ന്യൂഡൽഹി: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വെല്ലുവിളികൾ നേരിടുന്നതിനു കോൺഗ്രസിനെ സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ള 85ാം പ്ലീനറി സമ്മേളനം തുടങ്ങുമ്പോൾ ആരൊക്കെ കോൺഗ്രസിന്റെ പ്രവർത്തക സമിതിയിൽ എത്തുമെന്ന ചർച്ച സജീവം. പുതിയ പ്രവർത്തക സമിതി അംഗങ്ങളെ കണ്ടെത്താൻ തിരഞ്ഞെടുപ്പു വേണ്ട എന്നാണു സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെങ്കിൽ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയ്ക്കു കൈമാറും. അങ്ങനെയെങ്കിൽ, സമിതിയുടെ പ്രഖ്യാപനം പ്ലീനറിയിലുണ്ടായേക്കില്ല; 23 പേരെയും പിന്നീടായിരിക്കും പ്രഖ്യാപിക്കുക. എന്നാൽ അതിന് സാധ്യത കുറവാണ്.

തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന അഭിപ്രായത്തിനാണു സ്റ്റിയറിങ് കമ്മിറ്റിയിൽ മുൻതൂക്കം. അതേസമയം, തിരഞ്ഞെടുപ്പു വേണമെന്നു കമ്മിറ്റിയിൽ ആവശ്യമുയർന്നാൽ, നാളെ നാമനിർദേശ പത്രികാ സമർപ്പണവും ഞായറാഴ്ച തിരഞ്ഞെടുപ്പും നടക്കും. പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന സൂചന നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തീരുമാനം നിർണ്ണായകമാണ്. പ്രവർത്തക സമിതിയിൽ ഇടം ലഭിച്ചില്ലെങ്കിൽ ശശി തരൂർ, സച്ചിൻ പൈലറ്റ് എന്നിവരടക്കമുള്ളവർ പിണങ്ങും. ഇത് പ്രതിസന്ധിയുമാകും. ഇരുവരുടെയും സേവനം പാർട്ടി ഉപയോഗപ്പെടുത്തണമെന്നു സോണിയ ഗാന്ധിക്കും പ്രിയങ്കയ്ക്കും അഭിപ്രായമുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ അതിവിശ്വസ്തർ ഇതിന് എതിരാണ്.

ദേശീയ നേതൃത്വത്തിൽ ഒരു ചുമതലകളിലേക്കും തന്നെ ഇനി പരിഗണിക്കരുത് എന്ന് എ.കെ.ആന്റണി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. അനാരോഗ്യം മൂലം ഉമ്മൻ ചാണ്ടിയും ഒഴിയുമ്പോൾ, പകരം രമേശ് ചെന്നിത്തലയ്ക്ക് സാധ്യത ഏറെയാണ്. എന്നാൽ ആന്റണി മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടി ശശി തരൂരിനും കൂടെയാണ്. ഇതും കേരളത്തിലെ ഭാവിയിലെ കോൺഗ്രസിന്റെ ദേശീയ മുഖങ്ങളെ സ്വാധീനിക്കും. കെസി വേണുഗോപാൽ പ്രവർത്തക സമിതിയിൽ ഉണ്ടാകും. ജോഡോ യാത്രയുടെ വിജയം കെസിയുടെ കരുത്ത് കൂട്ടും. കൊടിക്കുന്നിൽ സുരേഷും പ്രവർത്തക സമിതി മോഹവുമായി ഉണ്ട്. എല്ലാം നിശ്ചയിക്കുക രാഹുൽ ഗാന്ധിയുടെ നിലപാടാകും. അതുകൊണ്ട് തന്നെ രാഹുലിന്റെ തീരുമാനം അറിയാനുള്ള ആകാംഷയിലാണ് കോൺഗ്രസ് നേതാക്കൾ.

താനൊഴിയുമ്പോൾ പകരം മുല്ലപ്പള്ളി രാമചന്ദ്രനെ പ്രവർത്തക സമിതിയിൽ എടുക്കണമെന്നതാണ് ആന്റണിയുടെ നിർദ്ദേശം. സോണിയാ ഗാന്ധിയുടെ അതിവിശ്വസ്തനാണ് ആന്റണി. എഐസിസി അധ്യക്ഷ പദവിയിൽ മല്ലികാർജ്ജുന ഖാർഗെയ്ക്കായി മുമ്പിൽ നിന്ന മുതിർന്ന നേതാവ്. അതുകൊണ്ട് തന്നെ ആന്റണിയുടെ നിർദ്ദേശം അംഗീകരിക്കാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ ആന്റണിയുടെ കൈയിലുള്ള കേന്ദ്ര അച്ചടക്ക സമിതിയുടെ ചെയർമാൻ സ്ഥാനവും മുല്ലപ്പള്ളിക്ക് കിട്ടിയേക്കും. രമേശ് ചെന്നിത്തല ഇത്തവണ പ്രവർത്തകസമിതിയിൽ ഇടംപിടിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ശശി തരൂരിന്റെ സാധ്യത പൂർണമായും അസ്തമിച്ചിട്ടില്ല. പ്രവർത്തകസമിതി അംഗബലം 25 ൽ നിന്നും 30 ആക്കി ഉയർത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയും സ്ഥാനമൊഴിയും. അങ്ങനെ വന്നാൽ ആരാകും പകരക്കാരനെന്ന ചർച്ച സജീവമാണ്. ആൻണിയുടെ നീക്കങ്ങൾ ശശി തരൂരിനെ തളയ്ക്കാൻ വേണ്ടി കൂടിയാണ്. എന്നാൽ ആന്റണിയുടെ പേരിലുള്ള കോൺഗ്രസിലെ എ ഗ്രൂപ്പിനെ ഇന്ന് നയിക്കുന്ന ഉമ്മൻ ചാണ്ടിയുടെ മനസ്സ് തരൂരിനൊപ്പവും. ആന്റണിയും ഉമ്മൻ ചാണ്ടിയും ഒഴിയുമ്പോൾ പ്രവർത്തകസമിതിയിൽ എ വിഭാഗത്തിനു പ്രാതിനിധ്യം ഇല്ലാതാകും. കൊടിക്കുന്നിൽ വന്നാൽതന്നെ, പഴയ എ ഗ്രൂപ്പുകാരനായ അദ്ദേഹത്തെ അവർ ഇപ്പോൾ ഒപ്പമുള്ളയാളായി പരിഗണിക്കുന്നില്ല. തരൂരിനുവേണ്ടി 'എ'യിലെ ബെന്നി ബഹനാനും തമ്പാനൂർ രവിയും എം.കെ.രാഘവനും പരസ്യമായി നിലയുറപ്പിക്കുന്നുണ്ട്.

പ്ലീനറിയിൽ അവതരിപ്പിക്കുന്ന 6 പ്രമേയങ്ങൾക്ക് ഇന്ന് അന്തിമ രൂപമാകും. ഇതിനുള്ള സമിതി വൈകിട്ട് യോഗം ചേരും. നാളെയും ഞായറാഴ്ചയും വിവിധ പ്രമേയങ്ങളിൽ വിശദ ചർച്ച നടക്കും. പ്രതിപക്ഷ സഖ്യമടക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് പ്ലീനറിയിൽ പ്രഖ്യാപിക്കും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച 2 ന് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പ്ലീനറിയെ അഭിസംബോധന ചെയ്യും. വൈകിട്ട് നടത്തുന്ന റാലിയോടെ പ്ലീനറിക്കു സമാപനമാകും.

പ്ലീനറിയുടെ ഭാഗമായി കോൺഗ്രസ് നേതാക്കളുടെ കട്ടൗട്ടുകൾ കൊണ്ട് നിറഞ്ഞ് റായ്പുർ. സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക, പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുടെ കട്ടൗട്ടുകളാണ് സമ്മേളനസ്ഥലമായ നയാ റായ്പുരിലെങ്ങും. തന്റെ എതിരാളിയായ മന്ത്രി ടി.എസ്.സിങ്‌ദേവിനെ സംസ്ഥാന രാഷ്ട്രീയത്തിൽ വെട്ടിനിരത്തിയതിനു പുറമേ കട്ടൗട്ടുകളിൽ നിന്നും ബാഗേൽ പുറത്താക്കി. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രബലനാണെങ്കിലും സിങ് ദേവിന്റെ കാണാനില്ല.

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പ്ലീനറി സമ്മേളനത്തിൽ പതിനയ്യായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. 1338 പേർക്കാണ് വോട്ടവകാശമുള്ളത്. കോൺഗ്രസ് ദേശീയ ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവരെ സമ്മേളനം തെരഞ്ഞെടുക്കും.