റായ്പുർ: റായ്പൂരിൽ നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനം എല്ലാ അർത്ഥത്തിലും ഒരു മല്ലു സമ്മേളനമായി മാറുകയാണ്. മലയാളികളാണ് സമ്മേളനത്തിന്റെ തന്ത്രങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. സമ്മേളനത്തിൽ എവിടെ തിരിഞ്ഞാലും എന്തെങ്കിലും ആവശ്യവുമായി ചുറ്റിത്തിരിയുന്ന മലയാളി നേതാക്കളെ കാണാൻ സാധിക്കും. മുഖ്യസംഘാടനകന്റെ റോളിൽ തിളങ്ങുന്നത് കെ സി വേണുഗോപാൽ തന്നെയാണ്. എഐസിസി ജനറൽ സെക്രട്ടറിയായ കെ സി സമ്മേളനത്തോടെ ആ സ്ഥാനം ഒഴിയുമെന്ന് സൂചനയുണ്ടെങ്കിലും അതിലും പ്രാധാന്യമുള്ള സ്ഥാനം അദ്ദേഹത്തെ തേടി എത്തുമെന്ന് കരുതുന്നവരാണ് ഏറെയും. മല്ലികർജ്ജുന ഖാർഖെ നയിക്കുന്ന പാർട്ടിയിൽ നേതാവും മുഖവുമായി രാഹുൽ ഗാന്ധിയെ മാറ്റുക എന്ന തന്ത്രം തന്നെയാണ് പാർട്ടി മെനയുന്നതും.

പ്ലീനറിയുടെ ഉദ്ഘാടന ചടങ്ങിൽ സമ്മേളനത്തിന്റെ അജൻഡ അടക്കം അവതരിപ്പിച്ചത് കെ സി വേണുഗോപാലാണ്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വെല്ലുവിളി ഉയർത്തുന്ന ബിജെപിക്കെതിരെ പോരാടാനുള്ള തന്ത്രങ്ങൾക്കു സമ്മേളനം രൂപം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി കോൺഗ്രസ് പോരാട്ടത്തിനു തയ്യാറെടുക്കുന്നതിനൊപ്പം അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിലെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ഓട്ടപ്പാച്ചിലിനിടെ സദസ്സിലെ ടിവി സംഘത്തിന്റെ ക്രെയിൻ തലയിൽമുട്ടി വേണുഗോപാലിനു പരുക്കേറ്റു. തിരക്കിട്ട ഓട്ടപ്പാച്ചിലിനിടെയായിരുന്നു അപകടം. പ്ലീനറി സമ്മേളനത്തിലെ ചർച്ചകളിലും നിറയുന്നത് മലയാളി നേതാക്കാളാണ്. രാഷ്ട്രീയ, സാമ്പത്തിക, വിദേശകാര്യ പ്രമേയങ്ങളിൽ കേരളത്തിൽ നിന്ന് വി.ഡി.സതീശൻ, ശശി തരൂർ, ടി.സിദ്ദിഖ്, എം. ലിജു എന്നിവർ പ്രസംഗിച്ചു.

ശ്രദ്ധാകേന്ദ്രമായി തരൂർ

ഖാർഗെക്കെതിരെ മത്സരിച്ച ശശി തരൂരും സമ്മേളനത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. ബിജെപിയെ എങ്ങനെ പ്രതിരോധിക്കാമെന്ന കാര്യത്തിൽ ഊന്നിയായിരുന്നു തരൂരിന്റെ പ്രസംഗം. ബിജെപിയെ സർവശക്തിയുമെടുത്ത് നേരിടണമെങ്കിൽ സ്വന്തം പ്രത്യയശാസ്ത്രത്തെക്കുറിച്ച് കോൺഗ്രസിനു പൂർണ വ്യക്തത ഉണ്ടായിരിക്കണെമന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. ബിൽക്കീസ് ബാനു കൂട്ടപീഡനം, പശു സംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ എന്നിവയിലെല്ലാം കൂടുതൽ കരുത്തോടെ കോൺഗ്രസ് പ്രതികരിക്കേണ്ടിയിരുന്നു. സമ്പന്നമായ ചൈനയ്‌ക്കെതിരെ പൊരുതാനാവില്ലെന്ന വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുടെ പ്രതികരണം ഞെട്ടിക്കുന്നതാണ്. പൊരുതാൻ കോൺഗ്രസ് ഉള്ളിടത്തോളം കാലം ഇന്ത്യയുടെ ഭാവി ശോഭനമാണെന്നും അദ്ദേഹം പറഞ്ഞു.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം രാജ്യത്ത് വർധിക്കുകയാണെന്ന് സതീശൻ പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ അദാനിയുടെ ഇടപാടുകളെക്കുറിച്ച് ലളിതമായ ഭാഷയിൽ ജനങ്ങളോടു കോൺഗ്രസ് പറയണം. സമ്പന്നർക്കു വേണ്ടിയുള്ള സർക്കാരാണ് ഇന്ന് കേന്ദ്രത്തിലുള്ളതെന്നും അത് തുറന്നുകാട്ടാൻ കോൺഗ്രസിനു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ പദയാത്രയിലൂടെ കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കും പൊതുസമൂഹത്തിനും ആത്മവിശ്വാസം പകരാൻ രാഹുൽ ഗാന്ധിക്കു സാധിച്ചുവെന്നും ഇനിയുള്ള രാഷ്ട്രീയ ദൗത്യങ്ങളും വെല്ലുവിളികളും ഒന്നിച്ചു നേരിടണമെന്നും സിദ്ദിഖ് പറഞ്ഞു.

രാഷ്ട്രീയ വിരാമത്തിന് സോണിയ, പാർട്ടി മുഖമായി രാഹുൽ

കോൺഗ്രസിന്റെ തിരിച്ചു വരവും പതനവും കണ്ട നേതാവായ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ വിരാമം കൂടിയാണ് എഐസിസി സമ്മേളനം. രണ്ട് പതിറ്റാണ്ടിലധികം കോൺഗ്രസിനെ നയിച്ച സോണിയ ഗാന്ധി, രാഷ്ട്രീയം മതിയാക്കുന്നു എന്ന് നേരിട്ടു പറഞ്ഞില്ലെങ്കിലും ദീർഘകാലമായി ആഗ്രഹിക്കുന്ന വിശ്രമജീവിതത്തിലേക്ക് കടക്കുന്നുവെന്ന സൂചന നൽകുന്നതായിരുന്നു പ്ലീനറിയിലെ അവരുടെ വാക്കുകൾ. പിൻഗാമിയെ കണ്ടെത്താൻ കഴിഞ്ഞ വർഷം നടന്ന കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 'ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം' എന്നു പറഞ്ഞാണ് മകൾ പ്രിയങ്കയ്‌ക്കൊപ്പം എഐസിസി ആസ്ഥാനത്ത് വോട്ട് ചെയ്യാൻ അവരെത്തിയത്.

കന്യാകുമാരി മുതൽ കശ്മീർ വരെ വിജയകരമായി പദയാത്ര നടത്തിയ രാഹുൽ, ദേശീയ രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് ഉറപ്പാക്കിയാണ് ഇപ്പോൾ. യാത്രകൊണ്ട് രാഹുലിന് പുതിയൊരു മുഖം തന്നെ കൈവന്നിട്ടുണ്ട്. തന്റെ വിടവാങ്ങലിനെ കുറിച്ച് വിശദമായി തന്നെ സോണി പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. 137 വർഷം പഴക്കമുള്ള കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽകാലം പാർട്ടിയെ നയിച്ച പ്രസിഡന്റ് എന്ന പെരുമയിൽ പാർട്ടി നൽകിയ ആദരവും സ്‌നേഹവും ഏറ്റുവാങ്ങി സോണിയ പ്രസംഗിച്ചു.

സോണിയയുടെ പ്രസംഗത്തിൽ നിന്ന്:

'പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഖർഗെയെ ഞാൻ അഭിനന്ദിക്കുകയാണ്. ബ്ലോക്ക് മുതൽ ദേശീയതലം വരെ സംഘടനാപരവും ഭരണപരവുമായ പദവികൾ വഹിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അറിവും അനുഭവസമ്പത്തും കോൺഗ്രസിനു മുതൽക്കൂട്ടാണ്. താഴേത്തട്ടിലുള്ള പ്രവർത്തകനിൽനിന്ന് പാർട്ടിയുടെ ഏറ്റവും ഉന്നത പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര നമുക്കെല്ലാം അഭിമാനം പകരുന്നതാണ്. ആദ്യമായി പ്രസിഡന്റാകാനുള്ള ഭാഗ്യം 1998 ൽ എനിക്കു ലഭിച്ചു. അതിനു ശേഷമുള്ള 25 വർഷത്തിനിടെ വലിയ വിജയങ്ങളും നിരാശയും നമ്മുടെ പാർട്ടി കണ്ടു. കോൺഗ്രസിലെ ഓരോരുത്തരുടെയും പിന്തുണയും പരസ്പര ധാരണയുമാണു നമുക്ക് കരുത്ത്് നൽകിയത്. 2004 ലെയും 2009 ലെയും പൊതുതിരഞ്ഞെടുപ്പ് വിജയങ്ങൾ എനിക്ക് വ്യക്തിപരമായ സംതൃപ്തി നൽകി. പക്ഷേ, എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത് മറ്റൊന്നാണ്; ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിങ്‌സ് അവസാനിപ്പിക്കാൻ സാധിച്ചു'.

ഭാരത് ജോഡോ യാത്ര ഒരു വഴിത്തിരിവാണ്. രാജ്യത്തെ ജനങ്ങൾ സമാധാനവും സഹിഷ്ണുതയും സമത്വവും ആഗ്രഹിക്കുന്നുവെന്ന് അത് തെളിയിച്ചു. സമ്പർക്ക പരിപാടികളിലൂടെ ജനങ്ങളും പാർട്ടിയും തമ്മിൽ ആശയവിനിമയം നടത്തുന്ന പാരമ്പര്യം പുതുക്കാൻ യാത്രയ്ക്കു സാധിച്ചു. കോൺഗ്രസ് ജനങ്ങൾക്കൊപ്പമാണെന്നും അവർക്കു വേണ്ടി പോരാടാൻ തയാറാണെന്നും അതു നമുക്ക് കാണിച്ചുതന്നു. യാത്രയ്ക്കു വേണ്ടി കഷ്ടപ്പെട്ട പാർട്ടി പ്രവർത്തകരെയും അതിൽ പങ്കെടുത്ത ലക്ഷക്കണക്കിനാളുകളെയും ഞാൻ അഭിനന്ദിക്കുന്നു. രാഹുലിന്റെ നിശ്ചയദാർഢ്യവും നേതൃത്വവുമാണ് യാത്രയുടെ വിജയത്തിൽ നിർണായകമായത്. അദ്ദേഹത്തെയും ഞാൻ അഭിനന്ദിക്കുന്നു.

കോൺഗ്രസിനും രാജ്യത്തിനും ഇത് വെല്ലുവിളികൾ നിറഞ്ഞ കാലമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ആർഎസ്എസ് ഭരണവും ചേർന്ന് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുക്കുകയാണ്. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തുന്നു. ഏതാനും ബിസിനസുകാർക്ക് സഹായങ്ങൾ നൽകി രാജ്യത്തിന്റെ സാമ്പത്തിക നില തകർത്തു. ന്യൂനപക്ഷങ്ങളെ അവർ ക്രൂരമായി ലക്ഷ്യമിട്ടു. ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും ദലിതർക്കും ഗോത്രവിഭാഗക്കാർക്കുമെതിരായ അതിക്രമങ്ങൾ അവഗണിച്ചു. അവർ ഗാന്ധിജിയെ കളിയാക്കി. സ്വന്തം പ്രവൃത്തികളിലൂടെ ജനാധിപത്യ മൂല്യങ്ങളെ പുച്ഛിച്ചു.

ഇന്നത്തെ അവസ്ഥ ഞാൻ ആദ്യമായി രാഷ്ട്രീയത്തിലിറങ്ങിയപ്പോഴുള്ള കാലത്തെ അനുസ്മരിപ്പിക്കുന്നു. ഇന്നത്തെപ്പോലെ അന്നും നമ്മൾ ദുഷ്‌കരമായ പ്രതിസന്ധികൾ നേരിട്ടു. ഈ നിർണായക വേളയിൽ പാർട്ടിയോടും രാജ്യത്തോടുമുള്ള കടമ കാട്ടാനുള്ള ബാധ്യത നാം ഓരോരുത്തർക്കുമുണ്ട്. കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടി മാത്രമല്ല. സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഐക്യത്തിനും നീതിക്കുമായി പൊരുതാൻ ഇന്ത്യയിലെ ജനങ്ങൾക്കുള്ള മാർഗമാണു നമ്മൾ. എല്ലാ സംസ്ഥാനങ്ങളിലെയും മതങ്ങളിലെയും ഭാഷകളിലെയും ജാതികളിലെയും ജനങ്ങളുടെ ശബ്ദത്തിന്റെ പ്രതിഫലനമാണു നമ്മൾ. ഓരോ ഇന്ത്യക്കാരന്റെയും അഭിമാനവും സ്വപ്നവും ഉയർത്തിപ്പിടിക്കാൻ പ്രവർത്തിക്കുന്നവരാണു നാം.

മുന്നോട്ടുള്ള പാത എളുപ്പമല്ല. പക്ഷേ, എന്റെ അനുഭവവും കോൺഗ്രസിന്റെ ചരിത്രവും എന്നോടു പറയുന്നു വിജയം നമ്മുടേതായിരിക്കും. ഖർഗെയുടെ നേതൃത്വത്തിനു കീഴിൽ അതു നേടിയെടുക്കാൻ നിലവിലെ ഭരണകൂടത്തെ ഉശിരോടെയും ചങ്കൂറ്റത്തോടെയും നാം നേരിടണം. അവർ ദ്രോഹിക്കുന്ന ജനങ്ങൾക്കൊപ്പം തോളോടുതോൾ ചേർന്നു നിൽക്കണം. നമ്മൾ ജനങ്ങളിലേക്കിറങ്ങി ചെല്ലണം. നമ്മുടെ സന്ദേശം വ്യക്തമായി നൽകണം. എല്ലാറ്റിലുമുപരി നമ്മുടെ സ്വന്തം പ്രതീക്ഷകൾ മാറ്റിവച്ച്, ത്യാഗം ചെയ്യാനും ഒറ്റക്കെട്ടായി പ്രവർത്തിക്കാനും തയാറാകണം. മുൻകാലങ്ങളിൽ പാർട്ടി വിജയിച്ച യുദ്ധങ്ങൾ നമുക്ക് ഓർത്തെടുക്കാം. വരാനിരിക്കുന്ന യുദ്ധങ്ങൾക്കായി തയ്യാറെടുക്കാം. കോൺഗ്രസിന്റെ വിജയം രാജ്യത്തിന്റെയും നാം ഓരോരുത്തരുടെയും വിജയമായിരിക്കും. എല്ലാവർക്കും നന്ദി. ജയ് ഹിന്ദ്'.