ലക്നോ: ഉത്തർപ്രദേശിലെ കരട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട വോട്ടർമാരുടെ എണ്ണം ബി.ജെ.പി നേതാക്കൾക്ക് മുൻകൂട്ടി അറിയാൻ കഴിഞ്ഞത് എങ്ങനെയാണെന്ന ചോദ്യവുമായി സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. ഇത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഗുരുതര വിഷയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയക്ക് ശേഷം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് 2.89 കോടി വോട്ടർമാരെയാണ് സംസ്ഥാനത്ത് ഒഴിവാക്കിയത്.

ലക്നോവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികളിൽ സംശയം പ്രകടിപ്പിച്ചത്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ നാല് കോടിയോളം വോട്ടുകൾ നീക്കം ചെയ്യപ്പെടുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നതായി അദ്ദേഹം ആരോപിച്ചു. ഈ വിവരം എങ്ങനെയാണ് മുഖ്യമന്ത്രിക്ക് ലഭിച്ചതെന്നതിലാണ് അഖിലേഷ് സംശയം പ്രകടിപ്പിച്ചത്.

കനൗജിൽ നിന്നുള്ള ഒരു മുൻ എം.പി, വ്യത്യസ്ത ജില്ലകളിലായി രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടുകൾ നീക്കം ചെയ്യപ്പെടുമെന്നും പറഞ്ഞതായി യാദവ് ചൂണ്ടിക്കാട്ടി. ബി.ജെ.പി നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതായും അദ്ദേഹം ആവർത്തിച്ചു. ഉത്തർപ്രദേശിൽ പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയ നടന്നതായും, തങ്ങളുടെ ബൂത്ത് ലെവൽ ഏജന്റുമാർ ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ പ്രക്രിയയിൽ പങ്കെടുത്തതായും അഖിലേഷ് യാദവ് പറഞ്ഞു.

അതേസമയം, ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫിസർ നവ്ദീപ് റിൻവ നൽകിയ വിവരമനുസരിച്ച്, നേരത്തെ പട്ടികയിലുണ്ടായിരുന്ന 15.44 കോടി വോട്ടർമാരിൽ നിന്ന് 2.89 കോടി പേരെയാണ് കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇതോടെ നിലവിൽ സംസ്ഥാനത്ത് 12.55 കോടി വോട്ടർമാരുണ്ട്. മരണം, സ്ഥിരമായ കുടിയേറ്റം, ഒന്നിലധികം രജിസ്ട്രേഷനുകൾ എന്നിവ കാരണമാണ് 2.89 കോടി വോട്ടർമാരെ (ആകെ വോട്ടർമാരുടെ 18.70 ശതമാനം) കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന് റിൻവ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ വർഷം മാർച്ച് 6 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.