- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള മുഖ്യമന്ത്രി ഡൽഹിയിലെത്തിയത് ഭാര്യയ്ക്കും മകൾക്കും വേണ്ടി പണം ചോദിച്ചല്ല; കേന്ദ്രസർക്കാർ ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ അധികാരം കയ്യേറുന്നു; എന്നെയോ പിണറായി വിജയനെയോ ജയിലിലടച്ചേക്കാം; കാലചക്രം തിരിയുകയാണ്, ബിജെപി അഹങ്കരിക്കരുത്; കേന്ദ്രത്തിനെതിരെ കെജ്രിവാൾ
ന്യൂഡൽഹി: സർക്കാർ ചൂഷണത്തിനെതിരെ ജനങ്ങൾ സമരം ചെയ്യുന്ന വേദിയാണ് ജന്തർമന്ദിറെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേരളത്തിന്റെ മുഖ്യമന്ത്രി എല്ലാ ജോലിയും മാറ്റിവെച്ച് ധർണ്ണ നടത്താൻ ജന്തർമന്ദിറിൽ എത്തി. കേരള മുഖ്യമന്ത്രി ഡൽഹിയിലെത്തിയത് സ്വന്തം ഭാര്യക്കും മക്കൾക്കും വേമ്ടി പണം ചോദച്ചല്ലെന്നും കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണെന്നും ഡൽഹി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കേന്ദ്രത്തിന്റെ അവഗണനക്കെതിരെ ഫെഡറലിസം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേരള സർക്കാർ ഡൽഹിയിൽ നടത്തിയ പ്രതിഷേധ ധർണ്ണയിൽ സംസാരിക്കുകയായിരുന്നു ഡൽഹി മുഖ്യമന്ത്രി.
വിചാരണ കൂടാതെ ആരെയും പിടിച്ചു ജയിലിലിടാൻ പ്രതിപക്ഷ സർക്കാരുകൾക്കെതിരേ ഇഡിയെ ഉപയോഗിക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നാളെ തന്നെയോ പിണറായി വിജയനെയോ സ്റ്റാലിനെയോ പിടിച്ച് ജയിലിലടച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ കേന്ദ്ര അവഗണനയ്ക്കെതിരേ കേരളം നടത്തിയ പ്രതിഷേധ ധർണയിൽ സംസാരിക്കുകയായിരുന്നു കേജരിവാൾ. ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തു, കുറ്റം എന്തെന്ന് ആർക്കും അറിയില്ല. കാലചക്രം തിരിയുകയാണ്, ബിജെപി ഇന്ന് ഇരിക്കുന്നിടത്ത് നാളെ ഞങ്ങൾ വരുമെന്നും അഹങ്കരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഫണ്ട് നൽകുന്നില്ല. പണം നൽകിയില്ലെങ്കിൽ സംസ്ഥാനങ്ങളുടെ വികസനപദ്ധതികൾ എങ്ങനെ മുന്നോട്ടുപോകും. പഞ്ചാബിൽ ബജറ്റ് സമ്മേളനത്തിന് അനുമതി നൽകിയില്ല. ഒടുവിൽ സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നുവെന്നും കെജ്രിവാൾ ചൂണ്ടിക്കാണിച്ചു. ഗവർണർമാരെ ഉപയോഗിച്ച് അധികാരം കയ്യേറുന്നു. കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നുവെന്നും കെജ്രിവാൾ ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ ആരെ വേണമെങ്കിലും ജയിലിൽ ഇടാം. ചത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനെ ജയിൽ അടച്ചത് ചൂണ്ടിക്കാണിച്ച കെജ്രിവാൾ അടുത്തത് താനോ പിണറായി വിജയനോ, എം കെ സ്റ്റാലിനോ ആകാമെന്നും വ്യക്തമാക്കി.
ഡൽഹിയിൽ എഎപി സർക്കാർ വൈദ്യുതി സൗജന്യമായി നൽകി. രാജ്യത്ത് ഏറ്റവും കൂടുതൽ വൈദ്യുത ചാർജ്ജ് ഉള്ളത് ഗുജറാത്തിലും മധ്യപ്രദേശിലുമാണ്. വൈദ്യുതി വിലകുറച്ച് വിൽക്കുന്നവരെ കള്ളന്മാരാക്കുന്ന സാഹചര്യമാണ് നാട്ടിലുള്ളതെന്നും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
ബിജെപി ഇതര സംസ്ഥാന സർക്കാരുകളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെയാണ് കേരളം ഡൽഹിയിൽ സമരം സംഘടിപ്പിച്ചത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി. അവകാശ ലംഘനത്തിന് എതിരാണ് ഈ സമരം. വിവിധ മേഖലകളിൽ കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരം കവരാൻ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ഫെഡറൽ ഘടകങ്ങൾ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്നും പിണറായി വിജയൻ പറഞ്ഞു.
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷ്ണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള, തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ, ഡിഎംകെ രാജ്യസഭാകക്ഷി നേതാവ് തിരുച്ചി ശിവ എന്നിവരും സമരവേദിയിൽ എത്തിചേർന്നിട്ടുണ്ട്. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരും സമരവേദിയിൽ സന്നിഹിതരായിരുന്നു.
അതേസമയം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കാനുള്ള ചരിത്രസമരമാണ് കേരളം ഡൽഹിയിൽ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവരുന്നു. സംസ്ഥാനങ്ങളെ തുല്യതയോടെ പരിഗണിക്കുന്ന പുലരിക്കുവേണ്ടിയുള്ള പുതിയ സമരത്തിന്റെ തുടക്കമാണിത്. ഇന്നത്തെ ദിവസം ഇന്ത്യാചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്ന ദിവസമായി മാറുമെന്നും ജന്തർമന്തറിലെ പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ നിരന്തര അവഗണനക്കെതിരെ രാജ്യതലസ്ഥാനത്ത് കേരളത്തിന്റെ പ്രതിഷേധത്തിന് വൻ പിന്തുണയാണ് കിട്ടിയത്. കേരള ഹൗസിൽ നിന്നും ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത്.
മറുനാടന് ഡെസ്ക്