ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നതിൽ കോൺഗ്രസ് പാർട്ടി നിലപാട് അറിയിക്കാൻ വൈകുമ്പോൾ രാജ്യത്ത് പൊതുവ്യക്തിനിയമം (ഏക സിവിൽ കോഡ്) നടപ്പാക്കുന്നതിന് പിന്തുണയുമായി ആംആദ്മി പാർട്ടി രംഗത്ത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ വിഷയത്തിലെ നിലപാട് ഇനിയും പറയാൻ തയ്യാറായിട്ടില്ല. സിവിൽകോഡിനെ എതിർത്താൽ അത് തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമോ എന്ന് കോൺഗ്രസ് ആശങ്കപ്പെടുമ്പോഴാണ് ആം ആദ്മി പാർട്ടി പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

രാജ്യത്ത് പൊതുവ്യക്തിനിയമം നിലവിലുണ്ടാകണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുച്ഛേദം നിർദേശിക്കുന്നുണ്ടെന്നും അക്കാരണത്താൽ തത്വത്തിൽ എഎപി അതിനെ പിന്തുണയ്ക്കുന്നുവെന്നും പാർട്ടി നേതാവ് സന്ദീപ് പഥക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊതുവ്യക്തിനിയമത്തെ കുറിച്ച് ഭരണഘടനയിൽത്തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നതിനാൽ രാജ്യത്തെ എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയകക്ഷികളോടും സംഘടനകളോടും വിഷയം ചർച്ച ചെയ്ത് അഭിപ്രായസമന്വയം രൂപവത്കരിക്കണമെന്നും പഥക് അഭിപ്രായപ്പെട്ടു. ഭരണഘടനയെ കൂട്ടുപിടിച്ചു കൊണ്ടാണ് ആപ്പിന്റെ നീക്കം.

ഭോപ്പാലിൽ നടന്ന പൊതുപരിപാടിയിൽ പൊതുവ്യക്തിനിയമത്തെ കുറിച്ച് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പരാമർശിച്ചതിന് പിന്നാലെയാണ് എഎപിയുടെ പിന്തുണ പ്രഖ്യാപിച്ചുള്ള പ്രതികരണം. പൊതുവ്യക്തിനിയമം നടപ്പാക്കാൻ സുപ്രീംകോടതി നിർദേശിച്ചിട്ടുള്ളതാണെന്നും എല്ലാവർക്കും തുല്യാവകാശം ഭരണഘടന വിഭാവനംചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു. ''പൊതുവ്യക്തിനിയമത്തെക്കുറിച്ച് രാജ്യത്തെ മുസ്ലിങ്ങളെ തെറ്റിധരിപ്പിക്കാനും പ്രകോപിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നു. വോട്ടുബാങ്ക്രാഷ്ട്രീയം ലക്ഷ്യമിട്ട നീക്കങ്ങളാണിത്. പ്രീണനനയവും വോട്ടുബാങ്ക് രാഷ്ട്രീയവും പിന്തുടരില്ലെന്ന് ബിജെപി. തീരുമാനിച്ചിട്ടുണ്ട്'' - അദ്ദേഹം പറഞ്ഞു. പൊതുവ്യക്തിനിയമത്തെക്കുറിച്ച് സമീപകാലത്ത് പൊതുവേദിയിൽ ആദ്യമായാണ് പ്രധാനമന്ത്രി പരാമർശം നടത്തിയത്.

ഡിസംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ബിജെപി. പ്രവർത്തകരെ അഭിസംബോധനചെയ്തായിരുന്നു മോദിയുടെ പരാമർശങ്ങൾ. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം, മുത്തലാഖ് നിരോധനം, ജമ്മുകശ്മീരിന് പ്രത്യേകപദവി നൽകുന്ന 370-ാം അനുച്ഛേദം പിൻവലിക്കൽ എന്നീ നടപടികൾക്കുശേഷം ബിജെപി.യുടെ അജൻഡയിലെ അടുത്ത ഇനമാണ് പൊതുവ്യക്തിനിയമം. ജൂലായ് അവസാനവാരം ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ ഇത് നടപ്പാക്കുന്നതിനായി ബിൽ അവതരിപ്പിക്കുമെന്നാണ് ബിജെപി. കേന്ദ്രങ്ങൾ നൽകുന്ന സൂചന.

അതേസമയം ഏക സിവിൽ കോഡിനെ തുറന്നെതിർക്കാൻ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും രംഗത്തുണ്ട്. ഏക സിവിൽ കോഡിനെ ശക്തിയുക്തം എതിർക്കുമെന്ന് മുസ്‌ലിം ലീഗ് നേതാക്കൾ വ്യക്തമാക്കി. ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് അജണ്ട സെറ്റ് ചെയ്യുന്നുവെന്ന് വിമർശിച്ച മുസ്‌ലിം ലീഗ്, ഏക സിവിൽ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കി. നടപ്പാക്കിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപി അജണ്ടയാണ് ഏക സിവിൽകോഡ് എന്ന് പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.'നിയമപരമായി ഏക സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും'. അദ്ദേഹം പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവന ദുരൂഹതയെന്നായിരുന്നു ഹൈദറലി തങ്ങളുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏക സിവിൽ കോഡ് നടപ്പിലാക്കും എന്ന് പറഞ്ഞതിന് പിന്നാലെയാണ് മുസ്ലിം ലീഗ് ദേശീയ നേതാക്കളുടെ യോഗം ചേർന്നത്. സാദിഖ് അലി തങ്ങൾ, ഇ.ടി മുഹമ്മദ് ബഷീർ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളെല്ലാം തന്നെ യോഗത്തിൽ പങ്കെടുത്തു.

അതേസമയം, ഏക സിവിൽ കോഡിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നത ദൃശ്യമായി. സിപിഎം, ഡിഎംകെ, സമാജ് വാദി പാർട്ടി, എഐഎംഐഎം തുടങ്ങിയ കക്ഷികൾ സിവിൽ കോഡ് നടപ്പാക്കരുതെന്ന് ശക്തമായി വാദിക്കുമ്പോൾ കോൺഗ്രസ് അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല. രാജസ്ഥാൻ, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകൾ അടുത്ത് വരുമ്പോൾ സിവിൽ കോഡിൽ അന്തിമ നിലപാട് പ്രഖ്യാപിക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. എതിർത്താൽ മുസ്ലിം പ്രീണനമെന്ന ആക്ഷേപം ബിജെപി ശക്തമാക്കും. അതുകൊണ്ട് കരുതലോടെയാണ് നീക്കം. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയെന്നത് കൂടിയാണ് പ്രധാനമന്ത്രി ഉന്നമിടുന്നത്. സിവിൽ കോഡിനായി രാജ്യവ്യാപകമായി പ്രചാരണത്തന് ബിജെപി ന്യൂനപക്ഷ മോർച്ച തയ്യാറെടുപ്പുകളും തുടങ്ങി കഴിഞ്ഞു.