ന്യൂഡല്‍ഹി: വ്യാജ ലോഗിന്‍ ഉപയോഗിച്ച് വോട്ടുകള്‍ നീക്കി എന്ന ആരോപണവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. രാഹുല്‍ നടത്തിയ യാത്ര വോട്ട് മോഷണത്തിനെതിരേ ആയിരുന്നില്ല. അത് നുഴഞ്ഞു കയറ്റക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് അമിത് ഷാ ബിഹാറിലെ റോഹ്താസില്‍ നടന്ന റാലിയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.

'എല്ലായ്‌പ്പോഴും തെറ്റിദ്ധാരണ പടര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിനടത്തിയ യാത്ര വോട്ട് മോഷണത്തിന്റെ പേരിലായിരുന്നില്ല. ബിഹാറിലെ വിദ്യാഭ്യാസത്തെക്കുറിച്ചായിരുന്നില്ല അദ്ദേഹത്തിന്റെ യാത്ര. തൊഴിലില്ലായ്മയോ റോഡുകളെക്കുറിച്ചോ വൈദ്യുതി ലഭിക്കാത്തതിനെക്കുറിച്ചോ യാത്രയില്‍ പരാമര്‍ശിച്ചില്ല. മറിച്ച് ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരെ രക്ഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പര്യടനത്തിലെ ഉദ്ദേശം. നിങ്ങള്‍ ആര്‍ക്കെങ്കിലും വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടോ?

നുഴഞ്ഞു കയറ്റക്കാര്‍ക്ക് വോട്ടവകാശമോ സൗജന്യ റേഷനോ വേണോ? നുഴഞ്ഞു കയറ്റക്കാര്‍ക്ക് ജോലി, വീടുകള്‍, ചികിത്സ എന്നിവ നല്‍കണോ? നമ്മുടെ ഈ യുവാക്കള്‍ക്ക് പകരം നുഴഞ്ഞു കയറ്റക്കാര്‍ക്ക് രാഹുല്‍ ഗാന്ധിയും കമ്പനിയും ജോലി നല്‍കുന്ന പ്രവൃത്തിയാണ് ഏറ്റെടുത്തിരിക്കുന്നത്. എല്ലാ വീടുകളിലും പോയി അവരുടെ സര്‍ക്കാര്‍ അബദ്ധത്തില്‍ രൂപീകരിച്ചാല്‍, ബിഹാറിലെ എല്ലാ ജില്ലയിലും നുഴഞ്ഞു കയറ്റക്കാര്‍ മാത്രമേ ഉണ്ടാകൂ എന്ന് പറയേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്' - അമിത് ഷാ പറഞ്ഞു.

രാഹുല്‍ ഗാന്ധി ഉന്നയിച്ച 'വോട്ട് മോഷണ' ആരോപണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അനുരാഗ് ഠാക്കൂറും രംഗത്ത് വന്നു. രാഹുല്‍ ഗാന്ധിയുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പതിവ് ശൈലിയാണെന്നും, തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളിലെ നിരാശയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധി ഹൈഡ്രജന്‍ ബോംബ് പൊട്ടിക്കുന്നതിന് പകരം പൂത്തിരി കത്തിച്ച് മടങ്ങിയെന്നും ഠാക്കൂര്‍ പരിഹസിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഓണ്‍ലൈനായി ആര്‍ക്കും വോട്ടുകള്‍ നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നും, ബന്ധപ്പെട്ട വ്യക്തിക്ക് നോട്ടീസ് നല്‍കി അവരുടെ ഭാഗം കേള്‍ക്കാതെ ഒരു വോട്ടും റദ്ദാക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ ആലന്ദ് നിയമസഭാ മണ്ഡലത്തില്‍ 2023-ല്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ നടന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടതാണെന്നും, ഈ വിഷയത്തില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാനും അന്വേഷണം നടത്താനും നിര്‍ദ്ദേശിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുര്‍ബലപ്പെടുത്താന്‍ നിരന്തരം ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് ആരോപിച്ചു. ആരോപണങ്ങളില്‍ ഉറപ്പുണ്ടെങ്കില്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി സത്യവാങ്മൂലം നല്‍കാത്തതെന്നും അദ്ദേഹം ചോദിച്ചു. റഫാല്‍, ചൗക്കിദാര്‍ ചോര്‍ ഹേ, സവര്‍ക്കര്‍ തുടങ്ങിയ വിഷയങ്ങളില്‍ മുന്‍പ് കോടതിയില്‍ മാപ്പ് പറയേണ്ടി വന്നതുകൊണ്ടുള്ള ഭയമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധി വരുന്നത് സ്‌ഫോടനം (ധമാക്ക) നടത്താനാണെങ്കിലും, അവസാനം നാടകം (ഡ്രാമ) കളിച്ച് മടങ്ങുകയാണ് പതിവെന്നും ഠാക്കൂര്‍ പരിഹസിച്ചു.

വ്യാജ ലോഗിന്‍ ഉപയോഗിച്ച് വോട്ടുകള്‍ നീക്കി എന്നാരോപിച്ച് രാഹുല്‍ ഗാന്ധി തെളിവുകളടക്കം പുറത്തുവിട്ടിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിയിരുന്നു.