- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനം ഉറപ്പിച്ചെന്ന ആത്മവിശ്വാസത്തിൽ ചെന്നിത്തല; എങ്ങനേയും കടന്നു കൂടാൻ കൊടിക്കുന്നിൽ; കറുത്ത കുതിരയാകാൻ മുല്ലപ്പള്ളി; ഉമ്മൻ ചാണ്ടിയും ആന്റണിയും മാറുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് തരൂരിനോടുള്ള ഹൈക്കമാണ്ട് സമീപനം അറിയാൻ; കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ കേരള നേതാക്കളും പ്രതീക്ഷയിൽ; കെസി സർവ്വശക്തനായേക്കും
തിരുവനന്തപുരം: കോൺഗ്രസ് പ്ലീനറി സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കുമ്പോൾ ശശി തരുരിനെ പ്രവർത്തക സമിതിയിൽ എടുക്കുമോ എന്ന ചോദ്യം ചർച്ചകളിൽ. തരൂരിനെ പ്രവർത്തക സമിതിയിൽ എടുക്കുന്നതിനെതിരെ ഹൈക്കമാണ്ടിലെ നേതാക്കൾ ചരടു വലിക്കുന്നുണ്ട്. അതു വിജയിച്ചാൽ നാമനിർദ്ദേശം അപ്രസക്തമാകും. അതിനിടെ കേരളത്തിൽ നിന്ന് മൂന്ന് പേരെങ്കിലും പ്രവർത്തക സമിതിയിലുണ്ടാകുമെന്നാണ് സൂചന. പ്ലീനറി സമ്മേളനത്തോടെ കെസി വേണുഗോപാലിന് ഹൈക്കമാണ്ടിൽ പ്രസക്തി കൂടുമെന്ന വിലയിരുത്തലും സജീവമാണ്.
കേരളത്തിൽ പ്രവർത്തക സമിതിയിലേക്ക് എത്തുന്നവരെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു. എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവരാണ് കേരളത്തിൽനിന്നുള്ള പ്രവർത്തക സമിതി അംഗങ്ങൾ. ആരോഗ്യ കാരണങ്ങളാൽ ആന്റണിയും ഉമ്മൻ ചാണ്ടിയും ഒഴിയും. കെ.സി.വേണുഗോപാൽ പ്രവർത്തക സമിതിയിൽ തുടരും. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി അദ്ദേഹം തുടരാനാണ് സാധ്യത. കെ.സി.വേണുഗോപാൽ ഈ ചുമതലയിൽ തുടരണമെന്നാണ് രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ താൽപര്യം. രാഹുലിന്റെ അതിവിശ്വസ്തനായി കെസി മാറിയിട്ടുണ്ട്. കെസിക്ക് കൂടുതൽ കരുത്ത് പ്ലീനറി സമ്മേളനത്തിലൂടെ കൈവരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
പ്രവർത്തക സമിതിയിലേക്കുള്ള രണ്ട് ഒഴിവുകളിൽ ഒന്നിൽ രമേശ് ചെന്നിത്തലയ്ക്കാണ് സാധ്യത. ശേഷിക്കുന്ന ഒരു സീറ്റിലേക്ക് നിരവധിപേരുകൾ ഉയർന്നു കേൾക്കുന്നു. ശശി തരൂർ, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് മുൻനിരയിൽ നിൽക്കുന്നത്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിനാൽ തരൂരിന് അവസരം ലഭിക്കുമോയെന്ന് ഉറപ്പില്ല. തരൂരിനെ ഉൾപ്പെടുത്തിയില്ലെങ്കിൽ അദ്ദേഹം മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച തരൂരിന് 1072 വോട്ടുകൾ ലഭിച്ചിരുന്നു. പ്രവർത്തക സമിതിയിലേക്കു മത്സരിക്കുന്നില്ലെന്നായിരുന്നു തരൂർ ആദ്യം പ്രതികരിച്ചതെങ്കിലും പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നാണ് തരൂർ പറയുന്നത്. പ്രിയങ്കാ ഗാന്ധിയും പ്രവർത്തക സമിതിയിലേക്ക് മത്സരിച്ചേക്കും.
കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും പ്രവർത്തക സമിതിയിലേക്ക് എത്തിയാൽ ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് ഒരാൾ സമിതിയിലെത്താനുള്ള സാധ്യതയുമുണ്ട്. അതുകൊടിക്കുന്നിലിന് തുണയായേക്കും. ആന്റണിയെ ക്ഷണിതാവായി ഉൾപ്പെടുത്തിയേക്കും. ഇമ്മൻചാണ്ടി ഒഴിവാകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 25 അംഗ പ്രവർത്തക സമിതിയിൽ കോൺഗ്രസ് പ്രസിഡന്റും പാർലമെന്ററി പാർട്ടി നേതാവും ഒഴിച്ചുള്ള 23 പേരിൽ 11 പേരെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യും. 12 പേരെ മത്സരത്തിലൂടെ തിരഞ്ഞെടുക്കും. 2001ന് ശേഷം മത്സരം ഉണ്ടായിട്ടില്ല.
കോൺഗ്രസ് ചരിത്രത്തിലെ എൺപത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിനാണ് നാളെ ഛത്തീസ്‌ഗട്ടിലെ റായ്പൂരിൽ തുടക്കമാവുന്നത്. പതിനയ്യായിരത്തോളം പ്രതിനിധികൾ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കും.1338 പേർക്കാണ് വോട്ടവകാശം. പ്രവർത്തക സമിതിയിലേക്ക് നാമനിർദ്ദേശം മതിയെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും രാഹുൽ ഗാന്ധിയുടെ നിലപാട് നിർണ്ണായകമാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന് വിട്ടിരിക്കുകയാണ്. വൈകുന്നേരം ചേരുന്ന സബ്ജക്ട് കമ്മിറ്റി പ്രമേയങ്ങൾക്ക് അന്തിമരൂപം നൽകും.പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചുള്ള രാഷ്ട്രീയപ്രമേയമടക്കം നിർണ്ണായക പ്രമേയങ്ങൾ അവതരിപ്പിക്കും. പ്രവർത്തക സമിതി അംഗബലം കൂട്ടൽ, സമിതികളിൽ 50% യുവാക്കൾക്കും, പിന്നാക്ക വിഭാഗങ്ങൾക്കും സംവരണ മടക്കം നിർണ്ണായക ഭരണഘടന ഭേദഗതികൾക്കും സാധ്യതയുണ്ട്.
പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ 24-ന് രാവിലെ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി മാത്രമാവും തീരുമാനമെടുക്കുകയെന്നും നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പുണ്ടാവുമെങ്കിൽ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കിയത് തെരഞ്ഞെടുപ്പ് തീരുമാനിച്ചതുകൊണ്ടല്ല. സോണിയാ ഗാന്ധിയോ രാഹുൽ ഗാന്ധിയോ തെരഞ്ഞെടുപ്പിൽനിന്നാൽ മുഴുവൻ വോട്ടുകൾ കിട്ടുമെന്നും ദേശീയ നേതാക്കൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ