- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ മനീഷ് സിസോദിയയെ സ്‌നേഹിക്കുന്നു': ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ എഎപിയുടെ പ്രചാരണമെന്ന് ബിജെപി; കുട്ടികൾ സിസോദിയെ പിന്തുണച്ച് കത്ത് എഴുതിയില്ലെങ്കിൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണി? ആരോപണങ്ങൾ തള്ളി ആം ആദ്മി പാർട്ടി; ജാമ്യം തേടി സിസോദിയ ഡൽഹി കോടതിയിൽ
ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയയ്ക്ക് പിന്തുണ ആർജ്ജിക്കാൻ എഎപി സ്‌കൂളുകളെ ദുരുപയോഗപ്പെടുത്തുവെന്ന് ആരോപിച്ച് ബിജെപി. ഞാൻ മനീഷ് സിസോദിയയെ സ്‌നേഹിക്കുന്നു എന്ന പേരിൽ സർക്കാർ സ്‌കൂളുകളിൽ പ്രചാരണം നടത്തുന്നു എന്നാണ് ആരോപണം. എന്നാൽ, ആം ആദ്മി പാർട്ടി ഇത് നിഷേധിച്ചു.
ഡൽഹി സർക്കാരിൽ വിദ്യാഭ്യാസം അടക്കം 18 വകുപ്പുകൾ വരെ സിസോദിയ കയ്യാളിയിരുന്നു. സിസോദിയയുടെ അറസ്റ്റിനു ശേഷവും വിദ്യാഭ്യാസത്തിന്റെ പേരുപറഞ്ഞ് തറ പ്രചാരവേല നടത്തി എ.എ.പി വൃത്തികെട്ട രാഷ്ട്രീയം തുടരുകയാണെന്ന് ഡൽഹി ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂർ ആരോപിച്ചു.
എന്നാൽ, ഇത്തരമൊരു പദ്ധതിയെ കുറിച്ച് പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും എല്ലാം ബിജെപിയുടെ പ്രചാരണം മാത്രമാണെന്നും എ.എ.പി മറുപടി നൽകി. സിസോദിയയെ പിന്തുണച്ച് ഡൽഹിയിലെ വിദ്യാർത്ഥികൾ രംഗത്തുവന്നത് ബിജെപിക്ക് സഹിക്കാൻ കഴിയുന്നില്ലെന്ന് മുതിർന്ന എ.എ.പി നേതാക്കൾ ചൂണ്ടിക്കാട്ടി.
അതേസമയം, സിസോദിയയെ പിന്തുണച്ച് കുട്ടികൾ അയച്ച കത്തുകൾ എഎപി നേതാവ് അതിഷി ട്വിറ്ററിൽ പങ്കുവച്ചു. ഇത്തരം പ്രചാരണങ്ങളും തടയണമെന്ന് ബിജെപി ഡൽഹി ലഫ്റ്റനന്റ് ഗവർണറോട് ആവശ്യപ്പെട്ടു. സർക്കാർ സ്‌കൂളുകളിലെ കുട്ടികളുടെ മാതാപിതാക്കളുടെ മേൽ എഎപി സമ്മർദ്ദം ചെലുത്തുകയാണെന്നും, കത്തുകൾ അയച്ചില്ലെങ്കിൽ കുട്ടികളെ പരീക്ഷയ്ക്ക് തോൽപിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു. എന്നാൽ, എഎപി ഇത് നിഷേധിക്കുകയും ചെയ്യുന്നു.
അതിനിടെ, സിസോദിയ ജാമ്യം തേടി ഡൽഹി റോസ് അവന്യു കോടതിയെ സമീപിച്ചു. നാളെയാണ് റിമാൻഡ് കാലാവധി തീരുന്നത്. കഴിഞ്ഞ ദിവസം സുപ്രീം കോടതി കേസ് പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു. ഇതോടെയാണ് സിസോദിയ മന്ത്രി സ്ഥാനം ഒഴിഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ