കീവ്: റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിന്റെ നിർദ്ദേശത്തോടെ 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുക്രൈനെതിരായ സൈനിക നീക്കം ഇന്നും തുടരുകയാണ്. അടുത്തമാസം രണ്ട് വർഷം തികയും. ഈ വർഷമെങ്കിലും യുദ്ധം അവസാനിക്കുമോ എന്ന ഉറപ്പൊന്നും ഉണ്ടായിട്ടില്ല. യുഎൻ അടക്കമുള്ള സംവിധാനങ്ങൾ ഇടപെട്ടിട്ടും യുദ്ധം തുടരുകയാണ്. ഏതാനും ദിവസങ്ങൾ കൊണ്ടു തീരുമെന്ന അനുമാനത്തിൽ തുടങ്ങിയ യുദ്ധം കണക്കുകൂട്ടല്ലൊം തെറ്റിച്ചാണ് മുന്നോട്ടു പോകുന്നത്.

അതേസമയം റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്‌നോടൊപ്പം പോരാടുന്ന വിദേശീയർക്കും മറ്റ് രാജ്യങ്ങളിലെ യുക്രെയ്ൻ വംശജർക്കും പൗരത്വം വാഗ്ദാനം ചെയ്ത് പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്‌കിയും രംഗത്തെത്തി. തന്റെ നിർദ്ദേശം പാർലമെന്റിന്റെ അനുമതിക്കായി സമർപ്പിക്കുമെന്നും സെലെൻസ്‌കി അറിയിച്ചു.

യുക്രെയ്ൻ ഐക്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു സെലൻസ്‌കിയുടെ പ്രസ്താവന. വിദേശ പൗരത്വമുള്ളവർക്ക് ഇരട്ട പൗരത്വത്തിന് യുക്രെയ്ൻ അവസരം നൽകും. ഇതിനായി ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താൻ പാർലമെന്റിൽ നിർദ്ദേശം സമർപ്പിക്കും. മറ്റ് രാജ്യങ്ങളിലുള്ള യുക്രെയ്ൻ വംശജർക്കും അവരുടെ പിന്മുറക്കാർക്കും യുക്രെയ്ന്റെ പോരാട്ടത്തിന്റെ ഭാഗമായി പൗരത്വം നേടാം. എന്നാൽ, റഷ്യക്കാർക്ക് പൗരത്വം നൽകില്ലെന്നും സെലൻസ്‌കി വ്യക്തമാക്കി.

യുക്രെയ്ൻ വംശജർ ഒന്നിച്ചുനിൽക്കണമെന്ന് സെലൻസ്‌കി അന്നുമുതൽ ആവശ്യപ്പെടുന്നുണ്ടായിരുന്നു. സൈനിക, സാമ്പത്തിക ആവശ്യങ്ങൾക്ക് വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന രാജ്യമാണ് യുക്രെയ്ൻ. അടുത്തിടെ റഷ്യക്ക് കനത്ത നാശമുണ്ടാക്കാനും യുക്രൈന് സാധിച്ചിരുന്നു. റഷ്യയുടെ 2792 കോടിയോളം രൂപ വിലമതിക്കുന്ന ചാരവിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി യുക്രെയിൻ രംഗത്തു വന്നിരുന്നു.

എ 50 എന്ന ചാരവിമാനമാണ് യുക്രെയിൻ തകർത്തത്. റഷ്യക്ക് കനത്ത തിരിച്ചടി. അസോവ് കടലിന് മുകളിൽ വച്ചാണ് ചാരവിമാനത്തെ തകർത്തതെന്നാണ് യുക്രൈന്റെ അവകാശവാദം. ദീർഘ ദൂര റഡാറുകളെ അടക്കം കണ്ടെത്താൻ കഴിയുന്ന ചാരവിമാനമാണ് തകർത്തത്. രണ്ട് വർഷത്തോളമാകുന്ന യുക്രൈൻ റഷ്യ യുദ്ധത്തിൽ തെക്ക് കിഴക്കൻ മേഖലയിൽ മുന്നേറ്റം നടത്താനുള്ള യുക്രൈൻ ശ്രമത്തിനൊടുവിലാണ് ചാരവിമാനം വീഴ്‌ത്തിയിട്ടുള്ളത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടത്തിയ വിശദീകരണം അനുസരിച്ച് എ 50 വിഭാഗത്തിലുള്ള ആറ് വിമാനങ്ങളാണ് റഷ്യ നിലവിൽ ഉപയോഗിക്കുന്നത്. വൻ തുക ചെലവിട്ടാണ് അത്യാധുനികമായ സംവിധാനങ്ങളോട് കൂടിയ വിമാനം നിർമ്മിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിന്റെ നിർദ്ദേശത്തോടെ 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുക്രൈനെതിരായ സൈനിക നീക്കം ഇന്നും തുടരുകയാണ്.

യുദ്ധം ആരംഭിച്ച് ഇതുവരെ 560ലധികം കുട്ടികൾ ഉൾപ്പെടെ 10,000 സാധാരണക്കാർ കൊല്ലപ്പെടുകയും 18,500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയിനിലെ യുഎൻ മനുഷ്യാവകാശ മിഷൻ വ്യക്തമാക്കുന്നുണ്ട്. പതിനായിരം സിവിലിയൻ മരണങ്ങൾ സംഭവിച്ചതായി യുഎന്നിന്റെ മോണിറ്ററിങ് മിഷന്റെ തലവനായ ഡാനിയേൽ ബെൽ പറഞ്ഞു.

യുദ്ധം ആരംഭിച്ച് ഇതുവരെ 25,000 യുക്രൈൻ സൈനികർ മാത്രം കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 30,000ലധികം സൈനികർക്ക് ജീവൻ നഷ്ടമായെന്ന് ഒരു യുക്രൈൻ സിവിക് ഗ്രൂപ്പ് വ്യക്തമാക്കുന്നുണ്ട്. യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തുവിട്ട റിപ്പോർട്ടിൽ യുക്രൈനിലെ മരണസംഖ്യ 70,000 കടന്നുവെന്നാണ് പറയുന്നത്. 15,000 സൈനികരെ കാണാതായി. ഇവരിൽ പലരും കൊല്ലപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് അധികൃതർ. മറുവശത്ത് ഒരു ലക്ഷത്തിലധികം സൈനികരെ റഷ്യയ്ക്ക് നഷ്ടമായെന്നും സ്ഥിരീകരിക്കാത്ത കണക്കുണ്ട്. യുദ്ധം എന്ന് അവസാനിക്കുമെന്ന് വ്യക്തമല്ലാത്തതിനാൽ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയാണുള്ളത്.

യുക്രൈനെ എളുപ്പത്തിൽ കീഴടക്കാമെന്ന റഷ്യയുടെ പ്രതീക്ഷകൾ തകരുന്നതാണ് യുദ്ധം ആരംഭിച്ചത് മുതൽ കാണാനായത്. ആദ്യഘട്ടത്തിൽ ഒന്ന് പതറിയെങ്കിലും വോളോഡിമിർ സെലൻസ്‌കിയുടെ നേതൃത്വത്തിലുള്ള യുക്രൈൻ യുദ്ധമുഖത്ത് പ്രതിരോധം തീർത്തു. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ അകമഴിഞ്ഞ സൈനിക - സാമ്പത്തിക സഹായമാണ് യുക്രൈന് സഹായമായത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) യുക്രൈന് നൽകുന്ന സാമ്പത്തിക സഹായം ചെറുതല്ല.

യുക്രൈന്റെ തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള നഗരങ്ങൾ യുദ്ധത്തിൽ തകർന്നുവീണു. ആൾനാശം പ്രതീക്ഷിച്ചതിലധികമായിരുന്നു. സൈനികരും സാധാരണക്കാരുമായ ആയിരങ്ങൾ കൊല്ലപ്പെട്ടു. ഇവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്. പരിക്കേറ്റവരുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ നശിച്ചു. ബോംബാക്രമണത്തിലും ഷെൽ ആക്രമണത്തിലും സ്‌കൂളുകളും ആശുപത്രികളും തകർക്കപ്പെട്ടു. വീടുകൾ തകർക്കപ്പെട്ടു. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവരും നിരവധിയാണ്.

ഒന്നുകിൽ യുക്രൈനെ പൂർണമായി നിയന്ത്രണത്തിലാക്കുക അല്ലെങ്കിൽ വോളോഡിമിർ സെലൻസ്‌കിയെ പുറത്താക്കി തങ്ങൾക്ക് അനുകൂലമായ സർക്കാരിനെ യുക്രൈനിൽ പ്രതിഷ്ഠിക്കുകയായിരുന്നു റഷ്യ പദ്ധതിയിട്ടിരുന്നത്. പഴയ സോവിയറ്റ് യൂണിയന്റെ പ്രതാപവും കരുത്തും ഈ നീക്കത്തിലൂടെ സ്വന്തമാക്കാനാകുമെന്ന് റഷ്യ കരുതി. യുദ്ധത്തിൽ വിജയിച്ചാൽ ആഗോളതലത്തിൽ റഷ്യയ്ക്ക് കരുത്താകുമെന്നും പുടിൻ വിശ്വസിച്ചു. എന്നാൽ, പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് റഷ്യൻ സൈന്യത്തിന് ലഭിച്ചത്. ലക്ഷക്കണക്കിന് സൈനികരെയാണ് വ്‌ലാഡിമിർ പുടിന് നഷ്ടമായത്. ലോകരാജ്യങ്ങളുടെ എതിർപ്പ് ശക്തമായതോടെ ഉപരോധമടക്കമുള്ള പ്രതിസന്ധികൾ റഷ്യയ്ക്ക് നേരിടേണ്ടിവന്നു. യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ പിടിച്ചെടുത്ത പല പ്രദേശങ്ങളും റഷ്യയ്ക്ക് ഇന്ന് നഷ്ടമായി.

യുക്രൈനെ ആക്രമിക്കാനും തങ്ങളുടെ കാൽക്കിഴിലാക്കാനും റഷ്യയെ പ്രേരിപ്പിച്ചത് പഴയ സോവിയറ്റ് യൂണിയന്റെ പ്രതാപത്തിലേക്ക് എത്തുകയെന്ന മോഹം മാത്രമായിരുന്നില്ല. അതിർത്തിയോട് ചേർന്നുള്ള രാജ്യങ്ങളിൽ പലവിധത്തിലുള്ള സ്വാധീനം ചെലുത്താൻ റഷ്യ എക്കാലത്തും ശ്രദ്ധകാണിച്ചിരുന്നു. ആ രാജ്യങ്ങളിലെ ഭരണകൂടത്തെപ്പോലും നിയന്ത്രിക്കുന്നത് റഷ്യയാണ്. എതിർക്കുന്നവരെ തങ്ങളുടെ വരുതിയിലേക്ക് എത്തിക്കുകയും ചെയ്യും. 2014ൽ യുക്രൈന്റെ ഭാഗമായ ക്രിമിയ പിടിച്ചെടുത്തത് ഇതിനുദ്ദാഹരണമാണ്. എന്നാൽ, കഴിഞ്ഞ കുറച്ച് കാലമായി യുക്രൈൻ തങ്ങളുടെ സ്വാധീനവലയത്തിൽ നിന്ന് പുറത്തുകടക്കുന്നതായി റഷ്യ തിരിച്ചറിഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങളുമായി കൂടുതലടുത്ത യുക്രൈൻ പുതിയ കാരാറുകൾ ഉൾപ്പെടെയുള്ള ബന്ധങ്ങൾ സ്ഥാപിച്ചു. നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗത്വം നേടാൻ ശ്രമം നടത്തുകയും ചെയ്തു. ഈ സാഹചര്യങ്ങൾ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ നിന്നാണ് യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിക്കാൻ റഷ്യയെ പ്രേരിപ്പിച്ചത്.