ലഖ്നോ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇൻഡ്യ മുന്നണി നേതാക്കളെ 'മൂന്ന് കുരങ്ങന്മാർ' എന്ന് വിശേഷിപ്പിച്ച് അധിക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. യോഗി ആദിത്യനാഥ് കുരങ്ങന്മാർക്കിടയിൽ ഇരുന്നാൽ ആർക്കും അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയില്ലെന്നായിരുന്നു അഖിലേഷിന്റെ പരിഹാസം.

പ്രധാന വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ മാറ്റാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രസ്താവനകളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'സത്യം പറഞ്ഞാൽ, അദ്ദേഹം കുരങ്ങുകൾക്കിടയിൽ ഇരുന്നാൽ, നിങ്ങൾക്കോ എനിക്കോ അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയില്ല, പ്രധാനപ്പെട്ട വിഷയങ്ങളിൽ നിന്ന് ആളുകളുടെ ശ്രദ്ധ മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്.' അഖിലേഷ് യാദവ് പറഞ്ഞു.

നേരത്തെ, ബീഹാറിലെ ദർഭംഗയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ, കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരെ യോഗി ആദിത്യനാഥ് 'പപ്പു', 'ടപ്പു', 'അക്കു' എന്നിങ്ങനെ വിളിച്ച് പരിഹസിച്ചിരുന്നു. പ്രതിപക്ഷത്തിന് വേണ്ടി മൂന്ന് കുരങ്ങന്മാരാണ് പ്രചാരണം നടത്തുന്നതെന്നും, ഇവർ സത്യം കാണാനോ കേൾക്കാനോ പറയാനോ സാധിക്കാത്തവരാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് കലാപങ്ങൾ സൃഷ്ടിക്കാനും കുടുംബ മാഫിയകളെ ഉപയോഗിച്ച് ബിഹാറിന്റെ സുരക്ഷ തകർക്കാനും പ്രതിപക്ഷം ശ്രമിക്കുന്നതായും യോഗി ആരോപിച്ചു.

കോൺഗ്രസും ആർ.ജെ.ഡിയും സമാജ്‌വാദി പാർട്ടിയും ബിഹാറിൽ കുറ്റവാളികളെ സംരക്ഷിക്കുകയും നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തിന്റെ സുരക്ഷ അപകടത്തിലാക്കുകയുമാണെന്നും യോഗി കുറ്റപ്പെടുത്തി. എന്നാൽ, തങ്ങൾ ജനങ്ങളെ ഭിന്നിപ്പിക്കില്ലെന്നും റേഷൻ കടകൾ കൊള്ളയടിച്ച പഴയകാല രാഷ്ട്രീയത്തെ തിരികെ കൊണ്ടുവരാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.