- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ വോട്ടര്‍മാരെ പാട്ടിലാക്കാന്‍ പുതിയ പദ്ധതിയുമായി കെജ്രിവാളും എഎപിയും; വനിതകള്‍ക്ക് മാസന്തോറും 1000 രൂപ; നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചുകയറിയാല്‍ തുക 2100 രൂപയായി ഉയര്‍ത്തും; പദ്ധതി വൈകിപ്പിച്ചത് ബിജെപി എന്നും കെജ്രിവാള്‍
വനിതാ വോട്ടര്‍മാരെ പാട്ടിലാക്കാന്‍ പുതിയ പദ്ധതിയുമായി കെജ്രിവാളും എഎപിയും
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ഭരണം വീണ്ടും പിടിക്കാന്‍ വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ട് പുതിയ സൗജന്യ പദ്ധതിയുമായി എഎപിയും കെജ്രിവാളും. നിയമസഭാ തിരഞ്ഞെടുപ്പ് ലാക്കാക്കിയാണ് പുതിയ പ്രഖ്യാപനം. മഹിളാ സമ്മാന്‍ രാശി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വനിതകള്‍ക്ക് 1000 രൂപ പ്രതിമാസം നല്‍കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിന് ഡല്‍ഹി മന്ത്രിസഭ അംഗീകാരം നല്‍കി.
മാസന്തോറും നല്‍കുന്ന 1000 രൂപ ഫെബ്രുവരിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എഎപി ജയിച്ചാല്‍ 2100 രൂപയാക്കി ഉയര്‍ത്തും. ആദ്യ തുകയായ 1000 രൂപ തിരഞ്ഞെടുപ്പ് കഴിയും വരെ നല്‍കാനാവില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തീയതി 10-15 ദിവസത്തിനകം പ്രഖ്യാപിക്കുന്നത് കൊണ്ടാണ് തുക കൈമാറാന്‍ കഴിയാത്തതെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കെജ്രിവാള്‍ പദ്ധതി വിശദീകരിച്ചത്. മദ്യനയ കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി ബിജെപി പദ്ധതി വൈകിപ്പിച്ചുവെന്നും കെജ്രിവാള്‍ ആരോപിച്ചു.
പണപ്പെരുപ്പവും വിലക്കയറ്റവും പരിഗണിക്കുമ്പോള്‍, മാസന്തോറും 1000 രൂപ നല്‍കുന്നത് അപര്യാപ്തമാണെന്ന് ചില വനിതകള്‍ പരാതിപ്പെട്ടിരുന്നു. അതുകൊണ്ട് മാസന്തോറും 2,100 രൂപ നല്‍കുന്ന പദ്ധതിക്കായി നാളെ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു. വനിതകളെ ശാക്തീകരിക്കുന്നതിനും അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് പദ്ധതി. ഇത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെറും സൗജന്യമല്ലെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു. ബിജെപിയോട് എനിക്ക് പറയാനുള്ളത് താനൊരു മാന്ത്രികന്‍ ആണെന്നും കെജ്രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കും ഇത്തരം കാര്യങ്ങള്‍ ആലോചിക്കാനാവില്ല. ജനങ്ങള്‍ ചോദിക്കുമ്പോള്‍, അവര്‍ ഒഴിവുകഴിവുകള്‍ പറയുകയാണെന്നും മനീഷ് സിസോദിയ പറഞ്ഞു.