- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശം നമ്മുടെ പൈതൃകത്തിന് നേരേയുള്ള ആക്രമണം; പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഹിന്ദുത്വത്തെ വെറുക്കുന്നവർ; ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിൽ 'ഇന്ത്യയെ' വിമർശിച്ച് അമിത് ഷാ
ന്യൂഡൽഹി: 'നമുക്ക് ഡെങ്കി, മലേറിയ, കൊറോണ എന്നിവയോടൊന്നും എതിർക്കാൻ കഴിയില്ല. അവയെ ഉന്മൂലനം ചെയ്യണം. അതുപോലെ തന്നെ സനാതന ധർമം എന്ന ആശയത്തേയും ഇല്ലാതാക്കണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശം വലിയ വിവാദമായിരിക്കുകയാണ്. ബിജെപി ഈ വിഷയം ഏറ്റുപിടിച്ചു. ഉദയനിധിയുടെ പരാമർശം നമ്മുടെ പൈതൃകത്തിന് നേരേയുള്ള ആക്രമണമാണെന്നും പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഹിന്ദുത്വത്തെ വെറുക്കുന്നവരാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
രാജസ്ഥാനിലെ ദുംഗാർപൂരിൽ ബിജെപിയുടെ പരിവർത്തൻ യാത്രയ്ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെ അദ്ധ്യക്ഷൻ എം കെ സ്റ്റാലിന്റെ മകന്റെ പരാമർശം ഇന്ത്യ സഖ്യത്തിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണനതന്ത്രത്തിന്റെയും ഭാഗമാണെന്നും അമിത് ഷാ പറഞ്ഞു.
'കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യ സഖ്യം സനാതന ധർമത്തെ അപമാനിക്കുകയാണ്. ഡി.എം.കെയുടെയും കോൺഗ്രസിന്റേയും നേതാക്കൾ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി സനാതന ധർമം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ഇതാദ്യമായല്ല അവർ സനാതന ധർമത്തെ അപമാനിക്കുന്നത്. ഇതിന് മുമ്പ് മന്മോഹൻ സിങ് ബജറ്റിലെ ആദ്യ അവകാശം ന്യൂനപക്ഷങ്ങൾക്കാണ് പറഞ്ഞു. എന്നാൽ ബജറ്റിലെ ആദ്യ അവകാശം പാവങ്ങൾക്കും ആദിവാസികൾക്കും ദളിതകൾക്കും പിന്നാക്ക വിഭാഗക്കാർക്കുമാണെന്ന് ഞങ്ങൾ പറഞ്ഞു. ഇന്ന് കോൺഗ്രസ് പാർട്ടി പറയുന്നത് മോദി വിജയിച്ചാൽ സനാതനം ഭരിക്കുമെന്നാണ്. രാഹുൽ തീവ്രവാദ സംഘടനയായ ലഷ്‌കർ ഇ-തയ്ബയുമായാണ് ഹിന്ദു സംഘടനകളെ താരതമ്യപ്പെടുന്നത്. ഹിന്ദു സംഘടനകൾ ലഷ്‌കർ ഇ-തയ്ബയെക്കാൾ അപകടകാരികളാണെന്ന് വരെ രാഹുൽ പറഞ്ഞു, അമിത് ഷാ ആരോപിച്ചു.
സനാതന ധർമം എന്ന ആശയത്തെ എതിർക്കുന്നതിനു പകരം ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി പറഞ്ഞത്. സനാതന എന്ന വാക്ക് സംസ്‌കൃതത്തിൽ നിന്നാണ്. ഇത് സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭൂരിപക്ഷത്തെ കൂട്ടക്കൊല ചെയ്യാനാണോ ആവശ്യമെന്ന് കെ.അണ്ണാമലൈ ചോദിച്ചു. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം ഇന്നലെ സംഘടിപ്പിച്ച സനാതന വിരുദ്ധ കോൺക്ലേവിലാണ് ഉദയനിധി സ്റ്റാലിന്റെ പരാമർശം.
സനാതന ധർമ്മം സാമൂഹ്യ നീതിക്കെതിരാണ്. ഈ സംസ്‌കാരത്തെ എതിർക്കുകയല്ല ഉന്മൂല തന്നെ ചെയ്യണമെന്നും ഉദയനിധി പറഞ്ഞു. പിന്നാലെ രൂക്ഷ വിമർശനവുമായി വിവിധ ഹിന്ദു സംഘടനകളും ബിജെപി നേതാക്കളും രംഗത്തെത്തി. ക്രിസ്ത്യൻ മീഷ്ണറിമാരുടെ ആശയങ്ങളാണ് സ്റ്റാലിൻ കുടുംബം പിന്തുടരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ വിമർശിച്ചു. രാജ്യത്തെ 80 ശതമാനം കൂട്ടക്കൊല നടത്താനാണോ ഉദയനിധി ആവശ്യപ്പെടുന്നതെന്നും, മുംബൈയിൽ നടന്ന ഇന്ത്യ യോഗത്തിലെ തീരുമാനമാണോ ഇതൊന്നും അണ്ണാമല ചോദിച്ചു.
അഴിമതി മറച്ചു വെക്കാനുള്ള പരാമർശമാണ് ഇതെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ത്യ മുന്നണിയെ തുരത്തേണ്ടത് ദേശീയ ദൗത്യമാണെന്ന് കൂട്ടിച്ചേർത്തു. എന്നാൽ ജാതിവ്യവസ്ഥയെ കുറിച്ചാണ് പറഞ്ഞതെന്നും ഏത് തരത്തിലുള്ള ചോദ്യങ്ങളും നേരിടാൻ തയ്യാറാണെന്നും ഉദയനിധി പ്രതികരിച്ചു.
ഉദയനിധിക്ക് എതിരെ പരാതി
ഉദയനിധി സ്റ്റാലിനെതിരെ ഡൽഹി പൊലീസിൽ പരാതി. മതനിന്ദ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. തന്റെ നിലപാടിൽ മാറ്റം ഇല്ലെന്നും കോടതിയിൽ ഇത് തെളിയിക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.
സനാതന ധർമ സിദ്ധാന്തവുമായി ബന്ധപ്പെട്ട് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം വിവാദത്തിലായതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ പരാതി ഉയർന്നത്. വംശഹത്യയ്ക്കുള്ള ആഹ്വാനമാണ് ഉദയനിധി നടത്തിയതെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. കൂടാതെ ആര് എതിർത്താലും സനാതന ധർമം നിലനിൽക്കുമെന്ന് ഹിന്ദു മഹാസഭയും പ്രതികരിച്ചു. എന്നാൽ ജാതിവ്യവസ്ഥയെ ആണ് എതിർത്തത് എന്ന നിലപാടിലാണ് ഉദയനിധി സ്റ്റാലിൻ.
വിവാദം ചർച്ചയാകുന്നതിനിടെയാണ് പൊലീസിൽ പരാതി നൽകുന്നത്. സുപ്രീംകോടതി അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ വനീത് ജിൻഡാൽ ആണ് പരാതിക്കാരൻ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 153 എ, 295, 504 എന്നീ വകുപ്പുകളും ഐടി നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണ് ഉദയനിധിക്കെതിരെ ഡൽഹി പൊലീസിൽ പരാതി നൽകിയത്.




