റായ്പൂർ: ബിജെപി വിരുദ്ധരെയെല്ലാം ഒരുമിച്ചുനിർത്താൻ കോൺഗ്രസ് മുൻകയ്യെടുക്കുമെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞത് പ്ലീനറി സമ്മേളനം രാഷ്ട്രീയമായി എടുക്കാൻ പോകുന്ന തന്ത്രത്തിന്റെ സൂചന. ഭാരത് ജോഡോ യാത്രയുടെ സമാപനം പ്രതിപക്ഷ സഖ്യത്തിന്റെ വേദിയാക്കാനുള്ള കോൺഗ്രസ് ശ്രമം വിജയിച്ചിരുന്നില്ല. ഏത് വിധേനയും ബിജെപി ഇതരരെ ഒരുമിപ്പിക്കും. ഇതിന് വേണ്ടി പരമാവധി വിട്ടു വീഴ്ച ചെയ്യും. കേരളത്തിൽ മാത്രമാകും ഇനി ബിജെപി വിരുദ്ധ കക്ഷിയുമായി കോൺഗ്രസ് നേരിട്ട് മത്സരിക്കുക. ബാക്കിയെല്ലായിടത്തും ബിജെപിയെ പൊതു ശത്രുവാക്കി പ്രഖ്യാപിച്ച് ബിജെപി ഇതരരെ ഒരുമിപ്പികും. ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ പോലും ചേർത്തു നിർത്തും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇതര പാർട്ടികളിൽ ഏറ്റവും കുടുതൽ സീറ്റുള്ള പാർട്ടിയായി കോൺഗ്രസ് മാറാൻ ശ്രമിക്കും. ബിജെപി തോൽപ്പിക്കാനുള്ള തന്ത്രങ്ങൾക്കൊപ്പം ഇതും പ്രധാനമായിരിക്കും.

കരുത്തരായ ബിജെപിയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിടുന്നതിന് സംഘടനാപരമായി ശക്തി ആർജിക്കുന്നതിനുള്ള മുന്നൊരുക്കമായാണ് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് തുടക്കമിട്ടത്. 85-ാം പ്ലീനറി സമ്മേളനത്തിലൂടെ പാർട്ടി ഏതുവിധേനെയും തിരിച്ചുവരുന്നതിനുള്ള ശ്രമം ആണ് നടത്തുന്നത്. കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ആദ്യം നടക്കുന്ന സമ്മേളനമെന്ന പ്രത്യേകതയുമുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വിജയവും ആവേശവും ഉൾക്കൊണ്ട് പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകുകയും താഴെത്തട്ടിൽ നഷ്ടപ്പെട്ടുപോയ പ്രവർത്തകരെ തിരിച്ചുകൊണ്ടുവരികയുമാണ് പ്ലീനറി സമ്മേളനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 15000 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

അതിനിടെ പ്ലീനറി സമ്മേളനത്തിൽ പ്രവർത്തക സമിതി അംഗങ്ങളെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് ഒഴിവാക്കിയത് ചർച്ചകളിലുണ്ട്. അംഗങ്ങളെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിർദ്ദേശിക്കും. പട്ടികയിൽ ഇടം ലഭിച്ചില്ലെങ്കിൽ ശശി തരൂർ, സച്ചിൻ പൈലറ്റ് എന്നിവരടക്കമുള്ളവർ ഭാവിയിൽ കടുത്ത തീരുമാനങ്ങളിലേക്കു പോകാനുള്ള സാധ്യത നിലനിൽക്കുന്നു. വോട്ടെടുപ്പ് നടന്നിരുന്നുവെങ്കിൽ കൂടുതൽ ശ്രദ്ധ പ്ലീനറി സമ്മേളനത്തിന് കിട്ടുമായിരുന്നു. ഇതിനുള്ള അവസരമാണ് ഇല്ലാതെ പോകുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും വിവിധ പ്രമേയങ്ങളിൽ വിശദ ചർച്ച നടക്കും. പ്രതിപക്ഷ സഖ്യമടക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് പ്ലീനറിയിൽ പ്രഖ്യാപിക്കും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച 2 മണിക്ക് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്ലീനറിയെ അഭിസംബോധന ചെയ്യും. വൈകിട്ട് നടത്തുന്ന റാലിയോടെ പ്ലീനറി സമാപിക്കും.

ഈ വർഷം തിരഞ്ഞെടുപ്പുള്ളതിൽ രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും കോൺഗ്രസ് ഭരണത്തിലാണ്, കർണാടകയിലും മധ്യപ്രദേശിലും മുഖ്യ പ്രതിപക്ഷം. രാജസ്ഥാനിലും ഛത്തീസ് ഗഡിലും അധികാരം നിലനിർത്തണം. ഒപ്പം കർണ്ണാടകയും മധ്യപ്രദേശും നേടുകയും വേണം. കേന്ദ്രത്തിൽ ഒരു തവണകൂടി ബിജെപി അധികാത്തിലേറുന്നത് തടയേണ്ടത് കോൺഗ്രസിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. അതിന് ഈ തെരഞ്ഞെടുപ്പുകൾ നിർണ്ണായകമാണ്. കോൺഗ്രസിന് ശക്തമായ സംഘടനാസംവിധാനം ആവശ്യമാണ്. പല സംസ്ഥാനങ്ങളിലും താഴെത്തട്ടിൽ പാർട്ടി ഇല്ലാതായിരിക്കുകയാണ്. ലോകസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്ന വെല്ലുവിളിയെ എങ്ങനെ അതിജീവിക്കാം എന്നതായിരിക്കും പ്ലീനറിയിലെ പ്രധാന ചർച്ചാവിഷയം.

ഇതിന് വേണ്ടിയാണ് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ രാജ്യത്തെ 7 മേഖലകളായി തിരിച്ച് പാർട്ടി സമിതികൾ രൂപീകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. തിരഞ്ഞെടുപ്പുകൾക്കായി പാർട്ടി ഘടനയിൽ കാതലായ മാറ്റം വരുത്താനുള്ള നിർദ്ദേശം പ്ലീനറിയിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തിലുൾപ്പെടുത്തി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആദ്യമായാണ് മേഖല തിരിച്ചുള്ള സംഘടനാപ്രവർത്തനത്തിന് കോൺഗ്രസ് ഒരുങ്ങുന്നത്. കേരളം, തമിഴ്‌നാട്, കർണാടക, ലക്ഷദ്വീപ് എന്നിവയെ ഒരു മേഖലയായി കണക്കാക്കും. ഈ സംസ്ഥാനങ്ങളിലെ പിസിസി പ്രസിഡന്റുമാർ, നിയമസഭാ കക്ഷി നേതാക്കൾ, മുതിർന്ന നേതാക്കൾ എന്നിവരെയുൾപ്പെടുത്തി സമിതിക്കു രൂപം നൽകും.

തിരഞ്ഞെടുപ്പ് വേളയിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങൾ ഇവർ രൂപീകരിക്കും. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അനുഭവസമ്പന്നരായ നേതാക്കൾ ആശയങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു കരുത്തേകുമെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം 5 വർഷം കൂടി തുടരുക, സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി 4.5 ശതമാനമാക്കുക, പ്രോസിക്യൂഷന് ഗവർണർക്കും മുഖ്യമന്ത്രിക്കും അധികാരം നൽകി അഴിമതി നിരോധന നിയമത്തിൽ കേന്ദ്രം വരുത്തിയ ഭേദഗതി റദ്ദാക്കുക എന്നിവയടക്കം രമേശ് ചെന്നിത്തല മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ വിവിധ പ്രമേയങ്ങളിലുൾപ്പെടുത്തി.

പ്രവർത്തക സമിതിയിലടക്കം 50% പദവികൾ യുവാക്കൾക്ക് നൽകണമെന്ന് വിവിധ യുവനേതാക്കൾ ഉന്നയിച്ച ആവശ്യം യുവജനങ്ങളുമായി ബന്ധപ്പെട്ട കരട് പ്രമേയത്തിലുൾപ്പെടുത്തി.