ചണ്ഡിഗഡ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പഞ്ചാബിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ഹരിയാനയിലെ യാത്രയിൽ രാഹുൽ നടത്തിയ പ്രയോഗങ്ങൾ ഇതിനോടകം വലിയ വാർത്താ പ്രാധാന്യം നേടി. ഭരിക്കുന്ന ബിജെപിക്കാരെ കൗരവരോട് ഉപമിച്ചു കൊണ്ടാണ രാഹുൽ ഒടുവിൽ രംഗത്തുവന്നത്. ഈ പ്രയോഗത്തെ ചൊല്ലി സൈബറിടത്തിലും പോരു കനക്കുകയാണ്. അതേസമയം പഞ്ചാബിലേക്ക് കടക്കുന്ന യാത്രയിൽ കർഷക പ്രശ്‌നങ്ങൾ ഉയർത്തി കൊണ്ടുവരാനാണ് രാഹുലിന്റെ ശ്രമം. ഇതിനോടകം തന്ന യാത്രയ്ക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്.

കാക്കി ട്രൗസർ ധരിച്ചവരാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരെന്നാണ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ട് അംബാലയിൽ ഭാരത് ജോഡോ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരെക്കുറിച്ച് പറയാം. അവർ കാക്കി ട്രൗസർ ധരിക്കുകയും ലാത്തി പിടിക്കുകയും ശാഖകൾ സംഘടിപ്പിക്കുകയും ചെയ്യുന്നവരാണ്. രാജ്യത്തെ രണ്ടുമൂന്ന് കോടീശ്വരന്മാർ കൗരവർക്കൊപ്പമാണ് നിൽക്കുന്നത്. പാണ്ഡവർ നോട്ടുനിരോധിച്ചിരുന്നോ? തെറ്റായ ജിഎസ്ടി നടപ്പാക്കിയിരുന്നോ? അവർ ഒരിക്കലും ചെയ്തില്ല. കാരണം അവർ താപസ്വികളായിരുന്നു.

നോട്ടുനിരോധനവും തെറ്റായ ജിഎസ്ടിയും കാർഷിക നിയമങ്ങളും താപസ്വികളായ ജനത്തെ കൊള്ളയടിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു. നരേന്ദ്ര മോദിയാണ് ഈ തീരുമാനങ്ങളിൽ ഒപ്പുവയ്ക്കുന്നത്. എന്നാൽ അധികാരം രണ്ടുമൂന്ന് ശതകോടീശ്വരന്മാരുടെ കയ്യിലാണ്. ജനങ്ങൾക്ക് ഇക്കാര്യം മനസ്സിലാകില്ല. പാണ്ഡവരുടെ കാലഘട്ടത്തിലെ പോരാട്ടത്തിന് സമാനമായ പോരാട്ടമാണ് ഇപ്പോഴും നടക്കുന്നത്. ഒരു ഭാഗത്ത് അഞ്ച് പാണ്ഡവന്മാരാണുള്ളത്. മറുഭാഗത്ത് ഒരു സംഘം തന്നെയുണ്ട്.

എന്നാൽ ജനങ്ങളും മതങ്ങളും പാണ്ഡവർക്കൊപ്പമായിരുന്നു. അതുപോലെയാണ് ഭാരത് ജോഡോ യാത്രയും. ഈ യാത്രയിൽ ആരും എവിടെ നിന്നാണ് നിങ്ങൾ വരുന്നതെന്ന് ചോദിക്കില്ല. ഇത് സ്‌നേഹത്തിന്റെ കടയാണ്. പാണ്ഡവന്മാർ എപ്പോഴും അനീതിക്കെതിരായിരുന്നു. അവരും വെറുപ്പിന്റെ ചന്തയിൽ സ്‌നേഹത്തിന്റെ കട തുറന്നവരായിരുന്നു'' രാഹുൽ പറഞ്ഞു. നിങ്ങളുടെ സങ്കൽപ്പത്തിലുള്ള രാഹുൽ ഗാന്ധിയെ താൻ കൊന്നുവെന്നും പ്രതിച്ഛായയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഞായറാഴ്ച അദ്ദേഹം ഹരിയാനയിൽ പറഞ്ഞിരുന്നു.

ഭാരത് ജോഡോയാത്ര അവസാന ഘട്ടത്തിലേക്ക് കടക്കവേ രാഹുൽ വാക്കുകളും കടുപ്പിക്കുകയാണ്. അതേസമയം രാഹുലിന്റെ യാത്രക്ക് പിന്തുണ അറിയിക്കാനായി ഭാരത് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് അടക്കമുള്ളവർ നേരിട്ടെത്തി. രാഹുൽ ഗാന്ധിയുടെ കൈ പിടിച്ച് സ്‌നേഹവും പങ്കിട്ട ശേഷമാണ് ടിക്കായത്ത് മടങ്ങിയത്. ഭാരത് ജോഡോ യാത്രക്ക് കർഷകരുടെ പിന്തുണയറിക്കാനാണ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ടിക്കായത്ത് രാഹുലിന്റെ യാത്രക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേരിട്ടെത്തി രാഹുലിനെ കണ്ടതും കർഷകരുടെ പിന്തുണ അറിയിച്ചതും.

അതേസമയം ഇന്നലെ ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മക്ക് കാരണം ഇന്ത്യയിലെ കുറച്ച് സമ്പന്നരാണെന്നും ഇതിന് കാരണം കേന്ദ്ര സർക്കാരിന്റെ നടപടികളാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു. രണ്ടോ മൂന്നോ സമ്പന്നരുടെ കൈയിൽ പണം കുമിഞ്ഞ് കൂടുന്നതാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ യഥാർത്ഥ കാരണം. ഇതിന് പരിഹാരം കാണാൻ രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കണം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ സ്വാമി നാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് പരിഗണിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. റിപ്പോർട്ട് വെറുതെ നടപ്പാക്കുമെന്ന് പറയാനില്ലെന്നും കമ്മീഷൻ നിർദേശങ്ങളുടെ സാമ്പത്തിക വശം അടക്കം പരിഗണിച്ച് നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കുമെന്നുമാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്.

അതിനിടെ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്ന ചോദ്യങ്ങളോടും രാഹുൽ പ്രതികരിച്ചിരുന്നു. ഇത്തരം ചോദ്യം ഭാരത് ജോഡോ യാത്ര വഴിതെറ്റിക്കാൻ ആണെന്നാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ പ്രതികരിച്ചത്. തെക്കൻ സംസ്ഥാനങ്ങളെക്കാൾ കൂടുതൽ മികച്ച പ്രതികരണമാണ് വടക്കേ ഇന്ത്യയിൽ നിന്ന് ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്നതെന്നും രാഹുൽ പറഞ്ഞു. മാധ്യമങ്ങൾ കാണുന്ന രാഹുൽ അല്ല താൻ. ബിജെപി കാണുന്ന രാഹുലും അല്ല. താൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കണമെങ്കിൽ ഹിന്ദു ധർമ്മം പഠിക്കണമെന്ന് രാഹുൽ ഗാന്ധി വിശദീകരിച്ചിരുന്നു.

ഹരിയാനയിലെ പര്യടനം പൂർത്തിയാക്കി യാത്ര പഞ്ചാബിലേക്കും തുടർന്ന് ജമ്മു കശ്മീരിലേക്കും കടക്കും. ജനുവരി 30 ജോഡോ യാത്ര സമാപിക്കുമെന്നാണ് റിപ്പോർട്ട്. ഉത്തരേന്ത്യയിലെ കൊടുംതണുപ്പിനിടയിലും ടി-ഷർട്ടും പാന്റും മാത്രം ധരിച്ച് രാഹുൽ ഗാന്ധി യാത്ര തുടരുന്നത് നേരത്തേ വർത്തയായിരുന്നു. കൊടുംശൈത്യത്തെ വകവയ്ക്കാതെയാണ് രാവിലെ മുതൽ രാഹുൽ ഗാന്ധി യാത്ര തുടരുന്നത്. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര ഇന്ന് പഞ്ചാബിലെത്തും. തമിഴ്‌നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലൂടെയാണ് യാത്ര ഇതുവരെ കടന്നുപോയത്.