തിരുവനന്തപുരം: തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പും അതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളുമൊക്കെയാണ് 2024 കേരള രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നത്. വയനാട് ചൂരല്‍ മല ഉരുള്‍പൊട്ടലും ഷിരൂര്‍ അര്‍ജ്ജുന്‍ സംഭവവുമൊക്കെയായി സജീവമായ വര്‍ഷത്തില്‍ സംസ്ഥാനത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത് രണ്ട് തെരഞ്ഞെടുപ്പുകളും തുടര്‍വിവാദങ്ങളും തന്നെയാണ്. ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ ഒഴിവുകളിലേക്ക് നടത്തി ഉപതിരഞ്ഞെടുപ്പോടെയാണ് രാഷ്ട്രീയ കേരളം വീണ്ടും ചൂടുപിടിച്ചത്. എങ്കിലും കാഫിര്‍, പെട്ടി വിവാദങ്ങളും, ഇപി ജയരാജന്റെ അത്മകഥയും കൂടിക്കാഴ്ചയും, വീണ വിജയനെതിരെയുള്ള അന്വേഷണവുമൊക്കെ കേരള രാഷ്ട്രീയത്തെ ഈ വര്‍ഷം സജീവമാക്കിയ സംഭവങ്ങളാണ്.

രാഹുലിനെ ചേര്‍ത്ത് പിടിച്ചത് പോലെ പ്രിയങ്കയെ വയനാട് ചേര്‍ത്തിപിടിച്ചതിനും ഷാഫി പറമ്പിലിനെക്കാള്‍ ഭൂരിപക്ഷത്തോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്നും ജയിച്ചുകയറിയതും ഈ വര്‍ഷത്തെ കാഴ്ച്ചകളാണ്. ഒപ്പം സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയവും അതിനായി തൃശ്ശൂര്‍പൂരത്തെ കരുവാക്കിയെന്ന തരത്തിലെ ചര്‍ച്ചകളും കൊടകരക്കുഴല്‍പ്പണക്കേസുമൊക്കെ ഈ വര്‍ഷം തന്നെയാണ് മലയാളി ചര്‍ച്ച ചെയ്തത്.

ബിജെപിക്ക് ചരിത്രവിജയവും യുഡിഎഫിന് 18 ഉം..ഒന്നിലൊതുങ്ങി എല്‍ഡിഎഫ്

സംസ്ഥാനത്ത് ബി.ജെ.പിക്ക് ചരിത്രവിജയവും യു.ഡി.എഫിന് 20-ല്‍ പതിനെട്ട് സീറ്റും സമ്മാനിച്ച തിരഞ്ഞെടുപ്പ് ഫലമായിരുന്നു കേരളത്തില്‍ ഈ വര്‍ഷത്തെ ലോകസഭ തെരഞ്ഞെടുപ്പ്. 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ 25 പേര്‍ വനിതകളാണ്.കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത് (14). അഞ്ച് സ്ഥാനാര്‍ത്ഥികളുള്ള ആലത്തൂരാണ് ഏറ്റവും കുറവ്.

മുന്നണികളില്‍ യു.ഡി.എഫിന് 42.51 ശതമാനം വോട്ടാണ് ലഭിച്ചത്.2019-ല്‍ ഇത് 47.2 ശതമാനമായിരുന്നു.വോട്ട് വിഹിതത്തില്‍ കുറവുണ്ടായെങ്കിലും പൊതുതിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ മുന്നണിക്കായി..37.46 ല്‍ നിന്ന് കോണ്‍ഗ്രസ് വോട്ട് വിഹിതം 35.06 ശതമാനമായി കുറഞ്ഞു. കിട്ടിയ സീറ്റ് 14. മുസ്ലിം ഗീഗിന് വോട്ട് വിഹിതം ഇത്തവണ കൂടി. 5.48 ല്‍ നിന്ന് വോട്ട് വിഹിതം 6.07ശതമാനമായി.രണ്ടു സീറ്റുകളില്‍ ജയിച്ചു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് 1.38 ശതമാനം വോട്ട് ലഭിച്ചു. മറ്റുള്ളവര്‍ 7.81 ശതമാനം വോട്ട് സ്വന്തമാക്കി.




ഒരര്‍ഥത്തില്‍, എല്‍.ഡി.എഫിന് 2019 ന്റെ ആവര്‍ത്തനമായിരുന്നു ഇത്തവണയും. അന്ന് ആലപ്പുഴയില്‍ കഷ്ടിച്ച് കടന്നുകൂടിയെങ്കില്‍ ഇക്കുറി വിജയംകണ്ടത് ആലത്തൂരില്‍ മാത്രം. ഇരുപതിനായിരത്തിലധികം വോട്ടുകളുടെ വിജയമാണ് മന്ത്രികൂടിയായ കെ. രാധാകൃഷ്ണന് നേടാനായത്.31.96 ശതമാനം വോട്ടാണ് ഇക്കുറി ഇടതുപക്ഷത്തിന്റെ പെട്ടിയില്‍ വീണത്.രാഹുല്‍ ഗാന്ധി തരംഗം വീശിയടിച്ച, ശബരിമല വിഷയം ചര്‍ച്ചയായ 2019-ല്‍ 31.90 ശതമാനം വോട്ടായിരുന്നു ഇടതുപക്ഷത്തിന് നേടാന്‍ കഴിഞ്ഞത്.

ബി.ജെ.പിയുടെ വോട്ട് വിഹിതത്തില്‍ ക്രമാനുഗതമായ വര്‍ധയുണ്ടാകുന്ന കാഴ്ച്ചയ്ക്കും ഈ വര്‍ഷം സാക്ഷിയായി.16.68 ശതമാനം വോട്ടും തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വമ്പന്‍ വിജയവുമാണ് കേരളം ഇക്കുറി ബി.ജെ.പിക്ക് സമ്മാനിച്ചത്.കഴിഞ്ഞ തവണത്തെ 13 ശതമാനത്തില്‍ നിന്നാണ് ബിജെ പി വളര്‍ച്ച.2019-ല്‍ എന്‍.ഡി.എയുടെ വോട്ട് വിഹിതം 19.24 ശതമാനം ആയിരുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി മറ്റുള്ളവര്‍ക്ക് ലഭിച്ചത് 8.85 ശതമാനം വോട്ടാണ്. 2019-ല്‍ ഇത് 5.3 ശതമാനമായിരുന്നു.സിപിഐ ക്ക് വോട്ടുകളില്‍ വളര്‍ച്ചയുണ്ടായി.കഴിഞ്ഞ തവണ 6.08 % ആയിരുന്നത് 6.14 ശതമാനം ആയി ഉയര്‍ന്നെങ്കിലും സീറ്റൊന്നും കിട്ടിയില്ല. 25.97 ശതമാനത്തില്‍ നിന്ന് സിപിഎം വോട്ട് വിഹിതം 25.82 ശതമാനമായി കുറഞ്ഞു

പ്രിയങ്കയുടെ ഉദയം കണ്ട ഉപതെരഞ്ഞെടുപ്പ്.. ഷാഫിയെ പിന്തള്ളി രാഹുലും

കേരളം ആകാംക്ഷയോടെ കാത്തിരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയുടെ ഉദയവും റെക്കോര്‍ഡ് ഭൂരീപക്ഷത്തോടെയുള്ള നിയമസഭ പ്രവേശനത്തിനുമാണ് 2024 സാക്ഷിയായത്.18,724 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് ജയിച്ചു കയറിയത്.2016ല്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടിന്റെ റെക്കോര്‍ഡ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും മറികടന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പാലക്കാട് മത്സരിച്ച മെട്രോമാന്‍ ഇ ശ്രീധരനോട് കഷ്ഠിച്ച് 3859 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ വിജയിച്ചത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷം മറികടന്നാണ് പ്രിയങ്കാ ഗാന്ധിയുടെ മുന്നേറ്റം.



4,10,931 ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം.ചേലക്കരയില്‍ മികച്ച ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപും ജയിച്ചു കയറി.12,221 ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപിന്റെ ഭൂരിപക്ഷം.



നാലു ലക്ഷത്തിന് മുകളില്‍ അധിക വോട്ട് നേടിയാണ് പ്രിയങ്കയുടെ വിജയം.ഇതിനൊപ്പമാണ് പാലക്കാട്ടെ മിന്നും വിജയം.പന്ത്രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷ വിജയമാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്.എന്നാല്‍ അതും കടന്ന് പതിനെട്ടായിരത്തിലേക്ക് രാഹുല്‍ മാങ്കൂട്ടത്തിലെത്തി. അങ്ങനെ കെപിസിസിയുടെ യോജിച്ച പ്രവര്‍ത്തനം അവിടെ വിജയിച്ച കാഴ്ച്ചയും കേരളം കണ്ടു.

സുരേഷ് ഗോപി തൃശ്ശൂര്‍ എടുത്തപ്പോള്‍

കേരളത്തില്‍ 2024 ല്‍ നടന്ന ചരിത്ര വിജയമാണ് സുരേഷ് ഗോപിയുടേത്.സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ക്കാര്‍ക്കും സാധിക്കാതിരുന്ന നേട്ടമാണ് ഒരു സിനിമാതാരം കൂടിയായ സുരേഷ് ഗോപി സ്വന്തമാക്കിയത്.എല്‍ഡിഎഫും യുഡിഎഫും മാത്രം അരങ്ങ് നിറഞ്ഞ കേരള രാഷ്ട്രീയത്തിലേക്ക് ബിജെപിക്കൊരിടം നേടിക്കൊടുക്കുകയായിരുന്നു താരം. അതും തന്റെ മൂന്നാമത്തെ തിരഞ്ഞെടുപ്പ് പോരാട്ടത്തിലാണ് താരം വിജയം കുറിച്ചിരിക്കുന്നത്.2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ നിന്ന് സുരേഷ് ഗോപി ജനവിധി തേടിയിരുന്നു.

എല്ലാവരേയും ഞെട്ടിച്ച് 2016 ല്‍ ആണ് അദ്ദേഹം രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നത്.2014 ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിന് പിന്നാലെയായിരുന്നു ഇത്.കേരളം ലക്ഷ്യമാക്കിയുള്ള നരേന്ദ്ര മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ തുറുപ്പുചീട്ടായിരുന്നു സുരേഷ് ഗോപി.അന്ന് മുതല്‍ കേരളത്തിലെ ബിജെപി നേതാക്കളേക്കാള്‍ നരേന്ദ്ര മോദിയോടും അമിത് ഷായോടും അടുപ്പമുള്ള ആളായി സുരേഷ് ഗോപി മാറി.അതേവര്‍ഷം തന്നെ സുരേഷ് ഗോപി ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു.

അന്ന് മുതല്‍ കേരളത്തില്‍ ബിജെപിക്കായി സുരേഷ് ഗോപിയിലൂടെ ഒരു സീറ്റ് എന്ന തന്ത്രം കേന്ദ്രനേതൃത്വം ആവിഷ്‌കരിച്ചു.അതിന്റെ പരിസമാപ്തിയാണ് ഇപ്പോള്‍ മിന്നുന്ന ജയത്തിലൂടെ വന്നിരിക്കുന്നത്.തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം കേരള രാഷ്ട്രീയത്തിലെ തന്നെ രണ്ട് അതികായന്‍മാരെ ബഹുദൂരം പിന്നിലാക്കിയാണ് എന്നതാണ് ശ്രദ്ധേയം. കോണ്‍ഗ്രസിന്റെ കെ മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് സുരേഷ് ഗോപി തൃശൂരില്‍ ജയിച്ച് കയറിയത്.മറുവശത്ത് വിഎസ് സുനില്‍ കുമാറെങ്കില്‍ തൃശൂരില്‍ ആരും ജയിക്കില്ല എന്ന ഇടത് ക്യാംപിന്റെ അവകാശവാദത്തേയും നിഷ്പ്രഭമാക്കിയാണ് സുരേഷ് ഗോപി കടന്നുന്നത്.



രണ്ട് തവണ തോറ്റിട്ടും മണ്ഡലത്തിലെ കാര്യങ്ങളിലെല്ലാം ഇടപെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷവും സജീവമായിരുന്നു സുരേഷ് ഗോപി. രാജ്യസഭ എംപിയെന്ന നിലയില്‍ മണ്ഡലത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.ഇതൊക്കെയാണ് വിജയത്തില്‍ കലാശിച്ചതും.

കാഫിറും പെട്ടിയും സ്വര്‍ണ്ണക്കിരീടവും... ഇപിയുടെ ആത്മകഥയും തെരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ ഇങ്ങനെ

തെരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിച്ചത് അതിനോട് ചേര്‍ന്ന് ഉണ്ടായ വിവാദങ്ങളാണ്.അതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് വടകരയിലെ കാഫിര്‍ വിവാദം.വടകര ലോകസഭ തെരഞ്ഞെടുപ്പില്‍കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി 'കാഫിര്‍' ആണെന്ന പ്രചരണം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വിവാദമായ കാഫിര്‍സന്ദേശ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് പാര്‍ട്ടി അനുകൂല സാമൂഹികമാധ്യമ ഗ്രൂപ്പുകള്‍ വഴിയാണെന്ന പോലീസ് വെളിപ്പെടുത്തലോടെ സി.പി.എം. വീണ്ടും പ്രതിരോധത്തിലായി. തൊട്ടുപിന്നാലെ സിപിഎമ്മിനെ അനൂകൂലിക്കുന്ന സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ക്ക് നേരെ പ്രമുഖ നേതാക്കള്‍ തന്നെ രംഗത്തെത്തി.




വടകരയില്‍ കാഫില്‍ വിവാദമായിരുന്നുവെങ്കില്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പെട്ടിയായിരുന്നു വിവാദനായകന്‍.ഉപതെരഞ്ഞെടുപ്പിന് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചെന്നായിരുന്നു പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിച്ചത്.യു.ഡി.എഫ് കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിനു പിന്നാലെ പാതിരാത്രി ഹോട്ടലില്‍ നടത്തിയ പരിശോധന ഉള്‍പ്പെടെ തെരഞ്ഞെടുപ്പു കാലത്ത് വലിയ വിവാദമായിരുന്നു.

ഉപതെരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ നവംബര്‍ അഞ്ചിന് അര്‍ധരാത്രിയാണ് പൊലീസ് പരിശോധന നടത്തിയത്.രാത്രി 12.10ന് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. 12 മുറികള്‍ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി പരിശോധനക്കു ശേഷം അറിയിച്ചിരുന്നു.എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ആ വിവാദവും കെട്ടടങ്ങി.




തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് തലവേദനയുണ്ടാക്കിയ രണ്ട് വിവാദവും ഇപി ജയരാജനെ ചുറ്റിപറ്റിയായിരുന്നു.ലോകസഭ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇ പി ജയരാജന്‍ ജാവേദകര്‍ കൂടിക്കാഴ്ച്ച വിവാദം ഉടലെടുത്തത്.ഇ പി ജയരാജന്‍ ഇത് തുറന്നുപറയുക കൂടി ചെയ്തതോടെയാണ് പാര്‍ട്ടി പ്രതിരോധത്തിലായത്.ഏപ്രില്‍ 26 ന് തെരഞ്ഞെടുപ്പിനിടയിലാണ് ഇ പി ജയരാജനും, ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറുമായി വീട്ടില്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.ഇതു തന്നെയാണ് ഉപതെരഞ്ഞെടുപ്പ് ആത്മകഥ രൂപത്തില്‍ തിരിച്ചടിയായതും.

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതില്‍ പ്രയാസമുണ്ടെന്നും പാര്‍ട്ടി എന്നെ മനസ്സിലാക്കിയില്ലെന്നുമടക്കം തുറന്നടിക്കുന്ന ജയരാജന്റെ 'കത്തിപ്പടരാന്‍ കട്ടന്‍ ചായയും പരിപ്പ് വടയും' എന്ന ഡിസി ബുക്ക് പ്രസിദ്ധീകരിക്കുന്ന ആത്മകഥയില്‍ ഉണ്ട്.ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍ കൂടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ പ്രധാന പരാമര്‍ശം.പാലക്കാടെ സ്ഥാനാര്‍ത്ഥി പി സരിന്‍ അവസരവാദിയാണെന്നും പുസ്തകത്തില്‍ വിമര്‍ശനമുണ്ട്.ദേശാഭിമാനി ബോണ്ട് വിവാദവും എടുത്തുപറയുന്നു.




എന്നാല്‍ പുസ്തകം വിവാദമായതോടെ ആത്മകഥ താന്‍ എഴുതി തീര്‍ന്നിട്ടില്ലെന്നും ഡി സി ബുക്സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കുകയായിരുന്നു.പുസ്തകം താന്‍ എഴുതി തീര്‍ന്നിട്ടില്ല.ഡി സി ബുക്സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാന്‍ താത്പര്യം അറിയിച്ചിരുന്നു. താനതിന്റെ അനുമതി ആര്‍ക്കും കൊടുത്തിട്ടില്ല. ബോധപൂര്‍വം ഉണ്ടാക്കിയ കഥയാണ്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ കാര്യം എങ്ങനെയാണ് ആത്മകഥയില്‍ എഴുതുക? താന്‍ എഴുതാത്ത കാര്യം തന്റേത് എന്ന് പറഞ്ഞ് കൊടുക്കുകയാണ്. താന്‍ ഒരാള്‍ക്കും ഒന്നും കൈമാറിയിട്ടില്ല.താനെഴുതിയതിലൊന്നും ഇക്കാര്യങ്ങളില്ല. താന്‍ എഴുതിയിട്ട് ടൈപ്പ് ചെയ്യാന്‍ കൊടുക്കുകയായിരുന്നു. ആ പുസ്തകത്തിന്റെ ആദ്യ ഭാഗം എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല. എന്റെ ജീവചരിത്രവും രാഷ്ട്രീയ ചരിത്രവുമാണ് എഴുതുന്നത്. താനിപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഭാഗമേ എനിക്ക് അറിയൂ. താനിതില്‍ നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ പി ജയരാജന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ വലച്ച പ്രധാന വിവാദങ്ങളായിരുന്നു ലൂര്‍ദ്ദ് മാതാവിന്റെ സ്വര്‍ണ്ണകിരീടവും,കുഴല്‍പ്പണക്കേസും, തൃശ്ശൂര്‍പ്പൂരം അട്ടിമറിയുംലോക്സഭ തിരഞ്ഞെടുപ്പില്‍ ലുര്‍ദ് മാതാവിന് സുരേഷ്ഗോപി കിരീടം സമര്‍പ്പിച്ചതും ആ കിരീടം സ്വര്‍ണമല്ല, ചെമ്പാണ് എന്ന് പറഞ്ഞതുമെല്ലാം വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.കൂടാതെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്കും ഇത് വഴിവെച്ചു.



കൊടകരകുഴല്‍പ്പണക്കേസാണ് ബിജെപിയെ വലച്ച മറ്റൊരു വിവാദം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് തൃശൂരിലെ കൊടകരയില്‍ പണം കൊള്ളടിച്ചെന്ന പരാതി ഉയര്‍ന്നത്.2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയില്‍ നിന്ന് ബിജെപിക്ക് വേണ്ടി കള്ളപ്പണം എത്തിച്ചതായാണ് ആരോപണം.2021 ഏപ്രില്‍ 3നു കൊടകരയില്‍ ദേശീയപാതയില്‍ 25 ലക്ഷം രൂപ 10 പേര്‍ ചേര്‍ന്നു തട്ടിയെടുത്തെന്നായിരുന്നു കൊടകര പൊലീസ് ആദ്യം റജിസ്റ്റര്‍ ചെയ്ത കേസ്.എന്നാല്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ 3.5 കോടിരൂപയാണു കൊള്ളയടിച്ചതെന്നു കണ്ടെത്തി.ഇ.ഡി 2023 ല്‍ അന്വേഷണം ആരംഭിച്ചെങ്കിലും പ്രത്യേക കോടതിയില്‍ ഇതുസംബന്ധിച്ച പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും അറിയിച്ചു.




എന്നാല്‍ സമീപകാലത്ത് കൊടകര കുഴല്‍പ്പണ ഇടപാടിന്റെ സമയത്ത് ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണു സര്‍ക്കാര്‍ തുരന്വേഷണത്തിനൊരുങ്ങുന്നതാണ് വിഷയത്തെ വീണ്ടും ചര്‍ച്ചയിലേക്കെത്തിച്ചത്.

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചു.കൊച്ചി ഡിസിപി കെ.എസ് സുദര്‍ശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുക.തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് മേല്‍നോട്ടം വഹിക്കും. പഴയ അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി വി.കെ രാജു മാത്രമാണ് പുതിയ സംഘത്തിലുള്ളത്.

രാഷ്ട്രീയ കൂറുമാറ്റങ്ങളുടെ വര്‍ഷം..മാറിയ പ്രമുഖരും നിരവധി

പ്രമുഖരുള്‍പ്പടെ നിരവധി പേരാണ് ഇത്തവണ കേരളത്തെ തന്നെ ഞെട്ടിച്ച രാഷ്ട്രീയ കൂറുമാറ്റം നടത്തിയത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേരള മുഖ്യമന്ത്രിയുമായ എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു.കേരള കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്ററായിരുന്നു അനില്‍ ആന്റണി.



അനിലിനെ കൂടാതെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും ബിജെപിയില്‍ ചേര്‍ന്നു.കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.



കോണ്‍ഗ്രസ് ലീഡര്‍ കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള പോക്കും കേരളത്തെ ഞെട്ടിച്ചിരുന്നു. ഇവരെ കൂടാതെ ജീ. രാമന്‍ നായര്‍, കെ.എസ് രാധാകൃഷ്ണന്‍, ടോം വടക്കന്‍, എ.പി. അബ്ദുള്ളക്കുട്ടി, പന്തളം പ്രതാപന്‍, സി. രഘുനാഥ്,പത്മിനി തോമസ് എന്നിവരും നരേന്ദ്ര മോഡി സര്‍ക്കാര്‍ ആദ്യം അധികാരത്തിലെത്തിയ സമയത്ത് ബിജെപിയിലേക്ക് പോയവരാണ്.



കോണ്‍ഗ്രസില്‍ നിന്നു തുടങ്ങി ഡിഐസിയിലെത്തി അവിടെ നിന്നും പുറത്തുപോയി സ്വതന്ത്രനായി മത്സരിച്ചാണ് ഒടുവില്‍ അന്‍വര്‍ ഇടതുകോട്ടയിത്തിലെത്തിയത്.2016ല്‍ അന്‍വര്‍ നിലമ്പൂരില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച് മൂന്നുപതിറ്റാണ്ടോളം നീണ്ട യുഡിഎഫ് കുത്തക അവസാനിപ്പിച്ച് സീറ്റ് പിടിച്ചെടുത്തു.ആര്യാടന്‍ ഷൗക്കത്തിനെയാണ് തോല്‍പ്പിച്ചത്. 2021ലും വിജയം ആവര്‍ത്തിച്ചതോടെ അന്‍വറിന് പാര്‍ട്ടി അണികള്‍ക്കിടയില്‍ ഹീറോ പരിവേഷമാണ് ലഭിച്ചത്.സാക്ഷാല്‍ പിണറായി വിജയനെ വെല്ലുവിളിച്ചാണ് സിപിഐഎമ്മുമായി അന്‍വര്‍ അകന്നത്.



പി സരിന്റെ കൂടൂമാറ്റമാണ് കേരളം ചര്‍ച്ച ചെയ്ത മാറ്റൊരു വിഷയം.ഐഎഎഎസില്‍ നിന്നും പടിയിറങ്ങി യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ആളാണ് പി സരിന്‍. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗത്തിലും ഐടി സെല്ലിലും സരിന്‍ പ്രവര്‍ത്തിച്ചിരുന്നു.2023 ല്‍ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച അനില്‍ ആന്റണിക്കു പകരക്കാരനായാണ് കെപിസിസി ഡിജിറ്റല്‍ മീഡിയ ചുമതലയില്‍ ഡോ. പി സരിനെത്തിയത്.പിന്നീട് കോണ്‍ഗ്രസിന്റെ സൈബര്‍ ഇടത്തിലെ ചടുലമായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പി സരിനായിരുന്നു.2024ലെ പാലക്കാട് ഉപതെരഞ്ഞെടുപ്പോടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഇടഞ്ഞ് ഇടതു പാളയത്തിലേക്ക് ചേക്കേറുകയായിരുന്നു സരിന്‍.

ഈ വര്‍ഷം ഏറ്റവും അവസാനമായി കേരളത്തെ ഞെട്ടിച്ച കൂടുമാറ്റമായിരുന്നു സന്ദീപ് വാര്യരുടെത്.എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ്എഫ്ഐയുടെ ലേബലില്‍ മത്സരിച്ച ചരിത്രമുണ്ട് സന്ദീപ് വാര്യര്‍ക്ക്. മുന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയുടെ പ്രസംഗങ്ങളും മറ്റും കേട്ട് അദ്ദേഹത്തോടുള്ള ആരാധനയിലാണ് സന്ദീപ് ബിജെപിക്കാരനായത്.2019 മുതലാണ് സന്ദീപ് പാര്‍ട്ടിയില്‍ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് ഉയര്‍ന്നത്.ബിജെപിയുടെ താഴേത്തട്ട് മുതല്‍ മേലെത്തട്ട് വരെ പ്രവര്‍ത്തിച്ച സന്ദീപ് വാര്യര്‍ക്ക് കഴിഞ്ഞ കുറേക്കാലമായി കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി സംസ്ഥാന നേതൃത്വത്തോട് വലിയ എതിര്‍പ്പുണ്ടായിരുന്നു.




പാര്‍ട്ടിയായി പുറത്താക്കില്ലെന്ന് ഉറപ്പായതോടെ, ഒടുവില്‍ സന്ദീപ് തന്നെ സ്വയം തന്റെ വഴി തിരഞ്ഞെടുത്തു.ഏത് രാഷ്ട്രീയ തേരിയിലേ്ക്കാണ് സന്ദീപിന്റെ പാര്‍ട്ടിമാറ്റം എന്നത് പാലക്കാട് തിരഞ്ഞെടുപ്പിലെ പ്രധാനചര്‍ച്ചയായിരുന്നു. ഊഹാപോഹങ്ങള്‍ക്ക് അവസരം നല്‍കാതെ ഒടുവില്‍ ഗാന്ധിയന്‍ ആശയത്തെ പിന്തുടരുന്നുവെന്ന് സന്ദീപ് പ്രഖ്യാപിച്ചു.

ഇത്തരത്തില്‍ സംഭവബഹുലമായ ഒരു രാഷ്ട്രീയ വര്‍ഷത്തിനു കൂടിയാണ് 2024ല്‍ വിരാമമാകുന്നത്.