ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ഇന്ത്യ മുന്നണിയിൽ എല്ലാം ശുഭകരമാണോ? ഡൽഹി ഓർഡിനൻസിനെ ചൊല്ലി എഎപി കോൺഗ്രസുമായി ഇട്ട ഉടക്ക് വീണ്ടും മറ്റൊരു രൂപത്തിൽ തലപൊക്കി. ഛത്തീസ്‌ഗഡിലെ സ്‌കൂളുകളുടെ മോശം നിലവാരത്തെ ചൊല്ലി ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ കോൺഗ്രസിനെ പരിഹസിച്ചതും, അതിന് കോൺഗ്രസ് മറുപടി പറഞ്ഞതും എല്ലാമായി സഖ്യത്തിൽ രസക്കേടുകൾ ഉയർന്നു.

കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഡിലെ സ്‌കൂളുകൾ വളരെ മോശം നിലവാരത്തിലാണെന്നാണ് കെജ്രിവാൾ തുറന്നടിച്ചത്. ' ഛത്തീസ്‌ഗഡിലെ സ്‌കൂളുകളുടെ അവസ്ഥ ഭീകരമെന്ന ഒരു റിപ്പോർട്ട് ഞാൻ വായിക്കുകയായിരുന്നു. അവർ പല സ്‌കൂളുകളും അടച്ചുകഴിഞ്ഞു. 10 ാം ക്ലാസിൽ ഒരുടീച്ചർ മാത്രമുള്ള സ്‌കൂളുകൾ പോലും അവിടെയുണ്ടത്രേ. പല അദ്ധ്യാപകർക്കും ശമ്പളം കിട്ടുന്നുമില്ല' റായ്പൂരിൽ ഒരുപൊതുപരിപാടിയിൽ പങ്കെടുക്കവേ കെജ്രിവാൾ പറഞ്ഞു.

' നിങ്ങൾ ഡൽഹിയിലെ സർക്കാർ സ്‌കൂളുകളുടെ നിലവാരം നോക്കൂ. അല്ലെങ്കിൽ ഡൽഹിയിലുള്ള നിങ്ങളുടെ ബന്ധുക്കളോട് ചോദിക്കൂ. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഇതാദ്യമായി വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി വളരയെധികം ചെയ്യുന്ന സർക്കാർ വന്നിരിക്കുകയാണ്. ഞങ്ങൾ രാഷ്ട്രീയക്കാരല്ല, നിങ്ങളെ പോലെ സാധാരണക്കാരാണ്, ആം ആദ്മിയാണ്, കെജ്രിവാൾ പറഞ്ഞു.

കെജ്രിവാളിന്റെ പരാമർശത്തിന് എതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി. ഛത്തീസ്‌ഗഡിനെ ഡൽഹിയുമായല്ല താരതമ്യം ചെയ്യേണ്ടതെന്നും ഛത്തീസ്‌ഗഡിലെ മുൻ സർക്കാരും ഇപ്പോഴത്തെ സർക്കാരുമായി വേണം താരതമ്യം ചെയ്യാനെന്നും പവൻ ഖേര പറഞ്ഞു. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതു മേഖലയിലും ഛത്തീസ്‌ഗഡ് സർക്കാരിന്റെയും ഡൽഹി സർക്കാരിന്റെയും പ്രകടനം താരതമ്യം ചെയ്യാൻ തയ്യാറാണ്. ഒരു സംവാദത്തിന് തയ്യാറുണ്ടോ എന്നും ഖേര ചോദിച്ചു.

' എന്തിനാണ് കെജ്രിവാൾ റായ്‌പ്പൂരിൽ പോകുന്നത്. ഛത്തീസ്‌ഗഡ് സർക്കാരിന്റെ പ്രകടനത്തെ, മുൻ രമൺ സിങ് സർക്കാരിന്റേതുമായി താരതമ്യം ചെയ്യണം.' ഖേര 'എക്‌സിൽ' പറഞ്ഞു.

ഛത്തീസ്‌ഗഡിൽ എഎപി സർക്കാരുണ്ടാക്കിയാൽ 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്ന് കെജ്രിവാൾ വാഗ്ദാനം ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

ഇതാദ്യമായല്ല, ഇന്ത്യ സഖ്യത്തിലെ അംഗങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പുകളെ ചൊല്ലി ചൂടേറിയ വാഗ്വാദം നടത്തുന്നത്. അടുത്ത വർഷം ഡൽഹിയിലെ എല്ലാ ഏഴുലോക്‌സYാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറെടുക്കാൻ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ആൽക്ക ലംബ പറഞ്ഞിരുന്നു. ഏഴുമാസമാണ് അവശേഷിക്കുന്നത്. ഏഴുസീറ്റിലേക്കും തയ്യാറെടുപ്പ് നടത്താൻ എല്ലാ പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടുകഴിഞ്ഞു ലംബ പറഞ്ഞു.

ഇങ്ങനെ പാർട്ടികൾ ഒറ്റയ്ക്ക് മത്സരിക്കാൻ ആണെങ്കിൽ ഇന്ത്യ സഖ്യം എന്തിനെന്ന് എഎപി ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ, ഡൽഹിയുടെ ചുമതലയുള്ള ദീപക് ബാബ്‌റിയ, അത് ലംബയുടെ അഭിപ്രായം മാത്രമാണെന്നും, സീറ്റ് പങ്കിടൽ യോഗത്തിൽ ചർച്ചയായില്ലെന്നും അനുനയവാക്കുകളുമായി രംഗത്തെത്തി. ബാബ്‌റിയയുടെ വിശദീകരണത്തിന് മുമ്പേ എഎപി നേതാക്കൾ പ്രകോപിതരായാണ് പ്രതികരിച്ചത്.

2015 ലെ ഡൽഹി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിലംപരിശാക്കി എഎപി പൊടുന്നനെ ഉദിച്ചുവന്നത് ഡൽഹിയിലെ കോൺഗ്രസിൽ പലർക്കും ഇപ്പോഴും കല്ലുകടിയായി കിടക്കുന്നു. 70 സീറ്റിൽ 67 ഉം അന്ന് എഎപി സ്വന്തമാക്കി. ബിജെപി മൂന്നും. ഷീല ദീക്ഷിത്തിന്റെ കീഴിലുള്ള 15 വർഷത്തെ കോൺഗ്രസ് ഭരണത്തിനാണ് അന്ന് അന്ത്യം കുറിച്ചത്.

ഡൽഹിയിൽ എഎപിയുമായി സഖ്യത്തിൽ ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ അനിൽ ചൗധരിയും, അജയ് മാക്കനും, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും, രാഹുൽ ഗാന്ധിയും പങ്കെടുത്ത യോഗത്തിൽ വിശദീകരിച്ചിരുന്നു.