കൊൽക്കത്ത: ബംഗാളിന്റെ ഗവർണർ സി.വി.ആനന്ദബോസിന് കൊൽക്കത്തയുമായി പതിറ്റാണ്ടുകൾക്ക് മുൻപേ നല്ല ബന്ധമുണ്ട്. ആനന്ദബോസിന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം കൊൽക്കത്തയുടെ മണ്ണിൽ നിന്നായിരുന്നു. ബ്യൂറോക്രാറ്റും മാനേജ്‌മെന്റ് വിദഗ്ധനുമായ ആനന്ദബോസ് കഥാകൃത്ത് കൂടിയാണ്. ആനന്ദബോസിന്റെ ആദ്യ ചെറുകഥയുടെയും കഥാതന്തു കൊൽക്കത്തയാണ്. പ്രവർത്തന മണ്ഡലത്തിൽ തന്നെ ഈ കോട്ടയത്തുകാരൻ തിരിച്ചെത്തുമ്പോൾ , മുഖ്യമന്ത്രി മമതാ ബാനർജിയുടെ സമരസപ്പെട്ടു പോകുന്ന ഒരു ശൈലി ആയിരിക്കും ആനന്ദ ബോസിന്റേതെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു.

മുൻ ഗവർണ്ണർ ജഗദീപ് ധൻകറിന്റേതിൽ നിന്നും വ്യത്യസ്ത പാതയാണ് അദ്ദേഹം സ്വീകരിക്കുക എന്നത് ചുമതയേലിപ്പിച്ചവർക്കും ആശ്വാസമാകുമെന്നും പ്രവചനമെത്തി. അതു തന്നെയാണ് സംഭവിച്ചത്. ഇന്ന് ബംഗാളിലെ ഏറ്റവും നല്ല സുഹൃത്തുക്കൾ ഗവർണ്ണറും മുഖ്യമന്ത്രിയുമാണ്. മുഖ്യമന്ത്രി മമതയും ഗവർണ്ണർ ആനന്ദബോസും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ കൊൽക്കത്തയിൽ നിറയുന്നത് ശുഭാവർത്തകളാണ്. ഏറ്റമുട്ടുലുകൾ മാറ്റി വച്ച് വികസനത്തിലേക്ക് നാടിനെ നയിക്കാനാണ് ആനന്ദബോസിന്റേയും താൽപ്പര്യം. പരസ്പരം കണ്ടും അറിഞ്ഞും രാജ്ഭവനും മുഖ്യമന്ത്രിയും കൂടുതൽ അടുക്കുകയാണ്.

ഔദ്യോഗിക ജീവിതത്തിലും ഏറ്റുമുട്ടലിന്റെ പാത ഒരിക്കലും ആനന്ദബോസ് സ്വീകരിച്ചിരുന്നില്ല. ഗവർണർ പദവിയിൽ സി.വി.ആനന്ദബോസിനു മധുരമുള്ള തുടക്കം. രാജ്ഭവനിലേക്കു രസഗുള അയച്ചാണ് മുഖ്യമന്ത്രി മമത ബാനർജി പുതിയ ഗവർണറെ വരവേറ്റത്. സർക്കാർ ഗവർണർ പോര് കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലേതിനെക്കാൾ രൂക്ഷമായിരുന്ന ബംഗാളിൽ ഇതു വേറിട്ട കാഴ്ചയായി. അതിപ്പോഴും അങ്ങനെ തുടരുന്നു. ആനന്ദബോസ് ബംഗാൾ ഗവർണറായതോടെ മുഖ്യമന്ത്രി മമത ബാനർജിയും രാജ്ഭവനും തമ്മിലുള്ള ബന്ധം ഏറെ ഊഷ്മളമായത് രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ചർച്ചയാകുന്നു. ഇരുവരും പങ്കെടുത്ത പരിപാടികളിലെല്ലാം പരസ്പര ബഹുമാനത്തോടെയും കരുതലോടെയുമുള്ള ഇടപെടലുകൾ ബംഗാൾ ജനതയ്ക്കും കുറേ നാളുകൾക്കു ശേഷമുള്ള പുതുമയുള്ള കാഴ്ചയായി.

കഴിഞ്ഞദിവസം കൊൽക്കത്ത കാളിഘട്ടിലെ ദീദിയുടെ വീട് സന്ദർശിച്ച ഗവർണർക്കും ഭാര്യ എൽ.എസ്. ലക്ഷ്മിക്കും മകനും വളരെ ഹൃദ്യമായ വരവേൽപാണ് ലഭിച്ചത്. ഗവർണറുടെ മകൻ വാസുദേവ് ബോസ് അമേരിക്കയിൽ ചലച്ചിത്ര വിദ്യാർത്ഥിയാണെന്ന് അറിഞ്ഞ മമത ബാനർജി അദ്ദേഹത്തെ കൊൽക്കത്ത ചലച്ചിത്രമേളയിലേക്കും ക്ഷണിച്ചിരുന്നു. എന്നാൽ ആ സമയത്ത് എത്താൻ കഴിയാതിരുന്ന വാസുദേവ് ബോസ് കഴിഞ്ഞദിവസം കൊൽക്കത്തയിലെത്തി ദീദിയുമായി ബന്ധപ്പെട്ടതോടെയാണ് വീട്ടിലേക്ക് ക്ഷണം ലഭിച്ചത്. ഒരു വീട്ടമ്മയെ പോലെ ഭക്ഷണം വരെ വിളമ്പി നൽകിയ മുഖ്യമന്ത്രിയുടെ പെരുമാറ്റം ഇരുവരെയും മനസ്സു കവർന്നു. തന്റെ മാതാപിതാക്കൾ താമസിച്ചിരുന്ന മുറി ഇപ്പോഴും പവിത്രതയോടെ സൂക്ഷിക്കുന്ന ദീദി തന്റെ പെയിന്റിങ്ങുകളുടെ പ്രത്യേകതയുമെല്ലാം ഉത്സാഹത്തോടെ വിശദീകരിച്ചു. ബംഗാളിന് ഇപ്പോൾ നല്ല ഗവർണറെ കിട്ടിയെന്നും ദീദി കൂട്ടിച്ചർത്തു. ഇതു കൂടാതെ ദീദിയെടുത്ത ഒരു ചിത്രം സമ്മാനമായി കൊടുത്തുവിടുകയും ചെയ്തു.

ആനന്ദബോസിനെ ബംഗാൾ ഗവർണറായി നിയമിച്ചെന്ന അറിയിപ്പ് വന്ന ഉടൻ തന്നെ ന്യൂഡൽഹിയിൽ ദീദിയുടെ ഓഫിസിൽ നിന്ന് പൂക്കൾ ഉൾപ്പെടെയുള്ള ഉപഹാരങ്ങളും മറ്റും കൊടുത്തുവിട്ട് വളരെ ഊഷ്മളമായ ബന്ധമാണ് ഉദ്ദേശിക്കുന്നതെന്ന സന്ദേശം നൽകിയിരുന്നു. സി.വി. ആനന്ദബോസും വളരെ ഹൃദ്യവുമായ പെരുമാറ്റത്തിലൂടെ കടന്നാക്രമണമല്ല തന്റെ ശൈലിയെന്നും വ്യക്തമാക്കി. ഇതു തന്നെയാണ് ഇപ്പോഴും സംഭവിക്കുന്നത്. ഗവർണറുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം നേടുകയും ചെയ്തു. സാംസ്‌കാരിക ലോകവും പ്രസംഗത്തെ പ്രകീർത്തിച്ചു. മുഖ്യമന്ത്രിയെ പ്രശംസിച്ച പുതിയ ഗവർണറുടെ പ്രസംഗത്തിന് ബംഗാളിലെ പത്രങ്ങളും പ്രാധാന്യം നൽകി.

ജനുവരി രണ്ടിന് ആനന്ദബോസിന്റെ പിറന്നാളിനു മുഖ്യമന്ത്രി മമത ബാനർജി ആശംസയർപ്പിച്ചതും രാജ്ഭവനു പുറത്തു ചില നാട്ടുകാർ പൂക്കൾ അർപ്പിച്ചതും ഇതിനിടെ വാർത്തയായിരുന്നു. ഗവർണർ- മുഖ്യമന്ത്രി ബന്ധം ഊഷ്മളമായി പുരോഗമിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും നല്ല വാക്കുകളാണ് പറയുന്നത്. മണിപ്പുർ ഗവർണർ ലാ ഗണേശനിൽനിന്നാണ് ആനന്ദബോസ് ചുമതല ഏറ്റെടുത്തത്.

കോട്ടയം മാന്നാനം സ്വദേശിയാണ് സി വി ആനന്ദ് ബോസ്. ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ച ആനന്ദ ബോസ് നേരത്തെ മേഘാലയ ഗവൺമെന്റിന്റെ ഉപദേഷാട്, മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. യുഎൻ പാർപ്പിട വിദഗ്ധനും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയർമാനുമായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി 32 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായപ്പോഴാണ് ലാ ഗണേശന് ബംഗാളിന്റെ അധികച്ചുമതല നൽകിയത്. 1977 കേരള കേഡർ ഐഎ എസ് ഉദ്യോഗസ്ഥനായിരുന്ന ആനന്ദബോസ് മുൻപ് കൊൽക്കത്ത നാഷനൽ മ്യൂസിയത്തിൽ അഡ്‌മിനിസ്‌ട്രേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. സിവിൽ സർവീസിലെത്തുന്നതിനു മുൻപ് എസ്‌ബിഐയിൽ ഓഫിസറായും കൊൽക്കത്തയിലുണ്ടായിരുന്നു.