ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നിയന്ത്രിക്കാനുള്ള ഓർഡിനൻസിനെതിരെ ഡൽഹിയിൽ എഎപിയുടെ പ്രക്ഷോഭം. ദേശീയ തലസ്ഥാനത്തിലെ സേവനങ്ങളുടെ നിയന്ത്രണം കേന്ദ്രത്തിനാണെന്ന ഓർഡിനൻസിനെതിയാണ് കെജ്രിവാളും കൂട്ടരും രംഗത്തുവന്നത്. കേന്ദ്രത്തിന്റെ ഓർഡിനൻസ് ഡൽഹിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കെജ്രിവാൾ ആരോപിച്ചു. ഡൽഹിയിൽ സ്വാതന്ത്ര്യമില്ലെന്നാണ് ഓർഡിനൻസ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാംലീല മൈതാനിയിലാണ് എഎപി റാലി സംഘടിപ്പിച്ചത്.

രാജ്യതലസ്ഥാനത്തെ നിയന്ത്രിക്കാനുള്ള ഓർഡിനൻസിനെതിരെ എഎപി ഡൽഹിയിൽ നടത്തുന്ന മഹാറാലിയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ആദ്യം ആക്രമിക്കപ്പെടുന്നത് ഡൽഹിയാണെന്നും മറ്റു സംസ്ഥാനങ്ങളിൽ സമാനമായ ഓർഡിനൻസ് കേന്ദ്രം കൊണ്ടുവരുമെന്നും കേജ്‌രിവാൾ മുന്നറിയിപ്പ് നൽകി.

''ഡൽഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണു കേന്ദ്രത്തിന്റെ ഓർഡിനൻസ്. സുപ്രീംകോടതിയുടെ തീരുമാനം അംഗീകരിക്കില്ലന്ന് നരേന്ദ്ര മോദി പറയുന്നത് ഹിറ്റലറിസമാണ്. ഡൽഹിയിൽ ജനാധിപത്യമുണ്ടാവില്ലെന്നാണു ഓർഡിനൻസ് പറയുന്നത്. ഡൽഹിയിൽ സംഭവിക്കാൻ പോകുന്നത് ഏകാധിപത്യമാണ്.

ലഫ്റ്റനന്റ് ഗവർണറാകും പരമാധികാരി. ജനങ്ങൾക്ക് ആർക്കു വേണമെങ്കിലും വോട്ട് ചെയ്യാം. എന്നാൽ ഡൽഹി ഭരിക്കുന്നത് കേന്ദ്രമായിരിക്കും'' കേജ്‌രിവാൾ പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഉറപ്പു നൽകുകയാണ്. രാജ്യത്തെ 140 കോടി ജനങ്ങളും ഒപ്പമുണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു. ഇത്തരത്തിൽ ആക്രമിക്കപ്പെടുന്ന ആദ്യ സിറ്റിയാണ് ഡൽഹി. അവർ രാജസ്ഥാനും മറ്റ് സംസ്ഥാനങ്ങൾക്കും ഇത്തരം ഓർഡിനൻസ് കൊണ്ടുവരും -കെജ്രിവാൾ ആരോപിച്ചു.

മനീഷ് സിസോദിയയുടെയും സത്യേന്ദർ ജയിനിന്റെയും അറസ്റ്റ് ഡൽഹിയിലെ ഡൽഹിയിലെ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ വേണ്ടിയാണ്. പക്ഷേ, ഞങ്ങൾക്ക്100 സിസോദിയമാരും 100 ജെയിന്മാരുമുണ്ട്. അവർ നല്ല പ്രവർത്തനങ്ങൾ തുടരും - മുഖ്യമന്ത്രി വ്യക്തമാക്കി.

ഡൽഹിയിൽ പുതിയ ഭരണസംവിധാനം വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസാണു കേന്ദ്രം കൊണ്ടുവന്നത്. ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും, ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിടി) പൊതുസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങൾ സർക്കാരിന്റെ അധികാര പരിധിയിലാണെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് കഴിഞ്ഞമാസം 11ന് വിധിച്ചിരുന്നു. ഈ വിധിയെ മറികടക്കുന്നതാണു കേന്ദ്രസർക്കാർ ഓർഡിനൻസ്.