- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതെനിക്ക് പറ്റിയ തെറ്റാണ്; ബാരാമതിയില്‍ സഹോദരിക്കെതിരെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായിപ്പോയെന്ന് അജിത് പവാര്‍
മുംബൈ: ലോക്‌സഭാ തിരഞ്ഞടുപ്പില്‍ സഹോദരി സുപ്രിയ സുലെയ്‌ക്കെതിരെ ഭാര്യ സുനേത്ര പവാറിനെ മത്സരിപ്പിച്ചത് തെറ്റായി പോയി എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. കുടുംബത്തിലേക്ക് രാഷ്ട്രീയം കൊണ്ടുവരാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മറാത്തി വാര്‍ത്താ ചാനലായ ജയ് മഹാരാഷ്ട്രയോട് സംസാരിക്കവെ ആയിരുന്നു അജിത് പവാറിന്റെ പ്രതികരണം. എന്‍സിപി പിളര്‍പ്പിന് പിന്നാലെ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയും അജിത് പവാറിന്റെ ഭാര്യ സുനേത്രയും തമ്മിലായിരുന്നു മത്സരം നടന്നത്. പോരില്‍ സുപ്രിയ സുലെയാണ് വിജയിച്ചത്. തന്റെ പിതൃസഹോദരീ […]
മുംബൈ: ലോക്‌സഭാ തിരഞ്ഞടുപ്പില്‍ സഹോദരി സുപ്രിയ സുലെയ്‌ക്കെതിരെ ഭാര്യ സുനേത്ര പവാറിനെ മത്സരിപ്പിച്ചത് തെറ്റായി പോയി എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. കുടുംബത്തിലേക്ക് രാഷ്ട്രീയം കൊണ്ടുവരാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മറാത്തി വാര്‍ത്താ ചാനലായ ജയ് മഹാരാഷ്ട്രയോട് സംസാരിക്കവെ ആയിരുന്നു അജിത് പവാറിന്റെ പ്രതികരണം.
എന്‍സിപി പിളര്‍പ്പിന് പിന്നാലെ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയും അജിത് പവാറിന്റെ ഭാര്യ സുനേത്രയും തമ്മിലായിരുന്നു മത്സരം നടന്നത്. പോരില്‍ സുപ്രിയ സുലെയാണ് വിജയിച്ചത്. തന്റെ പിതൃസഹോദരീ പുത്രികൂടിയായ സുപ്രിയയ്ക്കെതിരെ ഭാര്യയെ മത്സരിപ്പിച്ചതിന് തെറ്റായിപ്പോയെന്നാണ് ഇപ്പോള്‍ അജിത് പവാര്‍ പറയുന്നത്. സംസ്ഥാനവ്യാപകമായി ജന്‍ സമ്മാന്‍ യാത്ര നടത്തിവരുന്നതിനിടെ മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജിത് പവാര്‍.
'എന്റെ എല്ലാ സഹോദരിമാരെയും ഞാന്‍ സ്നേഹിക്കുന്നു. വീട്ടില്‍ രാഷ്ട്രീയം കയറാന്‍ അനുവദിക്കരുത്. എന്റെ സഹോദരിക്കെതിരെ സുനേത്രയെ മത്സരിപ്പിച്ചതില്‍ എനിക്ക് തെറ്റുപറ്റി. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ എന്‍സിപി പാര്‍ലമെന്ററി ബോര്‍ഡ് ഒരു തീരുമാനമെടുത്തു. ഇപ്പോള്‍ എനിക്ക് അത് തെറ്റായിരുന്നു തോന്നുന്നു," എന്നായിരുന്നു അജിത് പവാറിന്റെ പ്രതികരണം.
അടുത്തയാഴ്ച രക്ഷാബന്ധന്‍ ദിനത്തില്‍ ബന്ധുവിനെ സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തിന്, താന്‍ ഇപ്പോള്‍ ഒരു പര്യടനത്തിലാണെന്നും താനും സഹോദരിമാരും അന്ന് ഒരിടത്തുണ്ടെങ്കില്‍ തീര്‍ച്ചയായും അവരെ കാണുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാനവ്യാപകമായി 'ജന്‍ സമ്മാന്‍ യാത്ര' നടത്തുകയാണ് നിലവില്‍ അജിത് പവാര്‍.
ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപ ധനസഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാരിന്റെ 'മുഖ്യമന്ത്രി ലഡ്കി ബഹിന്‍ യോജന' പ്രോത്സാഹിപ്പിക്കുകയാണ് മഹായുതി സഖ്യം. ബാരാമതി ലോക്സഭാ മണ്ഡലത്തില്‍ ആണ് സുപ്രിയ സുലെയ്ക്കെതിരെ സുനേത്ര പവാര്‍ മത്സരിച്ച് പരാജയപ്പെട്ടത്. എന്നാല്‍ സുനേത്ര പവാര്‍ പിന്നീട് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കര്‍ഷകര്‍, സ്ത്രീകള്‍, യുവജനങ്ങള്‍ എന്നിവര്‍ക്കുള്ള വികസന, ക്ഷേമ പദ്ധതികളെ കുറിച്ച് മാത്രമേ സംസാരിക്കാന്‍ തീരുമാനിച്ചിട്ടുള്ളൂവെന്നും തനിക്കെതിരായ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നും അജിത് വ്യക്തമാക്കി. ശരദ് പവാര്‍ മുതിര്‍ന്ന നേതാവാണെന്നും തങ്ങളുടെ കുടുംബത്തിന്റെ തലവനാണെന്നും അദ്ദേഹം പറഞ്ഞു. ശരദ് പവാറിന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശരദ് പവാറിനെ ഭരണകക്ഷിയായ ബിജെപിയും ശിവസേനയും ലക്ഷ്യമിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് അജിത് പവാറും നിരവധി എംഎല്‍എമാരും പാര്‍ട്ടി പിളര്‍ത്തി ശിവസേന-ബിജെപി സര്‍ക്കാരില്‍ ചേര്‍ന്നത്. പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ യഥാര്‍ത്ഥ എന്‍സിപിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാറിനും സംഘത്തിനും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.