ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആംആദ്മി പാര്‍ട്ടിയുടെ നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ആംആദ്മി പാര്‍ട്ടിയുടെ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. പാര്‍ട്ടി പുറത്തിറക്കിയ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് കേജ്രിവാളിന്റെ പേരുളളത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നായിരിക്കും കെജ്രിവാള്‍ മത്സരിക്കുക.

മുഖ്യമന്ത്രി അതിഷി കല്‍കാജിയിലും മത്സരിക്കും.അവസാനഘട്ടത്തിലെ 38 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഗോപാല്‍ റായി, സത്യേന്ദ്ര കുമാര്‍ ജെയ്ന്‍, ദുര്‍ഗേഷ് പതക് എന്നിവരും ഇടംപിടിച്ചു. മന്ത്രി സൗരവ് ഭരദ്വാജ് ഗ്രേറ്റര്‍ കൈലാഷില്‍ മത്സരിക്കും. ഗോപാല്‍ റായി ബാബാര്‍പുരിലും ദുര്‍ഗേഷ് പതക് രജിന്ദര്‍ നഗറിലും മത്സരിക്കും. 2025 ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ്.

70 സീറ്റുകളിലേക്കാണ് മത്സരം. എല്ലാ സീറ്റുകളിലും ആംആദ്മി ഇതിനോടകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഡല്‍ഹിയില്‍ സഖ്യസാധ്യതകളെല്ലാം അവസാനിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു. 'ബിജെപിയെ കാണാനില്ല, അവര്‍ക്ക് മുഖ്യമന്ത്രി മുഖമില്ല, ഡല്‍ഹിയെക്കുറിച്ച് ആസൂത്രണമില്ല, കാഴ്ചപ്പാടില്ല. ബിജെപിയുടെ ഒരേയൊരു മുദ്രാവാക്യം 'കെജ്രിവാളിനെ മാറ്റൂ' എന്ന് മാത്രമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്ത് ചെയ്തതെന്ന് ബിജെപിയോട് ചോദിച്ചാല്‍ അവര്‍ പറയും കെജ്രിവാളിനെ അപമാനിക്കുക മാത്രമാണ് ചെയ്തതെന്ന്. ഡല്‍ഹിയിലെ ജനങ്ങള്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട് ചെയ്യും, അധിക്ഷേപിക്കുന്നവര്‍ക്കല്ല.'-കെജ്രിവാള്‍ എക്‌സില്‍ കുറിച്ചു.

കോണ്‍ഗ്രസുമായി ഒരു തരത്തിലും സഖ്യമില്ലെന്ന് കെജ്രിവാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അരവിന്ദ് കേജ്രിവാള്‍ കഴിഞ്ഞ ദിവസം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതും കോണ്‍ഗ്രസ് പ്രഖ്യാപിച്ച 'ന്യായ് ചുപല്‍' പ്രചാരണ പരിപാടി മാറ്റിവച്ചതും ഡല്‍ഹിയില്‍ ഇന്ത്യാസഖ്യമാകും മത്സരിക്കുകയെന്ന അഭ്യൂഹം ബലപ്പെടുത്തിയിരുന്നു. എന്നാല്‍, അതുണ്ടാകില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്ന കാര്യം.