ജയ്പുർ: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിതന്നെ വരണമെന്ന് ആവർത്തിച്ചു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇത് രാജ്യത്തെ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ വികാരം മനസ്സിലാക്കി സ്ഥാനമേറ്റെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണം. അദ്ദേഹം അതിന് തയ്യാറായില്ലെങ്കിൽ അത് പ്രവർത്തകർക്ക് വലിയ നിസ്സഹായത സൃഷ്ടിക്കും. പലരും വീട്ടിലിരിക്കാൻ തീരുമാനിക്കുമെന്നും ഗെഹ്ലോത് പറഞ്ഞു.

രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്ത് വരുന്നതിനെയാണ് പാർട്ടിക്കുള്ളിലും എല്ലാവരും സ്വാഗതംചെയ്യുക. ഗാന്ധി കുടുംബമാണോ അല്ലെയോ എന്നതല്ല പ്രശ്നമെന്നും പാർട്ടിയുടെ ആവശ്യമാണെന്നും ഗെഹ്ലോത് പറഞ്ഞു. കഴിഞ്ഞ 32 വർഷമായി ഗാന്ധി കുടുംബത്തിൽ നിന്ന് ഒരാൾ പോലും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടില്ല. പക്ഷേ, എന്നിട്ടും മോദി ഗാന്ധി കുടുംബത്തെ ഭയക്കുന്നു.

രാജ്യത്ത് 75 വർഷമായി ഒന്നും സംഭവിക്കുന്നില്ലെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറയുന്നത്. എന്തുകൊണ്ടാണ് എല്ലാവരും കോൺഗ്രസിനെ ആക്രമിക്കുന്നത്? ഇന്ത്യയുടേയും കോൺഗ്രസിന്റേയും ഡി.എൻ.എ ഒന്നായതുകൊണ്ടാണ്. സ്വാതന്ത്ര്യത്തിന് മുൻപും അതിന് ശേഷവും അത് സമാനമാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും എല്ലാ മതങ്ങളേയും ഒരുപോലെ കാണുന്നതും ഒരുമിച്ച് നിർത്തുന്നതും കോൺഗ്രസ് മാത്രമാണ്- ഗെഹ്ലോത് പറഞ്ഞു. 75 വർഷമായി രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കുന്നത് കോൺഗ്രസാണ്. അതിനാലാണ് മോദി പ്രധാനമന്ത്രിയും കെജ്രിവാൾ മുഖ്യമന്ത്രിയുമായത്.

രാജ്യത്തെ ജനാധിപത്യത്തെ 75 വർഷവും സംരക്ഷിച്ച് നിർത്തിയെന്നതാണ് ഇന്ത്യക്ക് കോൺഗ്രസ് പാർട്ടി നൽകിയ ഏറ്റവും വലിയ സംഭാവന. അടുത്ത വർഷം രാജസ്ഥാനിൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്നും 2024-ൽ കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നും ഗെഹ്ലോത് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭ സമരങ്ങൾ മോദിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ബിഹാറിൽ നിതീഷ് കുമാർ നൽകിയ തിരിച്ചടിയും മോദിയെ ബാധിച്ചിട്ടുണ്ട്, ഗെഹ്ലോത് പറഞ്ഞു.