ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലൈ ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതി നല്‍കി തെരഞ്ഞെടുപ്പു കമ്മീഷന്‍. 26 സീറ്റുകളില്‍ ക്രമക്കേട് നടന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. സ്ഥിരമായി കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസിലെ വിഭാഗീയതും അമിത ആത്മവിശ്വാസവുമാണ് തോല്‍വിയിലേക്ക് നയിച്ചത്. ഇതിന് പിന്നാലെയാണ് ക്രമക്കേട് ആരോപണവുമായി പുകമറ സൃഷ്ടിക്കാന്‍കോണ്‍ഗ്രസ് ശ്രമിച്ചത്. ഇതിനെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വിമര്‍ശിക്കുന്നത്.

ഇതൊരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തതാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. സംശയങ്ങളുടെ പുകമറ തീര്‍ക്കുകയാണ് കോണ്‍ഗ്രസ്. ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഓരോ ചുവടും കുറ്റമറ്റതാണെന്നും കേണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ നിരീക്ഷണത്തിലാണ് പ്രക്രിയകള്‍ നടന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തില്‍ പറയുന്നു.

ഇവിഎം ക്രമക്കേട് ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ പരാതി കോണ്‍ഗ്രസ് നല്‍കിയിരുന്നു. ഉചിതമായ നടപടി ഉണ്ടായില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. മൂന്ന് ജില്ലകളിലെ വോട്ടിങ് മെഷീനിലെ ക്രമക്കേടാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മില്‍ എങ്ങനെ 99 ശതമാനം ചാര്‍ജ് വന്നുവെന്ന പ്രധാനമായ ആരോപണമാണ് ഉന്നയിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. ഫരീദാബാദ്, പാനിപത്ത്, നര്‍ലൗള്‍, കര്‍നാല്‍, ഇന്ദ്രി, പട്ടൗഡി തുടങ്ങിയ മണ്ഡലങ്ങളുമായി ബന്ധപ്പെട്ടാണു പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ഈ മണ്ഡലങ്ങളിലെ ക്രമക്കേട് ആരോപിക്കപ്പെടുന്ന ഇവിഎമ്മുകളില്‍ ബിജെപിക്കാണു കൂടുതല്‍ വോട്ട് ലഭിച്ചത്.

ഹരിയാന തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, ജയറാം രമേശ്, പവന്‍ ഖേഡ, അജയ് മാക്കന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. വോട്ട് എണ്ണിയതിലടക്കം ക്രമക്കേട് നടന്നതായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു ഫലപ്രഖ്യാപനത്തിനു പിന്നാലെയുള്ള കൂടിക്കാഴ്ച. പരാതി ഉന്നയിക്കപ്പെട്ട വോട്ടിങ് മെഷീനുകള്‍ സീല്‍ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബര്‍ എട്ടിനാണ് ജമ്മു കശ്മീരിനൊപ്പം ഹരിയാന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 90 അംഗ നിയമസഭയില്‍ 48 സീറ്റുകള്‍ നേടി ബിജെപി വന്‍ വിജയം നേടിയിരുന്നു. 37 സീറ്റാണ് കോണ്‍ഗ്രസിനു ലഭിച്ചത്.