ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തിന് മങ്ങലേല്‍പ്പിച്ച് കൊണ്ട് കോണ്‍ഗ്രസിനെ ഇന്ത്യ മുന്നണിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെടാനുളള നീക്കവുമായി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവ് അജയ്മാക്കന് എതിരെ നടപടി സ്വീകരിക്കണമെന്നാണ് എഎപിയുടെ ആവശ്യം.

ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും, എഎപിയുടെ രാജ്യസഭാ എംപി സഞ്ജയ്‌സിങ്ങും ആരോപിച്ചു. ' തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനായി വേണ്ടതെല്ലാം കോണ്‍ഗ്രസ് ചെയ്യുകയാണ്. ബിജെപിയുടെ താല്‍പര്യപ്രകാരം അവരുടെ തിരക്കഥ പ്രകാരം അജയ് മാക്കന്‍ ഐപി നേതാക്കളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയാണ്.കഴിഞ്ഞ ദിവസം എല്ലാ പരിധിയും ലംഘിച്ച് ഞങ്ങളുടെ നേതാവ് അരവിന്ദ് കെജ്രിവാളിനെ രാജ്യദ്രോഹിയെന്ന് വിളിച്ചു'- സഞ്ജയ് സിങ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഎപിയും കോണ്‍ഗ്രസും സഖ്യമായി മത്സരിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴാണ് പോര് രൂക്ഷമായിരിക്കുന്നത്. ബിജെപി ഏഴുസീറ്റിലും ജയിച്ചതോടെ എല്ലാ പരിശ്രമവും പാഴായി. 'കെജ്രിവാള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണം നയിച്ചിരുന്നു. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന് ഒപ്പമാണ് എഎപി നില്‍ക്കുന്നത്. എന്നിട്ടും ഞങ്ങളുടെ നേതാവിനെ നിങ്ങള്‍ ദേശവിരുദ്ധനെന്ന് വിളിക്കുന്നോ ? യൂത്ത് കോണ്‍ഗ്രസ് അദ്ദേഹത്തിന് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമോ? സിങ് ചോദിച്ചു

്അജയ് മാക്കന് എതിരെ 24 മണിക്കൂറിനകം നടപടി സ്വീകരിക്കണം. അതല്ലെങ്കില്‍ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളെ സമീപിച്ച് കോണ്‍ഗ്രസിനെ നീക്കണമെന്ന് ആവശ്യപ്പെടുമെന്നും സഞ്ജയ് സിങ് മുന്നറിയിപ്പ് നല്‍കി.

തലസ്ഥാനത്തെ മലിനീകരണം, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി എഎപിയെയും ബിജെപിയെയും ലക്ഷ്യമിട്ട് ഡല്‍ഹി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം 12 ഇന ധവളപത്രം ഇറക്കിയിരുന്നു. അഴിമതി വിരുദ്ധ പ്രസ്താനത്തിലൂടെ ഡല്‍ഹിയില്‍ അധികാരത്തിലേറിയ എഎപി ജന്‍ലോക്പാല്‍ സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അജയ്മാക്കന്‍ കുറ്റപ്പെടുത്തി. രാജ്യത്തെ തട്ടിപ്പിന്റെ രാജാവാണ് കെജ്രിവാള്‍. അതുകൊണ്ടാണ് കെജ്രിവാള്‍ സര്‍ക്കാരിനും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനും എതിരെ ധവള പത്രവുമായി മുന്നോട്ടുവന്നതെന്നും മാക്കന്‍ വ്യക്തമാക്കി.

നിലവിലില്ലാത്ത ക്ഷേമപദ്ധതികള്‍ വാഗ്ദാനം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് അരവിന്ദ് കെജ്രിവാളിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയില്‍ അമര്‍ഷം രൂപപ്പെട്ടിരുന്നു. പാര്‍ട്ടിയെ ലക്ഷ്യമിട്ട് അജയ് മാക്കനും മറ്റ് ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കളും നടത്തിയ പരാമര്‍ശങ്ങളില്‍ എ.എ.പി തങ്ങളുടെ പ്രതിഷേധം കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു.

ഡല്‍ഹിയിലെ രണ്ട് വകുപ്പുകള്‍ പൊതു അറിയിപ്പുകള്‍ പുറത്തിറക്കിയതിനെ തുടര്‍ന്ന് നിര്‍ദിഷ്ട മഹിളാ സമ്മാന്‍ യോജനയും സഞ്ജീവനി യോജനയും സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടില്ലെന്നും അവ നിലവിലില്ലെന്നും പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്. വോട്ടര്‍മാരുടെ വിശ്വാസം നേടുന്നതിന് എ.എ.പി വ്യാജ വാഗ്ദാനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ആരോപിച്ചു.