മുംബൈ: പഞ്ചാബിലെ മതപരിവര്‍ത്തന വിഷയം ഉയര്‍ത്തി കേന്ദ്രമന്ത്രി അമിത്ഷാ. ആം ആദ്മി സര്‍ക്കാറിനെ ലക്ഷ്യമിട്ടാണ് അമിത്ഷാ രംഗത്തുവന്നത്. മതപരിവര്‍ത്തനം തടയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഭഗവന്ത് മാന്‍ സര്‍ക്കാറിനോടും ജനങ്ങളോടും ഇത് തടയാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. നവി മുംബൈയിലെ ഖാര്‍ഘറില്‍ ഗുരു തേജ് ബഹാദൂറിന്റെ 350-ാം രക്തസാക്ഷിത്വ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന 'ഹിന്ദ്-ദി-ചാദര്‍' അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ .

പഞ്ചാബ് സര്‍ക്കാരും സമൂഹവും എല്ലാ മതവിഭാഗങ്ങളിലുമുള്ള ആളുകളും അവിടെ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ തടയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു മതത്തെ രക്ഷിക്കാന്‍ ഗുരു തേജ് ബഹാദൂര്‍ സ്വയം ത്യാഗം ചെയ്തില്ലായിരുന്നുവെങ്കില്‍ ലോകത്ത് ഒരു ഹിന്ദു പോലും അവശേഷിക്കുമായിരുന്നില്ലെന്നും എന്ന് ഷാ പറഞ്ഞു.

ചിലര്‍ ഈ പ്രസ്താവനയെ മുമ്പ് എതിര്‍ത്തിരുന്നുവെന്നും എന്നാല്‍ എല്ലാവരും ഈ സത്യം അംഗീകരിക്കണമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ ത്യാഗം ഹിന്ദുക്കള്‍ക്ക് അവരുടെ പോരാട്ടം തുടരാന്‍ പ്രചോദനവും ധൈര്യവും നല്‍കി.

ദൈവനാമം ജപിക്കുന്നതിനും പ്രാര്‍ത്ഥനയ്ക്കും ഭക്ഷണം പങ്കിടുന്നതിനും ഗുരുനാനാക്ക് ഊന്നല്‍ നല്‍കിയിരുന്നുവെന്നും, ഇത് പിന്നീട് മുഗള്‍ ആക്രമണകാരികളെ ചെറുക്കുന്നതില്‍ ശക്തി നല്‍കിയെന്നും ഷാ പറഞ്ഞു.