ചെന്നൈ : തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ വ്രതം തുടങ്ങുമ്പോള്‍ തമിഴക രാഷ്ട്രീയം പുതിയ തലത്തിലേക്ക്. കോയമ്പത്തൂരിലെ വീടിന് മുന്നില്‍ സ്വന്തം ശരീരത്തില്‍ 6 തവണ ചാട്ടവാര്‍ കൊണ്ടടിച്ചാണ് അണ്ണാമലൈ 48 ദിവസത്തെ വ്രതം തുടങ്ങിയത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനോടുളള ആദര സൂചകമായി സംസ്ഥാനത്തു ബിജെപിയുടെ ഇന്നത്തെ മറ്റ് പ്രതിഷേധ പരിപാടികള്‍ റദ്ദാക്കി. തമിഴകത്ത് വിജയ് രാഷ്ട്രീയ പാര്‍ട്ടിയുമായി നിറയുമ്പോഴാണ് ബിജെപിയും ഡിഎംകെയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നത്.

48 ദിവസത്തെ വ്രതം പൂര്‍ത്തിയായ ശേഷം സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. ഡിഎംകെ സര്‍ക്കാര്‍ വീഴും വരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസ് സര്‍ക്കാരിനെതിരെ പരമാവധി തിരിക്കുകയാണ് അണ്ണാമലൈയുടെ ലക്ഷ്യം. ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ ബിജെപി സംഘം നേരിട്ട് കണ്ടു വിഷയത്തില്‍ പരാതി നല്‍കും.

അണ്ണാ സര്‍വകലാശാല ക്യാംപസില്‍ 19 വയസ്സുകാരിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ലൈംഗിക അതിക്രമത്തിനിരയായതില്‍ രാഷ്ട്രീയം ചൂടുപടിക്കുകയാണ് അങ്ങനെ. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നു താഴെയിറങ്ങുന്നതുവരെ പാദരക്ഷകള്‍ ഉപയോഗിക്കില്ലെന്നാണ് അണ്ണാമലൈയുടെ പ്രഖ്യാപനം. കൂടാതെയാണ് വിദ്യാര്‍ത്ഥിനിക്ക് നേരിട്ട കൊടിയ ക്രൂരതയില്‍ പ്രതിഷേധിച്ച് അണ്ണാമലൈ സ്വന്തം ശരീരത്തില്‍ 6 തവണ ചാട്ടവാറുകൊണ്ട് അടിക്കുകയും ചെയ്യുന്നത്.

ഇരയുടെ പേരും വിവരങ്ങളും അടക്കമുള്ള എഫ്‌ഐആര്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടതിനെ അണ്ണാമലൈ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. എഫ്‌ഐആര്‍ പുറത്തുവിട്ടതു വഴി പെണ്‍കുട്ടിയുടെ സ്വകാര്യത ലംഘിക്കപ്പെട്ടതായും ഇരയെ മോശമായി ചിത്രീകരിക്കുന്ന രീതിയിലാണ് എഫ്‌ഐആര്‍ തയാറാക്കിയതെന്നും അണ്ണാമലൈ ആരോപിച്ചു. കേസില്‍ 37 കാരനായ ജ്ഞാനശേഖരന്‍ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഡിഎംകെ പ്രവര്‍ത്തകനാണെന്ന പ്രതിപക്ഷ ആരോപണം ഡിഎംകെ തള്ളി.

ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാംപസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലാം വര്‍ഷ വിദ്യാര്‍ഥിക്കൊപ്പം പള്ളിയില്‍ പാതിരാ കുര്‍ബാന കൂടിയതിനു ശേഷം മടങ്ങിവരുകയായിരുന്ന വിദ്യാര്‍ഥിനിയാണ് ബലാല്‍സംഗത്തിനിരയായത്. രണ്ടുപേര്‍ ചേര്‍ന്ന് സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയശേഷം വിദ്യാര്‍ഥിനിയെ ക്രൂര ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. ഡിസംബര്‍ 23ന് രാത്രി എട്ടിനാണ് അണ്ണാ സര്‍വകലാശാല കാംപസില്‍വെച്ച് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്.

വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരന്‍. ഇയാള്‍ക്കെതിരേ കോട്ടൂര്‍പുരം പോലീസ് സ്റ്റേഷനില്‍ വേറേയും കേസുകളുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.