- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിയറ്റ്നാം മാർബിളും ആഡംബര പരവതാനികളും അടക്കം കെജ്രിവാളിന്റെ വീട് മോടിയാക്കാൻ 45 കോടി; ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ വെട്ടിലാക്കാൻ പുതിയ ആരോപണവുമായി ബിജെപി; മോദിയുടെ വസതിക്ക് ചെലവഴിക്കുന്നത് 467 കോടിയെന്ന് എഎപി; പോര് മുറുകുന്നു
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാൻ ആം ആദ്മി പാർട്ടി സർക്കാർ 45 കോടി ചെലവഴിച്ചെന്ന ആരോപണം വിവാദമാക്കി ബിജെപി. ടൈംസ് നൗ നവഭാരതിന്റെ റിപ്പോർട്ടിനെ ആധാരമാക്കിയാണ് ബിജെപിയുടെ ആരോപണം. തലസ്ഥാനത്ത് സിവിൽ ലൈൻസിലെ കെജ്രിവാളിന്റെ വസതി മോടി പിടിപ്പിച്ചതാണ് വിവാദമാക്കിയത്.
' ഡൽഹി കോവിഡ് മഹാമാരിയിൽ കഷ്ടപ്പെടുമ്പോൾ, മുഖ്യമന്ത്രി വീട് മോടി പിടിപ്പിക്കാൻ കോടികൾ ചെലവഴിക്കുകയായിരുന്നു. 2013 ൽ കെജ്രിവാൾ പറഞ്ഞിരുന്നത് താൻ വീടോ, സുരക്ഷയോ, ഔദ്യോഗിക വാഹനമോ സ്വീകരിക്കില്ല എന്നായിരുന്നു. എന്നാൽ, വീട് മോടിയാക്കാൻ 45 കോടി ചെലവഴിച്ചിരിക്കുകയാണ്, പ്രതിപക്ഷ നേതാവും, ബിജെപി നേതാവുമായ രംവീർ ബിദുരി ആരോപിച്ചു. ഡിയോർ പോളിഷ് , വിയറ്റ്നാം മാർബിൾ, വിലകൂടിയ കർട്ടനുകൾ, ഉയർന്ന നിലവാരമുള്ള പരവതാനികൾ തുടങ്ങി ആഡംബര വസ്തുക്കൾ ഉൾപ്പെടെ 45 കോടി രൂപ ചെലവഴിച്ച് കെജ്രിവാൾ വസതി മോടികൂട്ടിയെന്നാണ് ബിജെപിയുടെ ആരോപണം.
രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ സത്യസന്ധതയും ലാളിത്യവും പ്രോത്സാഹിപ്പിക്കുമെന്ന വാഗ്ദാനം കെജ്രിവാൾ വഞ്ചിച്ചുവെന്ന് ബിജെപി വക്താവ് സംബിത് പാത്ര പറഞ്ഞു. കെജ്രിവാളിനെ 'മഹാരാജ്'' എന്ന് പരാമർശിച്ച പാത്ര വസതിയിൽ വിലപിടിപ്പുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്തതിന് രാജാക്കന്മാർ പോലും കെജ്രിവാളിനെ വണങ്ങുമെന്നും പരിഹസിച്ചു.
അതേസമയം ഡൽഹി മുഖ്യമന്ത്രിയുടെ വസതി 80 വർഷം മുമ്പ് നിർമ്മിച്ചതാണെന്നും ഓഡിറ്റിന് ശേഷം പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) നവീകരണത്തിന് ശുപാർശ ചെയ്തിട്ടുണ്ടെന്നും എഎപി വിശദീകരിച്ചു. 1942 ൽ പണിത വീട് തകരുന്ന അവസ്ഥയിലായിരുന്നു. മുഖ്യമന്ത്രിയുടെ മാതാപിതാക്കൾ കഴിഞ്ഞിരുന്ന മുറിയുടെ സീലിങ്ങും, മുഖ്യമന്ത്രിയുടെ കിടപ്പുമുറിയുടെയും ഓഫീസിന്റെയും സീലിങ്ങും അടർന്നുവീണിരുന്നു. ഇതോടെയാണ് പൊതുമരാമത്ത് വകുപ്പ് പുതിയ വീട് നിർമ്മിക്കാൻ ശുപാർശ ചെയ്തത്.
മുഖ്യമന്ത്രിയുടെ വീടിനായി 30 കോടിയും, ക്യാമ്പ് ഓഫീസിനായി 15 കോടിയും ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ. രണ്ടുനിലകൾ ഉണ്ടായിരുന്ന വീടിന് ഒരുനില കൂടി ചേർത്തിട്ടുണ്ട്. 1400 ചതുരശ്ര അടിയുണ്ടായിരുന്ന വീട് 1905 ചതുരശ്ര അടിയായി കൂടുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ വസതിക്കായി 467 കോടിയും, സെൻട്രൽ വിസ്റ്റ പദ്ധതിക്കായി 20,000 കോടി ചെലവഴിക്കുന്നതിനെയും ചൂണ്ടിക്കാട്ടിയാണ് എഎപി ആരോപണങ്ങളെ ചെറുക്കുന്നത്. ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ വസതിയുടെ അറ്റകുറ്റപ്പണിക്ക് മാത്രം 15 കോടി ചെലവഴിച്ചെന്നും പാർട്ടി ആരോപിക്കുന്നു. യഥാർഥ പ്രശ്നങ്ങളിൽ നിന്ന് വഴിതിരിക്കാനാണ് ബിജെപി വീട് പ്രശ്നം ഉന്നയിക്കുന്നതെന്നും, പുൽവാമ ഭീകരാക്രമണത്തിൽ മോദി സർക്കാരിന്റെ വീഴ്ചകൾ തുറന്നടിച്ച സത്യപാൽ മാലിക്കിന്റെ ആരോപണങ്ങളെ കുറിച്ച് മിണ്ടുന്നില്ലെന്നും എഎപി കുറ്റപ്പെടുത്തി. അതേസമയം, കെജ്രിവാൾ ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് രാജി വയ്ക്കണമെന്നാണ് ബിജെപിയുടെ ഡൽഹി യൂണിറ്റ് ആവശ്യപ്പെടുന്നത്.
ആവണി ഗോപാല് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്