തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററിയെ ചൊല്ലി വിവാദം കടുക്കുകയാണ്. ട്വിറ്ററിലെയും, യൂട്യൂബിലെയും ലിങ്കുകൾ നീക്കം ചെയ്ത് കേന്ദ്രസർക്കാർ കർശന നിലപാട് സ്വീകരിക്കുമ്പോൾ, പ്രദർശനം നിഷേധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്നാണ് കോൺഗ്രസിന്റെ നിലപാട്. എത്ര ഭീഷണി ഉയർന്നാലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുക തന്നെ വേണമെന്നാണ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. എന്നാൽ, ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുമായി എ കെ ആന്റണിയുടെ മകനും കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറുമായ അനിൽ ആന്റണി രംഗത്ത് എത്തിയത് ശ്രദ്ധേയമായി. ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം കൽപിക്കുന്നത് വളരെ അപകടകരമായ കീഴ്‌വഴക്കമാണെന്ന് അനിൽ ആന്റണി ട്വീറ്റ് ചെയ്തു.

'ബിജെപിയുമായി വലിയ അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും, ഇന്ത്യാക്കാർ, ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ വീക്ഷണങ്ങൾക്ക് മുൻതൂക്കം നൽകുന്നത് അപകടകരമായ കീഴ് വഴക്കമാണ്. ബിബിസി ബ്രീട്ടീഷ് സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇന്ത്യക്കെതിരെ മുൻവിധികളുടെ ദീർഘകാല ചരിത്രമുള്ള ചാനലാണ്. മാത്രമല്ല, ഇറാക്ക് യുദ്ധത്തിന്റെ സൂത്രധാരനായിരുന്നു ജാക് സ്‌ട്രോ എന്നോർക്കണം. അതുകൊണ്ട് ബിബിസിയുടെ വീക്ഷണങ്ങൾക്ക് ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ പ്രാമുഖ്യം കൊടുക്കുന്നത് നമ്മുടെ പരമാധികാരത്തെ ദുർബലമാക്കും.'- അനിൽ ആന്റണിയുടെ ട്വീറ്റ് ഇങ്ങനെ.

അതേസമയം, ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പ്രദർശനം കോഴിക്കോട് മുതലക്കുളത്തെ സരോജ് ഭവനിൽ നടത്തി. സരോജ് ഭവനു ചുറ്റും വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. നഗരത്തിലെ ഡി വൈഎഫ്‌ഐ പ്രവർത്തകർ പ്രദർശനം കാണാനെത്തിയിട്ടുണ്ട്. തിരുവനന്തപുരം ലോ കോളജിലെ ക്ലാസ്മുറിയിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

ബിബിസിയുടെ 'ഇന്ത്യ- ദി മോദി ക്വസ്റ്റിൻ' ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് KPCC മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ അഡ്വ. ഷിഹാബുദ്ദീൻ കാര്യയത്ത് അറിയിച്ചു. റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ഡോക്യുമെന്ററിക്ക് രാജ്യത്ത് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

ഇതിനിടെ, രാജ്യത്തെ അപമാനിക്കുന്ന ഡോക്യുമെന്ററി തടയണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.