ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയം മൂലം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു പാര്‍ലമെന്റ് സീറ്റ് പോലും നഷ്ടമാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്ത് വര്‍ദ്ധനവുണ്ടായാലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ന്യായമായ വിഹിതം ലഭിക്കും. മണ്ഡല പുനര്‍നിര്‍ണയം ദക്ഷിണേന്ത്യക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്ന് ഉറപ്പാക്കാന്‍ ബുധനാഴ്ച യോഗം ചേരുന്നുണ്ട്. സ്റ്റാലിന്‍ തമിഴ് ജനതയോട് കള്ളം പറയുകയാണെന്നും തന്റെ സര്‍ക്കാരിന്റെ പരാജയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. കോയമ്പത്തൂര്‍, തിരുവണ്ണാമലൈ, രാമനാഥപുരം എന്നിവിടങ്ങളിലെ പാര്‍ട്ടി ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടില്‍ പൊതുജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ്. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തും ഒരു സീറ്റ് പോലും കുറയില്ലെന്ന് മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയതാണ്. എന്ത് വര്‍ദ്ധനവുണ്ടായാലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ന്യായമായ വിഹിതം ലഭിക്കും. ഇതില്‍ സംശയിക്കേണ്ട കാര്യമില്ല. അമിത് ഷാ പറഞ്ഞു.

ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയം നടന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകളുടെ എണ്ണം കുറയുമെന്ന് സ്റ്റാലിന്‍ മുമ്പ് ആരോപിച്ചിരുന്നു. കുടുംബാസൂത്രണം കാര്യക്ഷമായി നടപ്പാക്കിയതിനാല്‍ തമിഴ്‌നാട്ടിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം കുറയാന്‍ ഇടയുണ്ടെന്നാണ് സ്റ്റാലിന്റെ നിലപാട്. ഇക്കാര്യത്തില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഡിഎംകെ ശ്രമിക്കുന്നതിനിടെയാണ് മറുപടിയുമായി അമിത് ഷാ രംഗത്ത് വന്നത്.

സ്റ്റാലിന്‍ തമിഴ് ജനതയോട് കള്ളം പറയുകയാണെന്നും തന്റെ സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും അമിത് ഷാ വിമര്‍ശിച്ചു. സ്റ്റാലിന്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്തുകൊണ്ടാണ് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതെന്നും സ്റ്റാലിന്‍ മറുപടി പറയണമെന്നും ഷാ ആവശ്യപ്പെട്ടു. ഡിഎംകെ അഴിമതിയില്‍ ബിരുദാനന്തര ബിരുദമുള്ള ഒരു പാര്‍ട്ടിയാണെന്നും കള്ളപ്പണം വെളുപ്പിക്കല്‍, മണല്‍ ഖനനം, 2 ജി അഴിമതി ഉള്‍പ്പെടെയുള്ള അഴിമതികളില്‍ പല നേതാക്കളും പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്നാടിന്റെ ക്രമസമാധാന നിലവാരം താഴ്ന്ന നിലയിലാണെന്നും മന്ത്രി കുറ്റപ്പെടുത്തി. 2026 നിയമസഭാ തിരഞ്ഞെടുപ്പ് ഒരു വഴിത്തിരിവായിരിക്കും. തമിഴ്‌നാട്ടില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരും. ഡിഎംകെയുടെ ജനവിരുദ്ധവും ദേശവിരുദ്ധവുമായ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും അമിത് ഷാ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു