ന്യൂഡല്‍ഹി: 2002-ലെ ഗോദ്ര സംഭവത്തിന് ശേഷമുണ്ടായ കുഴപ്പങ്ങളില്‍ താന്‍ നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നുവെന്നും എന്നാല്‍ ഗുജറാത്തിലെ ജനങ്ങളുമായി ഇടപഴകിയതോടെ ആ നിലപാട് മാറിയെന്നും ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശനിയാഴ്ച പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അലോക് മേത്ത എഴുതിയ 'Revolutionary Raj: Narendra Modi's 25 Years' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോദ്ര സംഭവത്തിന് ശേഷം നാല് മാസത്തോളം ഗുജറാത്തില്‍ ചെലവഴിച്ചില്ലായിരുന്നുവെങ്കില്‍ മോദിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറുമായിരുന്നില്ലെന്ന് അദ്ദേഹം കുറിച്ചു. '2002-ല്‍ ഗോദ്ര ദുരന്തത്തിന് ശേഷമുണ്ടായ പ്രശ്‌നങ്ങളില്‍ ഞാന്‍ മോദിയുടെ വിമര്‍ശകനായിരുന്നു. എന്നാല്‍ ഗുജറാത്തിലെ വിവിധ സമുദായങ്ങളില്‍പ്പെട്ട ആളുകളുമായി സംസാരിച്ചതോടെ ആ മനോഭാവം മാറി. അദ്ദേഹത്തെ വളരെ അന്യായമായി പഴി ചാരുകയാണെന്ന് എനിക്ക് മനസ്സിലായി,' ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

'ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം, വളരെ അന്യായമായാണ് അദ്ദേഹം ആക്ഷേപിക്കപ്പെടുന്നത്. (ഗുജറാത്തിലെ) ആ നാല് മാസങ്ങള്‍ക്ക് ശേഷം ഈ സാഹചര്യത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് പൂര്‍ണ്ണമായും മാറി. ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെച്ചു തുടങ്ങി. സംശയമില്ലാതെ പറയാം, അദ്ദേഹം അചഞ്ചലമായ നിശ്ചയദാര്‍ഢ്യമുള്ള, ഉറച്ച തീരുമാനങ്ങളുള്ള മനുഷ്യനാണ്. താന്‍ ധൃതിയിലാണെന്ന് അദ്ദേഹം ഒരിക്കലും ഭാവിക്കാറില്ല. അദ്ദേഹം ഒരിക്കലും വിശ്രമിക്കുന്നില്ല എന്ന് തോന്നും. താന്‍ തന്നെ നിശ്ചയിച്ചുറപ്പിച്ച പാതയിലൂടെ മുന്നേറാന്‍ അദ്ദേഹം എപ്പോഴും വ്യാപൃതനാണ്,' ഖാന്‍ പറഞ്ഞു.

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള 2019-ലെ നിയമനിര്‍മ്മാണത്തിന്റെ ക്രെഡിറ്റും അദ്ദേഹം പ്രധാനമന്ത്രിക്ക് നല്‍കി. 50 വര്‍ഷത്തിന് ശേഷം ലോകം മോദിയുടെ ഈ മഹത്തായ പ്രവര്‍ത്തനത്തെ അംഗീകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതാരിക എഴുതിയ ഈ പുസ്തകം, നരേന്ദ്ര മോദിയുടെ മുഖ്യമന്ത്രി മുതല്‍ പ്രധാനമന്ത്രി വരെയുള്ള 25 വര്‍ഷത്തെ യാത്രയാണ് വിവരിക്കുന്നത്. ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി, രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ഹരിവംശ് നാരായണ്‍ സിംഗ്, എന്‍.കെ. സിംഗ്, കെ.ജെ. അല്‍ഫോണ്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.

ചടങ്ങില്‍ സംസാരിച്ച ഹര്‍ദീപ് സിംഗ് പുരി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് വാചാലനായി. 2014-ല്‍ 2 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായിരുന്ന ഇന്ത്യ ഇന്ന് 4.3 ട്രില്യണ്‍ ഡോളറില്‍ എത്തിയെന്നും വൈകാതെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന എഐ ഇംപാക്ട് സമ്മിറ്റിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.