി വിപണിയിലും ഇടിവുണ്ടായി.

ഇനി എന്തു സംഭവിക്കും?

ഇസ്രയേലിലെ ഭിന്നിപ്പ് രൂക്ഷമായി എന്നതാണ് തിങ്കളാഴ്ചത്തെ ബില്ലിന്റെ മുഖ്യപ്രത്യാഘാതം. രാജ്യത്ത് തൊഴിൽ സമരങ്ങളാണ് വരാൻ പോകുന്നത്. സൈന്യത്തിൽ സേവനം അനുഷ്ഠിക്കാൻ വിമുഖത കാട്ടുക തുടങ്ങിയ സമരമുറകൾ എതിരാളികൾ പരീക്ഷിച്ചേക്കും. ഏകപക്ഷീയമായി നിയമം പാസാക്കിയാൽ, ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് രാജ്യത്തെ പ്രധാന തൊഴിലാളി യൂണിയനായ ഹിസ്താദ്രുത മുന്നറിയിപ്പ് നൽകി.

മൂവ്‌മെന്റ് ഫോർ ക്വാളിറ്റി ഗവൺമെന്റ് എന്ന എൻജിഒ, സർക്കാർ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇസ്രയേൽ ബാർ അസോസിയേഷനും നിയമ നടപടിക്കൊരുങ്ങുകയാണ്. പോരാത്തതിന് ബാർ അസോസിയേഷൻ സേവനങ്ങൾ നിർത്തി വയ്ക്കുകയാണ്. സൈന്യത്തിലെ അംഗങ്ങൾക്കിടയിലും പ്രതിഷേധം ശക്തമായി. തങ്ങളുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമം സുപ്രീം കോടതി തന്നെ അന്യായമെന്ന് വിധിച്ചാൽ, അത് ഭരണഘടനാപ്രതിസന്ധിയിലേക്ക് നയിക്കും. സർക്കാരും കോടതിയും ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന സങ്കടകരമായ അവസ്ഥ.