- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുല്‍ ഗാന്ധിയെ പൂട്ടാന്‍ നോക്കിയ ബിജെപിക്ക് തിരിച്ചടി; 40% കമ്മീഷന് അപകീര്‍ത്തി കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി; കേസ് നടപടികള്‍ നിയമ ദുരുപയോഗമെന്ന് കോടതി നിരീക്ഷിച്ചതോടെ രാഹുലിന് ആശ്വാസം
രാഹുല്‍ ഗാന്ധിയെ പൂട്ടാന്‍ നോക്കിയ ബിജെപിക്ക് തിരിച്ചടി

ബെംഗളൂരു: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക ബിജെപി നല്‍കിയ മാനനഷ്ട കേസില്‍ കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. രാഹുല്‍ ഗാന്ധിക്കെതിരായ കേസ് നടപടികള്‍ നിയമ ദുരുപയോഗമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, കേസ് റദ്ദാക്കണമെന്ന അദ്ദേഹത്തിന്റെ ഹര്‍ജിയില്‍ ചൊവ്വാഴ്ച വിധി പ്രസ്താവിച്ചു. ജസ്റ്റിസ് സുനില്‍ ദത്ത് യാദവാണ് വിധി പ്രസ്താവിച്ചത്.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ അന്നത്തെ ബിജെപി സര്‍ക്കാരിനെതിരെ പ്രമുഖ പത്രങ്ങളില്‍ 'അപകീര്‍ത്തികരമായ' പരസ്യങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് കേസ് ഫയല്‍ ചെയ്തത്. സംസ്ഥാനം ഭരിച്ചിരുന്ന ബിജെപി സര്‍ക്കാര്‍, പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് കരാറുകാരില്‍നിന്നും മറ്റുള്ളവരില്‍നിന്നും 40 ശതമാനം വരെ കമ്മിഷനും കൈക്കൂലിയും ഈടാക്കിയതായി ഈ പരസ്യങ്ങളില്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉള്‍പ്പെടെയുള്ള പാര്‍ട്ടി അംഗങ്ങളെ ലക്ഷ്യമിട്ട് തെറ്റായ പരസ്യങ്ങള്‍ പ്രചരിപ്പിച്ചതായി ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കേശവ് പ്രസാദാണ് രാഹുല്‍ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.
ഈ കേസില്‍ മജിസ്ട്രേറ്റ് കോടതി 2024 ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും ജാമ്യം അനുവദിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് 2024 ജൂണ്‍ ഏഴിനാണ് ഈ കേസില്‍ ജാമ്യം ലഭിച്ചത്.


