ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 5600 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ യുവാക്കളെ മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് കോണ്‍ഗ്രസ് നയിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. മയക്കുമരുന്നു കടത്തലിന്റെ സൂത്രധാരന്‍ തുഷാര്‍ ഗോയലിന് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, ഗോയലുമായി ബന്ധമുണ്ടെന്ന വാര്‍ത്ത കോണ്‍ഗ്രസ് നിഷേധിച്ചു. രണ്ടുവര്‍ഷം മുമ്പ് ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതാണെന്നും അവര്‍ അറിയിച്ചു.

യുവാക്കളെ കോണ്‍ഗ്രസ് മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടുകയാണെന്നും എന്നാല്‍ ഇന്ത്യയെ ലഹരിമുക്തമാക്കാനാണ് തന്റെ സര്‍ക്കാര്‍ പ്രതിജ്ഞയെടുത്തിരിക്കുന്നതെന്നും എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അമിത് ഷാ പറഞ്ഞു. ''ഒരു വശത്ത് മയക്കുമരുന്ന് വിമുക്ത ഇന്ത്യക്കായി മോദി സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിക്കുമ്പോള്‍ മറുവശത്ത് ഉത്തരേന്ത്യയില്‍ നിന്ന് പിടിച്ചെടുത്ത 5600കോടി രൂപയുടെ മയക്കുമരുന്ന് ശേഖരത്തില്‍ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ പങ്കാളിത്തമാണ് പുറത്തുവരുന്നത്. ഇത് അത്യന്തം അപകടകരവും ലജ്ജാകരവുമാണ്. കോണ്‍ഗ്രസ് ഭരണത്തിന്റെ കീഴില്‍ പഞ്ചാബിലും ഹരിയാനയിലും ഉത്തരേന്ത്യ മുഴുവനും മയക്കുമരുന്നതിന് ഇരയായ യുവാക്കളുടെ ദുരവസ്ഥ എല്ലാവരും കണ്ടതാണ്. യുവാക്കളെ സ്പോര്‍ട്സ്, വിദ്യാഭ്യാസം, ഇന്നൊവേഷന്‍ എന്നിവയിലേക്ക് എത്തിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അവരെ മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്,'' അമിത് ഷാ പറഞ്ഞു.

''തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യുവാക്കളെ മയക്കുമരുന്നിന്റെ ചെളിക്കുഴിയിലേക്ക് തള്ളിയിട്ട കോണ്‍ഗ്രസ് നേതാക്കളുടെ പാപം തുടരാന്‍ മോദിസര്‍ക്കാര്‍ ഒരിക്കലും അനുവദിക്കില്ല. മയക്കുമരുന്ന് വ്യാപാരികളുടെ രാഷ്ട്രീയ നിലപാടോ പദവിയോ നോക്കാതെ, മയക്കുമരുന്ന് ശൃംഖല മുഴുവന്‍ തകര്‍ത്ത് ഇന്ത്യയെ ഒരു ലഹരിവിമുക്ത രാജ്യമാക്കാനാണ് നമ്മുടെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്,'' അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരണകാലത്ത് പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ യുവാക്കളില്‍ മയക്കുമരുന്നിന്റെ സ്വാധീനം അദ്ദേഹം എടുത്തുകാട്ടി. യുവാക്കളെ മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് തിരിച്ചുകൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യുവാക്കളെ മയക്കുമരുന്നിന്റെ ചെളിക്കുഴിയിലേക്ക് തള്ളിവിടുന്നത് മോദി സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് ശൃംഖലയെ മുഴുവന്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഷാ പറഞ്ഞു.

തെക്കന്‍ ഡല്‍ഹിയിലെ മഹിപാല്‍പുര്‍ മേഖലയില്‍ നടത്തിയ റെയ്ഡിലാണ് 560 കിലോഗ്രാം കൊക്കെയ്നും 40 കിലോഗ്രാം കഞ്ചാവും ഡല്‍ഹി പോലീസ് പിടികൂടിയത്. പിന്നാലെയാണ് ഇതിന്റെ സൂത്രധാരന്‍ എന്ന് തുഷാര്‍ ഗോയലും മറ്റ് മൂന്ന് പേരും ബുധനാഴ്ച അറസ്റ്റിലായത്. ഏകദേശം 5620 കോടി രൂപയാണ് ഈ മയക്കുമരുന്ന് ശേഖരത്തിന്റെ മൂല്യമെന്ന് കണക്കാക്കപ്പെടുന്നു. വസന്ത് വിഹാര്‍ സ്വദേശിയായ ഗോയലിന്റെ വെയര്‍ഹൗസില്‍ നിന്നാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

ഗോയലിന് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി നേരത്തെ അവകാശപ്പെട്ടിരുന്നു. അറസ്റ്റിലായ പ്രതി ഡല്‍ഹി യൂത്ത് കോണ്‍ഗ്രസിന്റെ വിവരാവകാശ സെല്‍ ചെയര്‍മാനാണെന്ന് അവര്‍ ആരോപിച്ചു. എന്നാല്‍, കോണ്‍ഗ്രസിന്റെ യുവജനവിഭാഗം ഈ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. നുണയിലൂടെയും വഞ്ചനയിലൂടെയും ബിജെപി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് അവര്‍ ആരോപിച്ചു.