റായ്പുർ: അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് റായ്പൂരിൽ നടക്കുന്ന എഐസിസി സമ്മേളനം. തെരഞ്ഞെടുപ്പിൽ എന്താണ് പ്രചരണ വിഷയം ആക്കേണ്ടെന്ന് സൂചിപ്പിക്കുന്നതായി പ്ലീനറി സമ്മേളനത്തിൽ പാസാക്കിയ രാഷ്ട്രീയ പ്രമേയത്തിലൂടെ കോൺഗ്രസ് ചെയ്തത്. ബിജെപിക്കെതിരെ 2004 ലെ മാതൃകയിൽ കൂട്ടുകെട്ടുണ്ടാക്കുമെന്ന പ്രഖ്യാപനത്തിനൊപ്പം, കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളുടെ ചെറുപട്ടികയും അവതരിപ്പിച്ചു. ഇത് ഇപ്പോൾ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ അക്കമിട്ടു പറഞ്ഞു കൊണ്ടുള്ളതാണ്.

ഇതുവരെ ജയിക്കാൻ സാധിക്കാത്ത മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് ഇപ്പോൾ ബിജെപി നടത്തുന്നത്. തിരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളുമായി ആദ്യം ബിജെപി കളം പിടിക്കുകയും കോൺഗ്രസ് അതിന് മറുപടിയുമായി രംഗത്തെത്തുകയും ചെയ്യുകയെന്നതാണ് രീതി. അതു മാറണമെന്നായിരുന്നു നേതൃനിരയിലുണ്ടായ അഭിപ്രായം. ഇപ്പോൾ നടത്തിയ ആദ്യ കരുനീക്കം ഈ വർഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രയോജനം ചെയ്യുമെന്ന പ്രതീക്ഷ പാർട്ടിക്കുണ്ട്.

പ്രതിപക്ഷത്തെ 'സമാന ഹൃദയ'രുടെ കൂട്ടായ്മയ്ക്കു മുൻകൈയെടുക്കും. ബിജെപിയെ താഴെയിറക്കുക എന്ന കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് ഒരേ മനസ്സാണ്. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ ശ്രീനഗറിലേക്കു മല്ലികാർജുൻ ഖർഗെ കത്തെഴുതി ക്ഷണിച്ചതും ഈ നിലപാടുള്ള 23 പാർട്ടികളെയാണ്. എന്നാൽ 8 പാർട്ടികൾ മാത്രമാണ് ശ്രീനഗറിൽ ചെന്നത്. കോൺഗ്രസിന്റെ മാത്രം പരിപാടിയാണ് എന്നതിനാലാണ് പല പാർട്ടികളും പങ്കെടുക്കാതിരുന്നത്.

അതേസമയം, അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അടക്കം സൂചിപ്പിച്ച് സമാനഹൃദയരെ ഒപ്പംകൂട്ടാൻ ഇനി കോൺഗ്രസ് നടത്തുന്ന ശ്രമത്തിനോട് ശ്രീനഗർ മാതൃകയിലാവില്ല മറ്റു കക്ഷികളുടെ പ്രതികരണം. എന്നാൽ മൂന്നാം മുന്നണി ബിജെപിക്കാവും ഗുണം ചെയ്യുകയെന്ന് കോൺഗ്രസ് നൽകിയ മുന്നറിയിപ്പിനോട് നിതീഷ് കുമാർ ഉൾപ്പെടെയുള്ളവർ എങ്ങനെ പ്രതികരിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.

ചെറിയ രൂപത്തിലുള്ള പ്രകടന പത്രികയാണ് കോൺഗ്രസ് മുന്നോട്ടുവെച്ച രാഷ്ട്രീയ പ്രമേയം. ജനാധിപത്യ മൂല്യങ്ങൾ തിരിച്ചുപിടിക്കാനും സാമൂഹിക, സാമ്പത്തിക നീതിക്കുള്ള നടപടികൾ ശക്തമാക്കുന്നതിനുമാണ് പത്രിക ഊന്നൽ നൽകുന്നതെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. സമ്മേളനത്തിൽ പറയുന്നത് ഫെഡറൽ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നൽകുമെന്നതാണ്.

1. അഭിമാനകരമായ ജനാധിപത്യ പൈതൃകം സംരക്ഷിക്കും

-അഭിപ്രായ സ്വാതന്ത്ര്യം വിമർശകരെയും മാധ്യമപ്രവർത്തകരെയും പ്രക്ഷോഭകരെയും പൗരാവകാശ പ്രവർത്തകരെയും വിദ്യാർത്ഥികളെയും സംഘടനകളെയും പീഡിപ്പിക്കാൻ ഇപ്പോൾ നിയമങ്ങൾ ദുരുപയോഗിക്കുന്നു. ജനങ്ങളുടെ സ്വാതന്ത്ര്യം അന്യായമായി നിയന്ത്രിക്കുന്നതും കാലഹരണപ്പെട്ടതുമായ എല്ലാ നിയമങ്ങളും പുനഃപരിശോധിക്കും.

-കൂറുമാറ്റം 2014 മുതൽ കൂട്ടത്തോടെയുള്ള കൂറുമാറ്റമുണ്ടാക്കുകയും ജനപ്രതിനിധികളെ വിലയ്ക്കു വാങ്ങി സർക്കാരുകളെ അട്ടിമറിക്കുകയുമാണ് ബിജെപി ചെയ്യുന്നത്. ഇതു തടയാൻ ഭരണഘടനാ ഭേദഗതി.

-പൊലീസ് പരിഷ്‌കാരങ്ങൾ ദുർബല വിഭാഗങ്ങളുടെ സംരക്ഷണമുറപ്പാക്കാൻ 2ാം ഭരണപരിഷ്‌കാര കമ്മിഷൻ ശുപാർശകൾ നടപ്പാക്കും. സംസ്ഥാന പൊലീസിൽ നേരിട്ടുള്ള റിക്രൂട്‌മെന്റിലും സ്ഥാനക്കയറ്റത്തിലും 33% വനിതാ സംവരണം.

- തിരഞ്ഞെടുപ്പു പരിഷ്‌കാരം രാഷ്ട്രീയ കക്ഷികളുടെ ചെലവിനായി ദേശീയ തിരഞ്ഞെടുപ്പു നിധി. തിരഞ്ഞെടുപ്പു പ്രക്രിയയുടെ സംശുദ്ധി ഉറപ്പാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനുമായി ആദ്യം ചർച്ച; അനുകൂല പ്രതികരണമില്ലെങ്കിൽ കോടതിയെ സമീപിക്കും.

-ഡേറ്റ സംരക്ഷണം പൗരന്മാരെ സർക്കാർ നിരീക്ഷിക്കുന്നത് അവസാനിപ്പിക്കാൻ വ്യക്തിവിവര സംരക്ഷണത്തിന് ശക്തമായ നിയമം.


2. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ നിയമം

-ബിജെപിയും ആർഎസ്എസും വെറുപ്പിന്റെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നു, പ്രചരിപ്പിക്കുന്നു. ദൂർബല വിഭാഗങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കുന്നു. വിദ്വേഷ കുറ്റകൃത്യങ്ങൾ തടയാനും ശിക്ഷ നൽകാനും പുതിയ നിയമമുണ്ടാക്കും.

3. അഴിമതിക്കെതിരെ സുതാര്യത

-പരാതി പരിഹാരത്തിന് 2011 ൽ കൊണ്ടുവന്ന ബിൽ വീണ്ടും അവതരിപ്പിച്ചു പാസാക്കും; സമയബന്ധിത പരാതി പരിഹാരം ഉറപ്പാക്കും.

-അഴിമതി പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കാനുള്ള 2014 ലെ നിയമത്തിന്റെ ചട്ടങ്ങൾ പ്രാബല്യത്തിലാക്കും.

4. സാമൂഹിക, സാമ്പത്തിക തുല്യത, നീതി

-ആരോഗ്യ സേവനങ്ങൾ പൗരാവകാശമാക്കാൻ നിയമം. രാജസ്ഥാനിലെ ചിരഞ്ജീവി പദ്ധതി രാജ്യം മുഴുവൻ വ്യാപിപ്പിക്കും.

-മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3% ആരോഗ്യ സംരക്ഷണ മേഖലയ്ക്കായി മാറ്റിവയ്ക്കും.

-ഭിന്നശേഷിക്കാർക്ക് അവസരങ്ങൾ ലഭ്യമാക്കാൻ 'സക്ഷം ഭാരത്' പദ്ധതി;

-ആരോഗ്യ, ശാസ്ത്ര, സാങ്കേതിക മേഖലകളിലെ മാറ്റങ്ങൾക്ക് അനുസൃതമായി മുതിർന്ന പൗരന്മാർക്കുള്ള ക്ഷേമ പദ്ധതികൾ പരിഷ്‌കരിക്കും.

5. ആഭ്യന്തര, ബാഹ്യ സുരക്ഷ

-വ്യാപാരം, സേനകളുടെ നവീകരണം തുടങ്ങിയവയിൽ ഇന്ത്യ പിന്നിലാണ്. ദേശീയ സുരക്ഷാ തന്ത്രങ്ങൾ മെച്ചപ്പെടുത്താൻ 2019 ൽ കോൺഗ്രസ് അവതരിപ്പിച്ച രേഖ പരിഷ്‌കരിച്ച് നടപ്പാക്കും.

-കേന്ദ്ര, സംസ്ഥാന സേനകളിൽ വേണ്ടത്ര സൈബർ സുരക്ഷാ വിദഗ്ധരെ നിയമിക്കും.

6. ഫെഡറലിസം ശക്തിപ്പെടുത്തും

- പദവി ദുരുപയോഗിക്കുന്ന ഗവർണർമാർ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം.

- ജമ്മു കശ്മീരിന്റെ പൂർണ സംസ്ഥാന പദവി വീണ്ടെടുക്കാനും ലഡാക്കിനെ ഭരണഘടനയുടെ 6ാം പട്ടികയിൽപെടുത്തി സംരക്ഷിക്കാനും ശ്രമിക്കും.

ന്മ ജമ്മു കശ്മീരിനും വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കുമുണ്ടായിരുന്ന പ്രത്യേക പദവി പുനഃസ്ഥാപിക്കും. ആന്ധ്രാപ്രദേശിനും പ്രത്യേക പദവി.

7. പരിസ്ഥിതി സംരക്ഷണം

- ജല മാനേജ്‌മെന്റ് സംസ്ഥാനങ്ങൾ തമ്മിലുള്ള ജല തർക്കം പരിഹരിക്കാൻ ദക്ഷിണാഫ്രിക്കൻ മാതൃകയിൽ സ്ഥിരം കമ്മിഷൻ,

- ജല തർക്കങ്ങളിൽ ട്രിബ്യൂണലോ സുപ്രീം കോടതിയോ നൽകുന്ന വിധികൾ 3 മാസത്തിനകം വിജ്ഞാപനം ചെയ്യുന്നത് ഉറപ്പാക്കാൻ ഭരണഘടനാ ഭേദഗതി.